ന്യൂഡല്‍ഹി: കേരളത്തിലേക്ക് പോകാന്‍ അനുമതി തേടി അബ്ദുല്‍ നാസര്‍ മഅദനി നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി.
കര്‍ണാടക സര്‍ക്കാരിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് നടപടി. കേസ് വിചാരണഘട്ടത്തിലെന്നും ചില സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്നും കര്‍ണാടകം സുപ്രീംകോടതിയില്‍ അറിയിച്ചു. ജസ്റ്റിസ് എസ്. അബ്ദുല്‍ നസീര്‍ അധ്യക്ഷനായ ബെഞ്ച് കര്‍ണാടകത്തിന്റെ വാദം അംഗീകരിച്ചുകൊണ്ട് മഅദനിയുടെ ഹര്‍ജി തള്ളുകയായിരുന്നു.
ബെംഗളൂരു നഗരത്തിന് പുറത്തുപോകാന്‍ പാടില്ലെന്ന ജാമ്യവ്യവസ്ഥയില്‍ ഇളവ് വേണമെന്നും മഅദ്നി ആവശ്യപ്പെട്ടിരുന്നു.
ബംഗളൂരു സ്ഫോടനക്കേസിലാണ് ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി മഅദനി സുപ്രീംകോടതിയെ സമീപിച്ചത്. ആരോഗ്യപരമായ കാരണങ്ങളും കോവിഡ് സാഹചര്യവും ചൂണ്ടിക്കാട്ടി നാട്ടിലേക്ക് മടങ്ങാനുള്ള അനുമതി വേണമെന്നായിരുന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
2014 മുതല്‍ സുപ്രീം കോടതി നിര്‍ദേശിച്ച കടുത്ത നിബന്ധനകള്‍ക്ക് വിധേയമായുള്ള ജാമ്യത്തില്‍ ബെംഗളൂരുവില്‍ കഴിയുകയാണ് അദ്ദേഹം. ജാമ്യവ്യവസ്ഥകള്‍ പൂര്‍ണമായി പാലിച്ചാണ് താന്‍ കഴിയുന്നതെന്നും ഒട്ടനവധി രോഗങ്ങള്‍ മൂലം വലിയ പ്രയാസം നേരിടുന്നുവെന്നും ഹര്‍ജിയില്‍ പറഞ്ഞു. അടുത്തിടെ ഡോക്ടറുടെ നിര്‍ദേശപ്രകാരം സര്‍ജറിക്ക് വിധേയമായി. കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ വിചാരണ നടപടിക്രമങ്ങള്‍ നീളാനുള്ള സാധ്യതയുണ്ട്. തന്റെ സാന്നിധ്യം ആവശ്യമില്ലാതെ ഇനിയുള്ള വിചാരണ നടപടിക്രമങ്ങള്‍ തുടരാന്‍ കഴിയും. ആവശ്യമാകുമ്ബോഴൊക്കെ കോടതിയില്‍ ഹാജരാകും. രോഗിയായ പിതാവിനെ സന്ദര്‍ശിക്കാനും പരിചരിക്കാനുമുള്ള സാഹചര്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.