ബെംഗളൂരു: നൂറിലധികം വീടുകളില്‍ മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്‌ടാവ് പൊലീസ് പിടിയില്‍. ഹൊസന്നൂര്‍ സ്വദേശിയായ എസ്‌കേപ്പ് കാര്‍ത്തിക് എന്ന കാര്‍ത്തിക്കാണ് പിടിയിലായത്. ഇന്ന് (നവംബര്‍ 4) രാവിലെയാണ് ഇയാളെ ഗോവിന്ദരാജ നഗര്‍ പൊലീസ് അറസ്റ്റ് ചെയ്‌തത്.ആഢംബര ജീവിതത്തിന് വേണ്ടിയാണ് ഇയാള്‍ വീടുകള്‍ തോറും മോഷണം നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. കാമാക്ഷിപാളയ, ഹെന്നൂര്‍, കൊട്ടന്നൂര്‍ എന്നിവിടങ്ങളിലും മൈസൂരു, ഹാസൻ എന്നീ ജില്ലകളിലെ വിവിധയിടങ്ങളിലും നിരവധി വീടുകളിലാണ് ഇയാള്‍ മോഷണം നടത്തിയിട്ടുള്ളത്. മോഷണ കേസില്‍ 20 തവണ നേരത്തെ ബെംഗളൂരു പൊലീസ് ഇയാളെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്.
ബെംഗളൂരുവിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലും മോഷണം നടത്തിയിരുന്ന പ്രതി 2008ലും 2010ലും പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടത് കൊണ്ടാണ് ഇയാള്‍ എസ്കേപ്പ് കാര്‍ത്തിക് എന്ന് അറിയപ്പെടുന്നത്. മോഷണ കേസുകളില്‍ അറസ്റ്റിലാകുന്ന കാര്‍ത്തിക് ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം നടത്തുക പതിവായിരുന്നു.2008ല്‍ പരപ്പന അഗ്രഹാര സെൻട്രല്‍ ജയിലില്‍ ഭക്ഷണവുമായെത്തിയ വാഹനത്തില്‍ കയറിയും ഇയാള്‍ രക്ഷപ്പെട്ടിരുന്നു.2022 നവംബറിലാണ് കാര്‍ത്തിക്കിനെ ഹെന്നൂര്‍ പൊലീസ് അവസാനമായി അറസ്റ്റ് ചെയ്‌തത് .
നിലവില്‍ മറ്റൊരു കേസിന്‍റെ ആവശ്യത്തിനായി ഗോവയിലെത്തിയ പൊലീസ് അവിടെ വച്ചാണ് എസ്‌കേപ്പ് കാര്‍ത്തിക്കിനെ അറസ്റ്റ് ചെയ്‌തത്. മോഷണ കേസുകള്‍ സംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്. കവര്‍ച്ച കേസില്‍ ഇയാള്‍ക്കൊപ്പം മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്
ഓര്‍ഡര്‍ ചെയ്ത ബിരിയാണിയില്‍ കോഴിത്തല; പരാതിയുമായി അധ്യാപിക
തിരൂരില്‍ ഓര്‍ഡര്‍ ചെയ്ത ബിരിയാണിയില്‍ കോഴിത്തലയെന്ന പരാതിയുമായി അധ്യാപിക. തിരൂര്‍ ഏഴൂര്‍ പി.സി പടിയിലെ കളരിക്കല്‍ പ്രതിഭയ്ക്കാണ് ബിരിയാണിയില്‍ നിന്ന് കോഴിത്തല ലഭിച്ചത്.മുത്തൂരിലെ പൊറോട്ട സ്റ്റാളില്‍ നിന്ന് കഴിഞ്ഞ ദിവസം രാത്രിയാണ് ബിരിയാണി ഓര്‍ഡര്‍ ചെയ്തത്.നാല് ബിരിയാണിയാണ് ഓര്‍ഡര്‍ ചെയ്തത്. ഒരു പാക്കറ്റ് ബിരിയാണി തുറന്നുനോക്കിയപ്പോഴാണ് ബിരിയാണിക്കകത്ത് കോഴിത്തല കണ്ടത്. രണ്ട് ബിരിയാണി കുട്ടികള്‍ കഴിച്ച് കഴിഞ്ഞതിന് ശേഷം മൂന്നാമത്തെ പാര്‍സല്‍ പൊട്ടിച്ചപ്പോഴായിരുന്നു സംഭവം. തിരൂര്‍ നഗരസഭ ആരോഗ്യ വിഭാഗത്തിനും ഫുഡ് സേഫ്റ്റി ഓഫീസര്‍ക്കും പ്രതിഭ പരാതി നല്‍കിയിട്ടുണ്ട്. പരപ്പേരി സ്വാശ്രയ കോളജിലെ അദ്ധ്യാപികയാണ് പ്രതിഭ.