Home Featured കേരളത്തില്‍ ഓണത്തിന് നാട്ടിലെത്താന്‍ ടിക്കറ്റില്ല; വേണം സ്പെഷല്‍ ട്രെയിനുകള്‍

കേരളത്തില്‍ ഓണത്തിന് നാട്ടിലെത്താന്‍ ടിക്കറ്റില്ല; വേണം സ്പെഷല്‍ ട്രെയിനുകള്‍

നാട്ടിലെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുന്നില്‍ സ്പെഷല്‍ ട്രെയിനുകളുടെ കുറവ് വഴിമുടക്കുന്നു. ദക്ഷിണ റെയില്‍വേ ആകെ ആറ് ട്രെയിനുകളും പത്ത് സര്‍വീസുകളുമാണ് അനുവദിച്ചത്. ഇതില്‍ താംബരം – മംഗളൂരു സ്‌പെഷല്‍ (06041) മാത്രമാണ് ജില്ലയിലൂടെ കടന്നുപോവുന്നത്. സെപ്തംബര്‍ രണ്ടിന് ഉച്ചയ്ക്ക് 1.30ന് താംബരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ മൂന്നിന് പുലര്‍ച്ചെ 1.40ന് തിരൂരിലെത്തും. വൈകിട്ട് പുറപ്പെട്ട് അതിരാവിലെ എത്തുന്ന ട്രെയിനുകളില്‍ ബുക്ക് ചെയ്യാനാണ് യാത്രക്കാര്‍ക്ക് താത്പര്യം.

ഒന്നാം ഓണത്തിന്റെ തൊട്ട് മുമ്ബ് നാട്ടിലെത്താനാണ് മിക്കവരുടെയും ശ്രമം. എന്നാല്‍ ഈ ദിവസങ്ങളില്‍ സ്പെഷല്‍ ട്രെയിനുകളില്ല. ബംഗളൂരു, മുംബയ് എന്നിങ്ങനെ മലയാളികള്‍ ഏറെയുള്ള ഇടങ്ങളില്‍ നിന്ന് തിരൂരില്‍ സ്‌റ്റോപ്പുള്ള ഒരു സ്‌പെഷല്‍ ട്രെയിന്‍ പോലുമില്ല. സ്ഥിരം ട്രെയിനുകളിലൊന്നും ടിക്കറ്റില്ലെന്ന് യാത്രക്കാര്‍ പറയുന്നു.

താംബരം – മംഗളൂരു സ്‌പെഷല്‍, താംബരം – കൊച്ചുവേളി സ്‌പെഷല്‍, എറണാകുളം ജംഗ്ഷന്‍ – ചെന്നൈ സെന്‍ട്രല്‍ സ്‌പെഷല്‍, നാഗര്‍കോവില്‍ – ചെന്നൈ എഗ്‌മൂര്‍ സ്‌പെഷല്‍, കൊച്ചുവേളി – എസ്.എം.വി.ടി ബംഗളൂരു സ്പെഷല്‍, ചെന്നൈ എഗ്‌മൂര്‍ – നാഗര്‍കോവില്‍ സ്‌പെഷല്‍, എന്നിവയാണ് ഓണത്തോട് അനുബന്ധിച്ച്‌ അനുവദിച്ചവ. ഇതില്‍ താംബരം – മംഗളൂരു സ്‌പെഷല്‍ മാത്രമാണ് ജില്ല വഴി കടന്നുപോവുന്നത്.

ടിക്കറ്റിന് ഇടിയോടിടി

ഒന്നാം ഓണത്തിന് മുന്‍പേ നാട്ടിലെത്താനുള്ള ആഗ്രഹത്തില്‍ നേരത്തെ തന്നെ കൂടുതല്‍ പേര്‍ ടിക്കറ്റെടുത്തതോടെ സെപ്തംബര്‍ അഞ്ചുമുതല്‍ തിരുവോണ ദിവസമായ എട്ട് വരെ സ്ഥിരം ട്രെയിനുകളിലൊന്നും ടിക്കറ്റില്ല. യശ്വന്ത്പൂര്‍ – കണ്ണൂര്‍ എക്സ്പ്രസില്‍ ഇന്നലെ ഉച്ചയോടെ തന്നെ സ്ലീപ്പറില്‍ വെയ്റ്റിംഗ് ലിസ്റ്റ് 170 പിന്നിട്ടു. തേര്‍ഡ് എ.സി, ടു ടയര്‍ എ.സി എന്നിവയിലും ടിക്കറ്റില്ല. യശ്വന്ത്പൂര്‍ – മംഗളൂരു എക്സ്പ്രസില്‍ സെപ്തംബര്‍ അഞ്ച് മുതല്‍ ടിക്കറ്റില്ല. പിന്നീട് 12നാണ് ടിക്കറ്റുള്ളത്. ബംഗളൂരുവില്‍ നിന്ന് പാലക്കാട് വഴി പോരാമെന്ന് കരുതിയാലും ടിക്കറ്റില്ല. എറണാകുളം എക്സ്പ്രസില്‍ സെക്കന്റ് സീറ്റിംഗ് ക്ലാസില്‍ മാത്രം ഏതാനും ടിക്കറ്റുകളുണ്ട്. കൊച്ചുവേളി ഗരീബ്‌രഥിലും കൊച്ചുവേളി എക്സ്പ്രസിലും ഓണത്തോടനുബന്ധിച്ച്‌ ടിക്കറ്റില്ല. ബംഗളൂരു – എറണാകുളം എസ്.എഫ് എക്പ്രസിലും കന്യാകുമാരി എക്സ്പ്രസിലും ഇതാണ് അവസ്ഥ.

വേണം കൂടുതല്‍ ട്രെയിന്‍

ചെന്നൈയില്‍ നിന്ന് ഒരു സ്‌പെഷല്‍ അടക്കം അഞ്ച് ട്രെയിനുകള്‍ക്ക് തിരൂരില്‍ സ്റ്റോപ്പുണ്ട്. ചെന്നൈ സെന്‍ട്രല്‍ – മംഗളൂരു എക്സ്പ്രസ് (12685), വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്, മംഗളൂരു എക്സ്പ്രസ് എന്നിവയില്‍ ടിക്കറ്റ് വെയ്റ്റിംഗ് ലിസ്റ്റിലാണ്. കൂടുതല്‍ സ്പെഷല്‍ ട്രെയിനുകള്‍ അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍.

You may also like

error: Content is protected !!
Join Our WhatsApp Group