ബംഗളുരുവിൽ ആദ്യ എക്സ്ലൂസീവ് സർവീസ് സെന്റർ ആരംഭിച്ച് നത്തിങ്. ഒരു യുവ ബ്രാൻഡ് എന്ന നിലയിൽ വിശ്വാസ്യത ഉറപ്പുവരുത്തേണ്ടത് വളരെ പ്രധാനമാണെന്ന് നത്തിങ് ഇന്ത്യ ജനറൽ മാനേജറും വൈസ് പ്രസിഡന്റുമായ മനു ശർമ പറഞ്ഞു.ഇന്ത്യയിലെ ഉപഭോക്താക്കളോടുള്ള തങ്ങളുടെ പ്രതിബദ്ധതയും അവർക്ക് മികച്ച അനുഭവം നൽകുന്നതിനുള്ള അർപ്പണബോധവുമാണ് എക്സ്ക്ലൂസീവ് സർവീസ് സെന്ററിന് അവതരിപ്പിക്കുന്നതിലൂടെ പ്രകടമാവുന്നത് എന്നും മനുശർമ ഇന്ത്യൻ എക്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.ഡൽഹി, മുംബൈ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിൽ താമസിയാതെ എക്സ്ലൂസീവ് സർവീസ് സെന്ററുകൾ പ്രഖ്യാപിക്കും. 2024 ആവുമ്പോഴേക്കും രാജ്യത്ത് 20 സർവ്വീസ് സെന്ററുകളായി വർധിപ്പിക്കും. 2025 ആവുമ്പോഴേക്കും അത് 35 ആയി ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.
വിൽപനയ്ക്ക് ശേഷമുള്ള വിവിധ സേവനങ്ങൾ നൽകുന്നതിനൊപ്പം തന്നെ നത്തിങിന്റെ ഏറ്റവും പുതിയ ഉൽപന്നങ്ങളും ഒഫിഷ്യൽ ആക്സസറികളും സർവ്വീ സെന്ററുകളിൽ നിന്ന് ലഭിക്കും.നത്തിങിന്റെ ലോകത്തിലെ തന്നെ ആദ്യ എക്സ്ലൂസീവ് സർവീസ് സെന്ററാണ് ഇന്ദിര നഗറിൽ ആരംഭിച്ചിരിക്കുന്നത്. സേവനത്തിനായി കാത്തിരിക്കുന്നവർക്ക് പാക് മാൻ പോലുള്ള ഗെയിമുകൾ കളിച്ച് സമയം നീക്കാനും സൗകര്യമുണ്ടാവും.രാജ്യത്തുടനീളം 300 സർവീസ് സെന്ററുകൾ നത്തിങിന് ഉണ്ടെങ്കിലും എക്സ്ക്ലൂസീവ് സർവീസ് സെന്ററിൽ മികച്ച സേവനങ്ങളാണ് ലഭിക്കുക.
രണ്ട് മണിക്കൂർ കൊണ്ട് അറ്റകുറ്റപ്പണി ചെയ്ത് നൽകുന്നതുൾപ്പടെ ഇക്കൂട്ടത്തിലുണ്ടാവും. അതിന് സാധിച്ചില്ലെങ്കിൽ പകരം മറ്റൊരു ഫോൺ ഉപഭോക്താവിന് നൽകും. 19000 പിൻ കോഡുകളിൽ പിക്ക് അപ്പ് ഡ്രോപ്പ് സൗകര്യവും നത്തിങ് നൽകി വരുന്നുണ്ട്.എല്ലാ രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും ഉപഭോക്താക്കൾക്കായി നത്തിങ് സർവ്വീസ് ക്യാമ്പുകൾ സംഘടിപ്പിക്കും. ഇവിടെ ലേബർ ചാർജിലും ഘടകഭാഗങ്ങളുടെ വിലയിലും ഇളവുകളുണ്ടാവും. ഫോൺ വാങ്ങി ഏഴ് ദിവസത്തിനിടെ അവ എക്സ്ലൂസീവ് സ്റ്റോറുകളിൽ നിന്ന് മാറ്റി വാങ്ങുകയും ചെയ്യാം.