Home തിരഞ്ഞെടുത്ത വാർത്തകൾ കാറിന് നേരെ മുട്ടയേറ്; ലക്ഷ്യം തെറ്റിപ്പോയി മോനേ: കവര്‍ച്ചക്കാരെ വാളെടുത്ത് വിരട്ടി പ്രവാസി വനിത

കാറിന് നേരെ മുട്ടയേറ്; ലക്ഷ്യം തെറ്റിപ്പോയി മോനേ: കവര്‍ച്ചക്കാരെ വാളെടുത്ത് വിരട്ടി പ്രവാസി വനിത

by ടാർസ്യുസ്

ലൂധിയാനയിലെ വിജനമായ ഒരു റോഡില്‍ അരങ്ങേറിയ നാടകീയമായ രംഗങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. ഓസ്‌ട്രേലിയയില്‍ നിന്ന് അടുത്തിടെ പഞ്ചാബില്‍ തിരിച്ചെത്തിയ ഹർജിന്ദ് കൗർ എന്ന പ്രവാസി വനിതയാണ് ധീരമായ തന്‍റെ ഇടപെടലിലൂടെ സോഷ്യല്‍ മീഡിയയുടെ കൈയടി നേടുന്നത്.തന്‍റെ അമ്മയ്ക്കും അമ്മായിക്കുമൊപ്പം കാറില്‍ യാത്ര ചെയ്യുകയായിരുന്ന ഹർജിന്ദിനെ രണ്ട് ബൈക്ക് യാത്രക്കാർ പിന്തുടരുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം.പലതവണ വഴി കൊടുത്തിട്ടും മറികടന്നു പോകാതെ ഈ സംഘം കാറിനെ പിന്തുടരുന്നത് കണ്ടപ്പോള്‍ തന്നെ എന്തോ അപകടം വരാനിരിക്കുന്നു എന്ന് അവർക്ക് മനസിലായി.യാത്രയ്ക്കിടെ അപ്രതീക്ഷിതമായി അക്രമികള്‍ കാറിന്‍റെ മുൻവശത്തെ ഗ്ലാസിലേക്ക് മുട്ടകള്‍ എറിഞ്ഞു. ഡ്രൈവറുടെ കാഴ്ച മറച്ച്‌ വണ്ടി നിർത്താനായിരുന്നു ഇവരുടെ പദ്ധതി.ഇതോടെ കാറിനുള്ളിലുണ്ടായിരുന്ന മുതിർന്ന സ്ത്രീകള്‍ പരിഭ്രാന്തരാകുകയും പുറത്തിറങ്ങരുതെന്ന് ഹർജിന്ദിനോട് നിലവിളിച്ചു പറയുകയും ചെയ്തു. എന്നാല്‍ പതറിപ്പോകുന്നതിന് പകരം അസാമാന്യമായ ധൈര്യമാണ് ഹർജിന്ദ് പുറത്തെടുത്തത്.തന്‍റെ പക്കലുണ്ടായിരുന്ന വാളുമായി കാറില്‍ നിന്നിറങ്ങിയ അവർ അക്രമികള്‍ക്ക് നേരെ പാഞ്ഞടുത്തു. വാള്‍ വീശിക്കൊണ്ട് തന്നെ നേരിടാൻ വെല്ലുവിളിച്ച യുവതിയുടെ രൗദ്രഭാവം കണ്ട അക്രമികള്‍ അക്ഷരാർഥത്തില്‍ ഭയന്നുപോയി.ഒട്ടും പ്രതീക്ഷിക്കാത്ത ഈ തിരിച്ചടിയില്‍ പകച്ചുപോയ കവർച്ചാ സംഘം ഉടൻ തന്നെ ബൈക്ക് തിരിച്ച്‌ അവിടെനിന്ന് രക്ഷപെടുകയായിരുന്നു. ഈ സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ ഹർജിന്ദിന്‍റെ അമ്മായി മൊബൈലില്‍ പകർത്തിയിരുന്നു.വീഡിയോ വൈറലായതോടെ അവർ തിരഞ്ഞെടുത്ത ലക്ഷ്യം തെറ്റിപ്പോയി എന്ന ഹർജിന്ദിന്‍റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചയായി.സാധാരണക്കാരായ സ്ത്രീകളെ ലക്ഷ്യം വെക്കുന്ന ക്രിമിനലുകള്‍ക്കുള്ള ശക്തമായ മുന്നറിയിപ്പാണ് ഈ സംഭവമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട ലുധിയാന പൊലീസ് ഉടൻ തന്നെ നടപടിയെടുക്കുകയും സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.നിലവില്‍ ഇവർക്കെതിരെ കേസെടുത്ത് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. പ്രതികൂല സാഹചര്യത്തിലും ഭയത്തിന് കീഴടങ്ങാതെ ആയുധമേന്തി പോരാടിയ ഹർജിന്ദിനെ ഒരു യഥാർഥ പോരാളിയായാണ് ജനങ്ങള്‍ ഇപ്പോള്‍ വിശേഷിപ്പിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group