റോഡ് മാർഗം അതിർത്തി കടന്ന് മസ്ക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്ക് പുതിയ നിർദേശവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഒമാൻ എയർ.വിമാനം പുറപ്പെടുന്നതിന് കുറഞ്ഞത് 12 മണിക്കൂർ മുമ്പെങ്കിലും അതിർത്തിയില്‍ എത്തിച്ചേരണമെന്നാണ് നിർദേശം. അമേരിക്ക- ഇസ്രായേല്‍- ഇറാൻ സംഘർഷത്തെത്തുടർന്ന് അതിർത്തി ചെക്ക് പോസ്റ്റുകളില്‍ കനത്ത തിരക്കാണ് അനുഭപ്പെടുന്നത്.

അതുകൊണ്ടുതന്നെ നടപടി ക്രമങ്ങള്‍ പൂർത്തീകരിക്കാൻ കൂടുതല്‍ സമയമെടുക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് കുറഞ്ഞത് 12 മണിക്കൂർ മുമ്പെങ്കിലും യാത്രക്കാർ അതിർത്തിയില്‍ എത്തിച്ചേരണമെന്ന് നിർദേശം നല്‍കിയിരിക്കുന്നത്. യുദ്ധ സാഹചര്യത്തില്‍ വിമനങ്ങള്‍ റദ്ദാക്കിയതിന് പിന്നാലെ ഒമാൻ എയറും സലാം എയറും യുഎഇയില്‍ കുടുങ്ങിയവരെ സഹായിക്കാനായി രംഗത്ത് എത്തിയിരുന്നു. ഷാർജയില്‍നിന്ന് മസ്ക്കത്തിലേക്ക് യാത്രക്കാർക്കായി പ്രത്യേക ബസ് സർവ്വീസ് വിമാന കമ്പനികള്‍ ഏർപ്പെടുത്തിയിരുന്നു. ജിസിസി രാജ്യങ്ങളിലെ നിയന്ത്രണങ്ങള്‍ തുടരുന്ന പശ്ചാത്തലത്തിലായിരുന്നു റോഡ് മാർഗമുളള ഈ ബദല്‍ സംവിധാനം ഒരുക്കിയിരുന്നത്. തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി പുറത്തുവിട്ട യാത്രാ നിർദ്ദേശത്തിലാണ് വിമാനക്കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്.ഒമാൻ എയർ തങ്ങളുടെ യാത്രക്കാർക്കായി ഇളവുകളും ഒരുക്കിയിട്ടുണ്ട്.
മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് വിമാനയാത്രക്കാർക്ക് ‘ഫ്ലെക്സിബിള്‍’ ടിക്കറ്റ് ബുക്കിങ് സൗകര്യമാണ് ഒമാൻ എയർ ഒരുക്കിയിട്ടുള്ളത്. യാത്രക്കാർക്ക് തങ്ങളുടെ യാത്രാ തീയതികള്‍ 2026 മാർച്ച് 29 വരെയുള്ള ഏത് ദിവസത്തേക്കും സൗജന്യമായി മാറ്റാവുന്നതാണ്. ഇതിനായി അധിക നിരക്ക് നല്‍കേണ്ടതില്ല. ടിക്കറ്റിലെ തുക ഉപയോഗിച്ച് തന്നെ ഒമാൻ എയറിന്റെ ഏത് സെക്ടറിലേക്കും ബുക്കിങ് മാറ്റാനും സാധിക്കും. 2026 മാർച്ച് 8-നോ അതിന് മുമ്പോ യാത്ര നിശ്ചയിച്ചിരുന്നവർക്ക്, ഉപയോഗിക്കാത്ത ടിക്കറ്റുകള്‍ക്ക് പൂർണ്ണമായ റീഫണ്ടും ലഭിക്കും. ഒമാൻ എയർ വെബ്സൈറ്റിലെ ‘മാനേജ് ബുക്കിംഗ്’ പോർട്ടല്‍ വഴി ഇതിനായി അപേക്ഷിക്കാം. ഭാഗികമായി ഉപയോഗിച്ച ടിക്കറ്റുകള്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി റീഫണ്ട് ലഭിക്കുന്നതാണ്. ട്രാവല്‍ ഏജന്റുകള്‍ വഴിയോ മറ്റ് വെബ്സൈറ്റുകള്‍ വഴിയോ ടിക്കറ്റ് എടുത്തവർ അവരുമായി നേരിട്ട് ബന്ധപ്പെടേണ്ടിവരും.മാർച്ച് 7 മുതല്‍ 16 വരെ ലണ്ടൻ ഹീത്രോ എയർപോർട്ടില്‍നിന്നും, മാർച്ച് 9 മുതല്‍ 16 വരെ ഇൻസ്താൻബുള്‍, മാർച്ച് 8 മുതല്‍ 15 വരെ ബാങ്കോക്ക്, മാർച്ച് 8 മുതല്‍ 11 വരെ കോലാലംപൂർ, മാർച്ച് 8 മുതല്‍ 15 വരെ കയ്റോ, മാർച്ച് 7 മുതല്‍ 8 വരെ മുംബൈ എന്നീ എയർപോർട്ടുകളില്‍നിന്ന് ഒമാൻ എയറിൻ്റെ അഡീഷണല്‍ സർവ്വീസുകള്‍ ഉണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.അമേരിക്ക-ഇസ്രായേല്‍-ഇറാൻ സംഘർഷത്തെത്തുടർന്ന് കുടുങ്ങിപ്പോയ യാത്രക്കാരെ സഹായിക്കുന്നതിനായി മാർച്ച് 5 വ്യാഴാഴ്ച മുതല്‍ മസ്കറ്റില്‍ നിന്നും റിയാദില്‍ നിന്നും പരിമിതമായ എണ്ണം വിമാനങ്ങള്‍ സർവീസ് നടത്തുമെന്ന് ഖത്തർ എയർവേയ്സും അറിയിച്ചിട്ടുണ്ട്.
ഈ പ്രത്യേക വിമാനങ്ങളെക്കുറിച്ച് ഖത്തർ എയർവേയ്സ് യാത്രക്കാരെ നേരിട്ട് ബന്ധപ്പെട്ട് കാര്യങ്ങള്‍ അറിയിക്കും. അറിയിപ്പ് ലഭിക്കാതെ ആരും വിമാനത്താവളത്തിലേക്ക് പോകരുതെന്ന് ഖത്തർ എയർവെയ്സ് നിർദേശം നല്‍കിയിട്ടുണ്ട്. ദോഹയില്‍ നിന്ന് ഏകദേശം 10 മണിക്കൂർ യാത്രാദൂരമുള്ള ഒമാൻ തലസ്ഥാനമായ മസ്കറ്റില്‍ നിന്നുള്ള വിമാനങ്ങള്‍ ലണ്ടൻ ഹീത്രൂ വിമാനത്താവളം, ബെർലിൻ, കോപ്പൻഹേഗൻ, മാഡ്രിഡ്, റോം, ആംസ്റ്റർഡാം എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തും. ദോഹയില്‍ നിന്ന് 7 മണിക്കൂർ യാത്രാദൂരമുള്ള റിയാദില്‍ നിന്ന് ഫ്രാങ്ക്ഫർട്ടിലേക്കും ഖത്തർ എയർവേയ്സ് വിമാനങ്ങള്‍ അയക്കും. യുഎഇയിലോ ഒമാനിലോ ഉള്ള, നേരത്തെ ബുക്കിംഗ് ഉള്ളവർക്കായി ബ്രിട്ടീഷ് എയർവേയ്സ് മസ്കറ്റില്‍ നിന്ന് പ്രത്യേക സർവീസ്ആരംഭിച്ചിട്ടുണ്ട്. മാർച്ച് 5, 6, 7 തീയതികളിലെ വിമാനങ്ങള്‍ നിലവില്‍ പൂർണ്ണമായും ബുക്ക് ചെയ്യപ്പെട്ടു കഴിഞ്ഞെന്നാണ് റിപ്പോർട്ട്.