റോഡപകടങ്ങളില്‍ ഇരകളാക്കപ്പെടുന്നവര്‍ക്ക് ഒരുലക്ഷം വരെ രൂപയുടെ സൗജന്യ ചികില്‍സ സഹായം പ്രഖ്യാപിച്ച് തമിഴ്‌നാട്. അപകടത്തില്‍ ഇരകളാകുന്നവര്‍ക്ക് ആദ്യ നാല്പ്പത്തെട്ടുമണിക്കൂറിനുള്ളില്‍ ചികിത്സയ്ക്കുവേണ്ട ചെലവ് സര്‍ക്കാര്‍ സൗജന്യമായി വഹിക്കുമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു.
സംസ്ഥാനത്തെ 406 സ്വകാര്യ ആശുപത്രികളും 201 സര്‍ക്കാര്‍ ആശുപത്രികളും അടക്കം 609 സ്ഥാപനങ്ങളെ പരസ്പരം ബന്ധപ്പെടുത്തിയാണ് റോഡപടങ്ങളില്‍ ഇരകളാക്കപ്പെടുന്നവരുടെ ജീവന്‍ രക്ഷിക്കാനുള്ള പുതിയ ഉദ്യമത്തിന് തമിഴ്നാട് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ഒരു ലക്ഷം രൂപ വരെയുള്ള എണ്‍പത്തിയൊന്നോളം ചികിത്സാക്രമങ്ങള്‍ സൗജന്യമായി നല്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രിയുടെ സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ അംഗമായവരെയും അല്ലാത്തവരേയും പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തും.
സംസ്ഥാനത്തെ ജനങ്ങള്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് തമിഴ്‌നാട്ടില്‍ എത്തിച്ചേരുന്നവര്‍ക്കും പദ്ധതിയുടെ ഗുണഭോക്താക്കളാകമെന്ന പ്രത്യേകതയുമുണ്ട്. സംസ്ഥാനത്തെത്തിച്ചേരുന്നവര്‍ക്ക് അപകടം നടന്ന് ആദ്യ നാല്പ്പത്തെട്ടുമണിക്കൂറിനുള്ളില്‍ പദ്ധതി പ്രകാരമുള്ള സൗജന്യ ചികിത്സ ലഭ്യമാകും. സിഎംഎച്ച്‌ഐഎസ് പദ്ധതിയിലുള്‍പ്പെട്ടവര്‍ക്ക് അതേ ആശുപത്രിയില്‍ തന്നെ തുടര്‍ ചികിത്സ ലഭ്യമാക്കും.
ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതികളിലും മറ്റും അംഗങ്ങളല്ലാത്തവര്‍ക്കും റോഡപകടങ്ങള്‍ സംഭവിക്കുമ്ബോള്‍ ആരോഗ്യനില സാധാരണ നിലയിലെത്തുന്നതുവരെ സൗജന്യ ചികിത്സയാണ് തമിഴ്‌നാട് സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നത്.