Home Featured അഹിന്ദുക്കളുടെ വാഹനങ്ങള്‍ നിര്‍ത്തിയിടരുത് ! കര്‍ണാടകയില്‍ ക്ഷേത്രത്തിന് സമീപം ബോര്‍ഡ് സ്ഥാപിച്ചു

അഹിന്ദുക്കളുടെ വാഹനങ്ങള്‍ നിര്‍ത്തിയിടരുത് ! കര്‍ണാടകയില്‍ ക്ഷേത്രത്തിന് സമീപം ബോര്‍ഡ് സ്ഥാപിച്ചു

ബംഗലൂരു: കര്‍ണാടകയില്‍ അഹിന്ദുക്കളുടെ വാഹനങ്ങള്‍ ക്ഷേത്രത്തിന് സമീപം നിര്‍ത്തിയിടരുതെന്ന വിദ്വേഷ പരാമര്‍ശങ്ങള്‍ അടങ്ങിയ ബോര്‍ഡ് സ്ഥാപിച്ചു. ബെല്‍ത്തങ്ങാടി താലൂക്കില്‍ സൗതഡ്ക മഹാഗണപതി ക്ഷേത്രത്തിന് സമീപം വെള്ളിയാഴ്ചയാണ് ബോര്‍ഡ് സ്ഥാപിച്ചതെന്ന് പരിസരവാസികള്‍ പറയുന്നു. ‘മറ്റു മതസ്ഥര്‍ ഹിന്ദുക്കളുടെ പുണ്യസ്ഥലമായ സൗതഡ്ക ക്ഷേത്ര പരിസരത്ത് പ്രവേശിച്ച്‌ ഹിന്ദു പെണ്‍കുട്ടികളെ ലൗ ജിഹാദിലേക്ക് വശീകരിച്ച്‌ മറ്റ് അതിക്രമങ്ങള്‍ നടത്തി. അതിനാല്‍, അഹിന്ദുക്കള്‍ ഓടിക്കുന്ന ഓട്ടോറിക്ഷകളും ടാക്സികളും ഉള്‍പ്പെടെ എല്ലാ വാഹനങ്ങളും സൗതഡ്ക ക്ഷേത്രത്തിലേക്കുള്ള റോഡില്‍ നിരോധിച്ചിരിക്കുന്നു.’ എന്നീ പരാമര്‍ശങ്ങളാണ് ബോര്‍ഡില്‍ ഉള്ളത്.

സംഭവത്തില്‍ പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ക്ക് ദക്ഷിണ കന്നഡ ജില്ല പൊലീസ് നോട്ടീസ് അയച്ചു. ബോര്‍ഡ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് സൂപ്രണ്ട് ഋഷികേശ് സോനവാനെ പറഞ്ഞു. ബോര്‍ഡ് സ്ഥാപിക്കാന്‍ പ്രാദേശിക ഭരണകൂടത്തില്‍ നിന്ന് ആവശ്യമായ അനുമതി വാങ്ങിയിട്ടുണ്ടോയെന്നത് ഉള്‍പ്പെടെ അന്വേഷിക്കാന്‍ ലോക്കല്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും സോനവാനെ പറഞ്ഞു.

അതേസമയം, തങ്ങള്‍ ബോര്‍ഡ് സ്ഥാപിച്ചിട്ടില്ലെന്നും ചില ഹിന്ദുത്വ സംഘടനകളാണ് ഇതിന് പിന്നിലെന്നും ക്ഷേത്രം അധികൃതര്‍ വ്യക്തമാക്കി. വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്‌.പി), ബജ്‌റംഗ്ദള്‍, ഹിന്ദു ജാഗരണ് വേദികെ എന്നീ സംഘടനകളുടെ പേരുകളാണ് ബോര്‍ഡില്‍ ഉള്ളതെന്നും ക്ഷേത്രം മാനേജ്‌മെന്റ് അംഗം മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തില്‍ മൂന്ന് സംഘടനകളും ഇതുവരെ പ്രതികരിച്ചിട്ടില്ല.

മാര്‍ച്ച്‌ മുതല്‍ കര്‍ണാടകയിലെ എട്ട് ക്ഷേത്രങ്ങള്‍ക്ക് സമീപം സമാനമായ ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു, കൂടാതെ, ക്ഷേത്രോത്സവങ്ങളില്‍ മുസ്ലീം വ്യാപാരികളെ വിലക്കിയിരുന്നു. ഉഡുപ്പി, ദക്ഷിണ കന്നഡ, ശിവമൂഗ ജില്ലകളിലെ ക്ഷേത്രങ്ങള്‍ക്ക് പുറത്ത് വിലക്ക് പ്രഖ്യാപിച്ച്‌ ബോര്‍ഡുകള്‍ ഉയര്‍ന്നിരുന്നു. ‘ഭരണഘടനാ വിരുദ്ധര്‍ക്കും കന്നുകാലികളെ കൊല്ലുന്നവര്‍ക്കും അനുവാദമില്ല’ എന്നാണ് ദക്ഷിണ കന്നഡ ജില്ലയില്‍ സ്ഥാപിച്ച ഒരു ബോര്‍ഡില്‍ എഴുതിയത്.

You may also like

error: Content is protected !!
Join Our WhatsApp Group