മസ്കത്ത്: 24 മണിക്കൂറിനിടെ 232 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗബാധിതരായി കഴിയുന്നവരുടെ എണ്ണം 1564. പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
മാസങ്ങള്‍ക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. ഇതുവരെ 3,06,240 ആളുകള്‍ക്കാണ് കോവിഡ് ബാധിച്ചത്. 27 പേര് പുതുതായി രോഗമുക്തി നേടി. ആകെ 3,00,559 ആളുകള്‍ക്ക് അസുഖം ഭേദമാകുകയും ചെയ്തു. 98.2 ശതമാനമാണ് രോഗമുക്തി നിരക്ക്. ആശുപത്രികളില്‍ കഴിയുന്നവരുടെ എണ്ണം 15 ആയി ഉയര്‍ന്നു. ഇതില്‍ അഞ്ചുപേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ചുപേരെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 4117 ആളുകളാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. ഒരിടവേളക്ക് ശേഷമാണ് രാജ്യത്ത് വീണ്ടും കേസുകള്‍ കുതിച്ചുയരുന്നത്. ഡിസംബര്‍ 30വരെ 935 ആളുകള്‍ക്കായിരുന്നു കോവിഡ് പിടിപെട്ടത്. എന്നാല്‍, കഴിഞ്ഞ നാലു ദിവസത്തിനിടെ മാത്രം 729 പേര്‍ക്കാണ് കോവിഡ് പിടിപെട്ടത്. അതേസമയം, കോവിഡിനെതിരെയുള്ള ബൂസ്റ്റര്‍ ഡോസ് വിവിധ ഗവര്‍ണറേറ്റുകളില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും നല്‍കുന്നത് ഊര്‍ജിതമായി തുടരുകയാണ്.
ബാത്തിന ഗവര്‍ണറേറ്റിലും ബുറൈമിയിലുമായി നടന്ന ക്യാമ്ബുകളില്‍ നിരവധി വിദേശികളാണ് വാക്സിനെടുക്കാന്‍ എത്തിയത്. ബുറൈമി ഗവ. ഹോസ്പിറ്റലിന് സമീപമത്തെ സി.ഡി.സിയിലാണ് കഴിഞ്ഞ രണ്ട് ദിവസമായി ബൂസ്റ്റര്‍ ഡോസ് നല്‍കിയത്. നല്ല തിരക്കായിരുന്നു. കനത്ത മഴയെപോലും അവഗണിച്ച് സ്വദേശികളും വിദേശികളുമായി നിരവധിപേരാണ് എത്തിയത്. തെക്കന്‍ ബാത്തിനയില്‍ ജനുവരി ആറുവരെ റുസ്താഖ് വിലായത്തിലാണ് വാക്സിന് നല്‍കുന്നത്. രാവിലെ എട്ട് മുതല്‍ ഉച്ച 1.30വരെയാണ് സമയം. ഒന്നും രണ്ടും ഡോസ് എടുക്കാത്തവര്‍ക്കും ഇവിടന്ന് വാക്സിന് സ്വീകരിക്കാമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ആരോഗ്യമന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയോ തറാസൂദിലൂടെയോ മുന്‍കുട്ടി ബുക്ക് ചെയ്യണം. അതേസമയം, പഴയ മസ്കത്ത് വിമാനത്താവളം കെട്ടിടത്തില്‍ നടന്നിരുന്ന വാക്സിന് ക്യാമ്ബ് കനത്ത മഴയെ തുടര്‍ന്ന് ചൊവ്വാഴ്ച താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.