ബെംഗളൂരു : മെട്രോ പർപ്പിൾലൈനിലെ പുതിയ പാതകളായ ബൈയ്യപ്പനഹള്ളി കെ.ആർ. പുരം, കെങ്കേരി- ചല്ലഘട്ട പാതകൾ പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച ഔദ്യോഗികമായി ഉദ്ഘാടനംചെയ്യും. രാജ്യത്തെ മെട്രോയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിനോടൊപ്പമാണ് പർപ്പിൾ ലൈൻ പാതകളുടെയും ഉദ്ഘാടനം ഓൺലൈനായി അദ്ദേഹം നിർവഹിക്കുക. രാവിലെ 11.15-നാണ് ചടങ്ങ്.ഒക്ടോബർ ഒമ്പതുമുതൽ ഇരുപാതകളിലൂടെയുമുള്ള മെട്രോ സർവീസുകൾ തുടങ്ങിയിരുന്നു.
ഇതോടെ മെട്രോ യാത്രക്കാരുടെ എണ്ണവും കഴിഞ്ഞദിവസങ്ങളിൽ കുതിച്ചുയർന്നിരുന്നു.പണിപൂർത്തിയായിട്ടും ഉദ്ഘാടനം വൈകുന്നതിൽ പ്രതിഷേധമുയർന്നതോടെയാണ് പുതിയ പാതകളിലൂടെ മെട്രോ സർവീസുകൾ ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകളില്ലാതെ തുടങ്ങാൻ അധികൃതർ തീരുമാനിച്ചത്.വെള്ളിയാഴ്ച ഓൺലൈനായി നടക്കുന്ന ഉദ്ഘാടന ചടങ്ങുകളിൽ ക്ഷണിക്കപ്പെട്ട അതിഥികളും പങ്കെടുക്കും. കെ.ആർ. പുരം, കേങ്കേരി ഉൾപ്പെടെയുള്ള സ്റ്റേഷനുകളിൽ തത്സമയം ചടങ്ങ് വീക്ഷിക്കാനുള്ള സൗകര്യവുമൊരുക്കും
കൊല്ലാൻ വന്നവര്‍ക്ക് കാപ്പിയും ബിസ്ക്കറ്റും, 65കാരിയെ അഭിനന്ദിച്ച് ബൈഡൻ
കാപ്പിയും ബിസ്‌കറ്റും നല്‍കി ഹമാസ് തീവ്രവാദികളുടെ പിടിയില്‍ നിന്ന് സ്വന്തം ജീവൻ രക്ഷിച്ച 65 വയസുള്ള ഇസ്രയേല്‍ സ്ത്രീയെ അഭിനന്ദിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ.കഴിഞ്ഞ ദിവസം ഇസ്രയേല്‍ സന്ദര്‍ശനത്തിനിടെ ബൈഡനെ കാണാൻ ക്ഷണിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ റേച്ചല്‍ എഡ്രിയെന്ന സ്ത്രീയുമുണ്ടായിരുന്നു. റേച്ചലിന്റെ കഥ കേട്ട ബൈഡൻ അവരെ നേരിട്ട് അഭിനന്ദിച്ചു.റേച്ചലിനെയും ഭര്‍ത്താവ് ഡേവിഡിനെയും അഞ്ച് ഹമാസ് തീവ്രവാദികള്‍ അവരുടെ വീട്ടില്‍ 20 മണിക്കൂറോളം ബന്ദികളാക്കിയിരുന്നു.
റേച്ചലിന്റെ മകൻ പൊലീസ് ഓഫീസറാണ്. മകന്റെ നേതൃത്വത്തിലെ സംഘം വീട്ടില്‍ എത്തുന്നതുവരെ സംയമനം പാലിച്ചു നിന്നതാണ് റേച്ചലിന് തുണയായത്.കാപ്പിയും ബിസ്ക്കറ്റുകളും നല്‍കി സംഗീതം കേള്‍പ്പിച്ചും തമാശ പറഞ്ഞുംനിന്ന റേച്ചലിനെ ഹമാസ് തീവ്രവാദികള്‍ വധിച്ചില്ല. മകൻ പൊലീസിലാണെന്ന വിവരവും റേച്ചല്‍ മറച്ചുവച്ചു. മകനും സംഘവും വീടിന് പുറത്തെത്തിയപ്പോള്‍ ആംഗ്യത്തിലൂടെ തീവ്രവാദികളുടെ എണ്ണം റേച്ചല്‍ അറിയിച്ചു. ഇതിനിടെ തീവ്രവാദികള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും റേച്ചല്‍ ധൈര്യം കൈവിട്ടില്ല. തീവ്രവാദികളെ പൊലീസുകാര്‍ വധിച്ചതോടെയാണ് റേച്ചലും ഭര്‍ത്താവും സ്വതന്ത്രരായത്.