ബെംഗളൂരു∙ യാത്രാക്ലേശം രൂക്ഷമായ ഓണക്കാലത്ത് സ്പെഷൽ ട്രെയിൻ പ്രഖ്യാപനത്തിൽ മെല്ലെപ്പോക്ക് തുടർന്ന് റെയിൽവേ. മുൻ വർഷങ്ങളിൽ ഉത്രാടദിനത്തിലും മറ്റും അർധരാത്രി ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന രീതിയിൽ സ്പെഷൽ ട്രെയിൻ പ്രഖ്യാപിക്കുന്നതു പതിവായിരുന്നു. ബയ്യപ്പനഹള്ളി എസ്എംവിടിയിൽ നിന്ന് കൊച്ചുവേളിയിലേക്ക് എസി കോച്ചുകൾ മാത്രമുള്ള ട്രെയിനുകളിലെ ഉയർന്ന ടിക്കറ്റ് നിരക്കും ബുദ്ധിമുട്ടുണ്ടാക്കി.
30% വരെ അധിക നിരക്കാണ് സ്പെഷൽ ഫെയർ ട്രെയിനുകളിൽ ഈടാക്കുന്നത്. ദക്ഷിണ റെയിൽവേയാണ് കേരളത്തിലേക്ക് സ്പെഷൽ ട്രെയിൻ പ്രഖ്യാപിക്കേണ്ടതെന്ന നിലപാടിലാണ് ദക്ഷിണ പശ്ചിമ റെയിൽവേ. തിരുവോണം സെപ്റ്റംബർ 15നാണെങ്കിലും 12,13 തീയതികളിലാണ് നാട്ടിലേക്ക് മടങ്ങാൻ കൂടുതൽ തിരക്ക്. കേരളത്തിൽ നിന്ന് തിരിച്ച് 19 മുതൽ 22 വരെയാണ് കൂടുതൽ തിരക്ക്. വെള്ളി, ശനി ദിവസങ്ങളിൽ ബെംഗളൂരുവിൽ നിന്നും ഞായർ, തിങ്കൾ ദിവസങ്ങളിൽ നാട്ടിൽ നിന്നു തിരിച്ചും ട്രെയിനുകൾ ഏർപ്പെടുത്തിയാൽ കൂടുതൽ പേർക്ക് ഉപകാരപ്രദമാകും.
വന്ദേഭാരത് സ്പെഷൽ സ്ഥിരമാക്കുമോ?ബെംഗളൂരു കന്റോൺമെന്റ്–എറണാകുളം വന്ദേഭാരത് സ്പെഷൽ സർവീസ് ഓണക്കാലത്തേയ്ക്ക് നീട്ടണമെന്ന ആവശ്യത്തിലും തീരുമാനം വൈകുന്നു. ജൂലൈ 31ന് ആരംഭിച്ച ട്രെയിൻ നിലവിൽ ഈ മാസം 26 വരെയാണ് സർവീസ് നടത്തുക. യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് സ്പെഷൽ സർവീസ് സ്ഥിരമാക്കണമെന്നാണ് മലയാളി കൂട്ടായ്മകളുടെ ആവശ്യം.
ബെംഗളൂരു കന്റോൺമെന്റ്–എറണാകുളം ജംക്‌ഷൻ വന്ദേഭാരത് (06002) വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിൽ പുലർച്ചെ 5.30നു കന്റോൺമെന്റിൽ നിന്ന് പുറപ്പെട്ട് ഉച്ചകഴിഞ്ഞ് 2.20നു എറണാകുളത്തെത്തും. എറണാകുളം–ബെംഗളൂരു കന്റോൺമെന്റ് വന്ദേഭാരത് (06001) ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ ഉച്ചയ്ക്ക് 12.50നു എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാത്രി 10നു ബെംഗളൂരുവിലെത്തും.
സ്റ്റേഷൻ മാറ്റമില്ല; ഗരീബ്‌രഥ് ഇനി സെപ്റ്റംബർ 19ന്:യശ്വന്തപുര–കൊച്ചുവേളി ഗരീബ്‌രഥ് എക്സ്പ്രസിന്റെ (12257/12258) സ്റ്റേഷൻ മാറ്റാനുള്ള നീക്കം ഫലം കണ്ടില്ല. ഗരീബ്‌രഥിന്റെ ബെംഗളൂരുവിൽ നിന്നുള്ള സർവീസ് ഇനി സെപ്റ്റംബർ 19നും കൊച്ചുവേളിയിൽ നിന്നുള്ളത് 20നുമാണ് പുനരാരംഭിക്കുക. യശ്വന്തപുര സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായാണ് ഒരു മാസം ഗരീബ്‌രഥ് സർവീസ് പൂർണമായി റദ്ദാക്കുന്നതെന്നാണ് റെയിൽവേയുടെ വാദം.
എന്നാൽ ബയ്യപ്പനഹള്ളി എസ്എംവിടി, ബാനസവാടി എന്നീ സ്റ്റേഷനുകളിൽ നിന്ന് താൽക്കാലികമായി സർവീസ് തുടങ്ങാനുള്ള മലയാളി കൂട്ടായ്മകളുടെ ആവശ്യത്തോടും റെയിൽവേ അനുകൂല നിലപാട് സ്വീകരിച്ചില്ല. ആഴ്ചയിൽ 3 ദിവസമുള്ള ട്രെയിൻ സർവീസ് ഓണക്കാലത്ത് റദ്ദാക്കിയതാണ് മലയാളികൾക്ക് കനത്ത തിരിച്ചടിയാകുന്നത്.