ന്യൂഡല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ വകഭേദം ഭീതി പടര്‍ത്തുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കേന്ദ്രം. ആവശ്യമെങ്കില്‍ ജില്ലാതല നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ജില്ലാ ഭരണകൂടങ്ങള്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് രോഗ ബാധ തടയുന്നതിനുള്ള ഉചിതമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഒമിക്രോണ്‍ ഭീതി കണക്കിലെടുത്ത് പ്രാദേശിക നിയന്ത്രണങ്ങള്‍ ആവശ്യമെങ്കില്‍ ഏര്‍പ്പെടുത്തുന്നത് സംസ്ഥാനങ്ങള്‍ക്ക് പരിഗണിക്കാമെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചു. അവധിക്കാലത്ത് പ്രത്യേക ശ്രദ്ധ വേണമെന്നും നിര്‍ദ്ദേശത്തിലുണ്ട്. രാത്രി കര്‍ഫ്യൂ തിരികെ കൊണ്ടുവരുന്നത്,ഒത്തുചേരലുകള്‍ക്ക് നിയന്ത്രണം, വിവാഹചടങ്ങുകളിലും മറ്റും പങ്കെടുക്കാവുന്ന അതിഥികളുടെ എണ്ണം എന്നിവയില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാം. രോഗബാധ ഉയര്‍ന്ന് നില്‍ക്കുന്ന പ്രദേശങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങളാകാമെന്നും നിര്‍ദ്ദേശമുണ്ട്.