ബെംഗളുരു: കേരളത്തിൽ നിന്ന് കർണാടകയിലേക്ക് വരുന്നവർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിബന്ധനയിൽ ഇളവില്ലാത്തത് ബസ് സർവീസുകൾക്ക് തിരിച്ചടിയായി. യാത്രക്കാർ കുറഞ്ഞതോടെ സ്വകാര്യ ബസുകൾ മിക്കതും ഓട്ടം നിർത്തി. തെക്കൻ കേരളത്തിലേക്കും മലബാർ മേഖലയിലേക്കും 20 ശതമാനം സർവീസുകൾ മാത്രമാണ് നടത്തുന്നത്. വാരാന്ത്യങ്ങളിൽ പോലും കാര്യമായ തിരക്കില്ലാത്തതിനാൽ കനത്ത നഷ്ടം സഹിച്ചാണ് സർവീസ് നടത്തുന്നതെന്ന് മലബാർ ടൂറിസ്റ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സെക്രട്ടറി പി.കെ.ഫാറൂഖ് പറഞ്ഞു. കോവിഡ് രണ്ടാം തരംഗത്തിന് ശേഷം നവംബർ മുതലാണ് സ്വകാര്യ ബസുകളിൽ യാത്രക്കാർ കൂടിയത്. ഇതിനനുസരിച്ച് കൂടുതൽ സർവീസുകൾ ക്രമീകരിച്ചെങ്കിലും പിന്നാലെ മൂന്നാം തരംഗം കൂടി വന്നതോടെ വീണ്ടും യാത്രക്കാർ കുറഞ്ഞു. നോൺ എസി സർവീസുകളാണ് കൂടുതലും നടത്തുന്നത്. ബെംഗളൂരുവിൽ നിന്ന് കണ്ണൂർ ഭാഗത്തേക്ക് മാക്കൂട്ടം ചുരം പാത വഴി പോകുന്ന ബസുകൾ തിരിച്ച് വരുമ്പോൾ കാസർകോട് അതിർത്തിയിലെ സുള്ള വഴിയാണ് വരുന്നത്. 110 കിലോമീറ്റർ അധികം സഞ്ചരിക്കേണ്ടി വരുന്നുണ്ട്.
പ്രതിദിന സർവീസുകൾ വെട്ടിക്കുറച്ച് കേരള ആർടിസി കേരള, കർണാടക ആർടിസികൾ. നേരത്തെ 45 മുതൽ 60 സർവീസുകൾ വരെ നടത്തിയിരുന്ന കേരള ആർടിസി ഇപ്പോൾ വാരാന്ത്യങ്ങളിലുൾപ്പടെ ഇരുപതിൽ താഴെ സർവിസുകളാണ് നടത്തുന്നത്. കർണാടക ആർടിസിയും വാരാന്ത്യങ്ങളിൽ മാത്രമാണ് കൂടുതൽ സർവീസുകൾ നടത്തുന്നത്. Rtpcr നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉറപ്പുവരുത്തി മാത്രമേ കേരള ആർ ടിസി ബസിൽ വിവിധ ഡിപ്പോകളിൽ നി ന്ന് യാത്രക്കാരെ കയറ്റുന്നുള്ളു.
തിരക്കില്ലാതെ ട്രെയിനുകളും
കേരളത്തിലേക്കുള്ള പ്രതിദിന ട്രെയിനുകളിലും കാര്യമായ തിരക്കില്ല. പ്രവൃത്തിദിവസങ്ങളിൽ സ്ലീപ്പർ ക്ലാസിൽ ഉൾപ്പെടെ ടിക്കറ്റുകൾ ബാക്കിയാണ്. വാരാന്ത്യങ്ങളിൽ മാത്രമാണ് റിസർവേഷൻ വെയ്റ്റിങ് ലിസ്റ്റിലേക്ക് കടക്കുന്നത്. കെ സ് ആർ ബെംഗളൂരു-കന്യാകുമാരി എക്സ്പ്രസ്, യശ്വന്ത്പുര കണ്ണൂർ എക്സ്പ്രസ്, മൈസൂരു കൊച്ചുവേളി കെഎസ്ആർ-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ്സ് ട്രെയിനുകളിലാണ് ഭേദപ്പെ ബുക്കിങ്ങുള്ളത്. കെ എസ് ആർ കന്റോൺമെന്റ്, യശ്വന്ത്പുര സ്റ്റേഷനുകളിൽ യാത്രക്കാർക്കുള്ള rtpcr പരിശോധന ഊർജിതമാക്കിയിട്ടുണ്ട്.