ബംഗളൂരു: ജീവനക്കാർക്ക് മറ്റു കമ്പനികൾക്ക് വേണ്ടിയും പ്രവർത്തിക്കാമെന്ന് വ്യക്തമാക്കി ഐടി ഭീമനായ ഇൻഫോസിസ്. രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇൻഫോസിസ് മൂൺലൈറ്റിംഗിനെതിരെ കർശന നിലപാട് സ്വീകരിച്ച കമ്പനിയാണ്. ഒരു കമ്പനിയിൽ ജോലി ചെയ്യവേ മറ്റു കമ്പനികൾക്ക് വേണ്ടി പ്രവർത്തിക്കുന്നതിനെതിരെ ഇൻഫോസിസ് പ്രതികരിച്ചിരുന്നു. എന്നാൽ ഇപ്പോൾ ജീവനക്കാർക്ക് മറ്റ് കമ്പനികൾക്ക് വേണ്ടി പ്രവർത്തിക്കാമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇൻഫോസിസ്. എന്നാൽ ചില നിബന്ധനകളോടെ ആണെന്ന് മാത്രം. എച്ച് ആർ മാനേജരുടെയോ ജനറൽ മാനേജരുടെയോ അനുമതിയോടു കൂടി മാത്രമേ ജീവനക്കാർക്ക് മറ്റു കമ്പനികൾക്ക് വേണ്ടി ജോലി ചെയ്യാൻ അനുവാദം ഉണ്ടാകുകയുള്ളൂ.
മാത്രമല്ല കമ്പനിയുമായോ കമ്പനിയുടെ ക്ലയന്റുകളുമായോ മത്സരിക്കാത്ത അല്ലെങ്കിൽ താൽപ്പര്യ വൈരുദ്ധ്യം ഇല്ലാത്ത കമ്പനികൾക്ക് വേണ്ടി മാത്രമേ ജീവനക്കാർക്ക് പ്രവർത്തിക്കാൻ അനുമതി ഉണ്ടാവുകയുള്ളു. അതേസമയം ഇൻഫോസിസ് ഇപ്പോഴും മൂൺലൈറ്റിംഗിനെ എതിർക്കുന്നു എന്നും വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ ആദ്യത്തെ പ്രധാന സോഫ്റ്റ്വെയർ കമ്പനിയായ ഇൻഫോസിസ് എങ്ങനെ ബാഹ്യ ജോലികൾ ചെയ്യാമെന്നതിനെ കുറിച്ച് ജീവനക്കാർക്ക് മെയിൽ അയച്ചിട്ടുണ്ട്.
മൂൺലൈറ്റിംഗിനെ എതിർക്കുന്ന ഇൻഫോസിസ്, കഴിഞ്ഞ ഒരു വർഷത്തിനിടെ മൂൺലൈറ്റിംഗ് ചെയ്തതിനെ തുടർന്ന് ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു. മൂൺലൈറ്റിംഗിനെ പിന്തുണയ്ക്കുന്നില്ലെന്ന് ഇൻഫോസിസ് സി ഇ ഒ സലീൽ പരേഖ് ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, കമ്പനിക്ക് പുറത്ത് അവസരങ്ങൾ വരുമ്പോൾ നിബന്ധനകൾ പാലിച്ച് ജീവനക്കാർക്ക് അവരുടെ താല്പര്യത്തിന് അനുസരിച്ച് ജോലി ചെയ്യാം എന്ന് അദ്ദേഹം പറഞ്ഞു.
മൂൺലൈറ്റിംഗ് എന്താണ്?
ഒരു കമ്പനിയിൽ മുഴുവൻ സമയ ജോലി ചെയ്യവേ തൊഴിലുടമയുടെ അറിവില്ലാതെ മറ്റ് കമ്പനിയുടെ ജോലികൾ ഒരേസമയം ചെയ്യുന്നതിനെയാണ് മൂൺലൈറ്റിംഗ്.എന്ന് പറയുന്നത്. ഒരേ സമയം രണ്ട് കമ്പനിയുടെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നതിനെ മിക്ക കമ്പനികളും എതിർക്കാറുണ്ട്. ഇത് ഉത്പാദനക്ഷമതയും വിശ്വാസ്യതയും നഷ്ടപ്പെടുത്തുന്നതായി വിലയിരുത്തുന്നു.
പ്ലേറ്റ്ലെറ്റിന് പകരം ഡ്രിപ്പില് മൊസംബി ജ്യൂസ് കയറ്റിവിട്ടു; രോഗി മരിച്ചു; സ്വകാര്യ ആശുപത്രി സീല്‍ ചെയ്ത് ജില്ലാ അധികൃതര്‍; ശക്തമായ നടപടി വേണമെന്ന് കുടുംബം
ലക്നൗ: പ്ലേറ്റ് ലെറ്റിന് പകരം ഡ്രിപ്പിലൂടെ മൊസംബി ജ്യൂസ് കയറ്റിവിട്ടതിനെ തുടര്‍ന്ന് രോഗി മരിച്ചു. യുപിയിലെ പ്രയാഗ് രാജിലെ സ്വകാര്യ ആശുപത്രിയിലാണ് പിഴവ് സംഭവിച്ചത്.
ഡെങ്കിപ്പനി ബാധിച്ച രോഗിക്ക് പ്ലേറ്റ്ലെറ്റ് കുത്തിവെക്കുന്നതിനിടെയായിരുന്നു അബദ്ധം സംഭവിച്ചത്. സംഭവം അറിഞ്ഞതോടെ അടിയന്തിരമായി ഇടപെട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം അധികൃതര്‍ ആശുപത്രി സീല്‍ ചെയ്തു.
ആശുപത്രി ജീവനക്കാരുടെ ഭാഗത്ത് ഗുരുതരമായ പിഴവുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഗ്ലോബല്‍ ഹോസ്പിറ്റല്‍ ആന്‍ഡ് ട്രോമാകെയര്‍ ആശുപത്രി സീല്‍ ചെയ്തത്. പ്ലാസ്മ എന്ന് രേഖപ്പെടുത്തിയ ബാഗില്‍ മൊസംബി ജ്യൂസ് നിറച്ചുവെച്ചതാണ് അബദ്ധത്തിനിടയാക്കിയതെന്നാണ് വിലയിരുത്തല്‍. ഇത് ഡ്രിപ്പിലൂടെ ശരീരത്ത് കയറിയതോടെ രോഗിയുടെ നില വഷളായതായി ബന്ധുക്കള്‍ ആരോപിച്ചു. തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
32 കാരനായ യുവാവാണ് ആശുപത്രി ജീവനക്കാരുടെ അശ്രദ്ധ മൂലം മരിച്ചത്. സംഭവത്തില്‍ ശക്തമായ നടപടി വേണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ആശുപത്രി പൂട്ടി സീല്‍ ചെയ്തുവെന്നും പ്ലേറ്റ്ലെറ്റ് പായ്ക്കുകള്‍ പരിശോധനയ്ക്കായി അയച്ചുവെന്നും ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് വ്യക്തമാക്കി. റിപ്പോര്‍ട്ട് പുറത്തുവരുന്നതോടെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
എന്നാല്‍ രോഗിയുടെ പ്ലേറ്റ്ലെറ്റ് കൗണ്ട് 17,000 ത്തിലെത്തിയെന്നും ആശുപത്രിയില്‍ നിന്നുളള നിര്‍ദ്ദേശ പ്രകാരം ബന്ധുക്കള്‍ തന്നെയാണ് പ്ലേറ്റ്ലെറ്റ് ഏര്‍പ്പാടാക്കിയതെന്നുമാണ് ആശുപത്രി മാനേജ്മെന്റ് നല്കുന്ന വിശദീകരണം. മറ്റൊരു ആശുപത്രിയില്‍ നിന്നും അഞ്ച് യൂണിറ്റ് പ്ലേറ്റ്ലെറ്റുകള് ഇവര്‍ എത്തിക്കുകയായിരുന്നുവെന്നും മാനേജ്മെന്റ് പറയുന്നു.