ബെംഗളൂരു: നഗരത്തിലെ ഇത്തവണത്തെ പുതുവത്സരാഘോഷങ്ങൾക്ക് അനുമതി നൽകുന്നത് കോവിഡ് സാഹചര്യം വിലയിരുത്തിയ ശേഷമായിരിക്കുമെന്ന് ബി.ബി.എം.പി. ചീഫ് കമീഷണർ ഗൗരവ് ഗുപ്ത അറിയിച്ചു. അടുത്ത പത്ത് ദിവസത്തിനകം ബെംഗളൂരുവിലെ കോവിഡ് സാഹചര്യം സംബന്ധിച്ച് വ്യക്തമായ ചിത്രം ലഭിക്കുമെന്നും കോവിഡ് കേസുകളുടെ എണ്ണത്തെ ആശ്രയിച്ചായിരിക്കും നിയന്ത്രണമേർപ്പെടുത്തുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു .
കോവിഡിന്റെ ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്തതോടെ നഗരത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ ഒരുങ്ങുകയാണ് സർക്കാർ . നഗരത്തിൽ കോവിഡ് ക്ലസ്റ്ററുകൾ വർധിക്കുന്നതിനാലും ബെംഗളൂരു റൂറൽ, അർബൻ ജില്ലകളിലടക്കം നിരീക്ഷണം ശക്തമാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും ബി.ബി.എം.പി. ചീഫ് പറഞ്ഞു. കോവിഡ് വ്യാപനത്തെ തുടർന്ന് ബെംഗളൂരു ബ്രിഗേഡ് റോഡിലെ പുതുവത്സരാഘോഷങ്ങൾ കഴിഞ്ഞ വർഷം ഒഴിവാക്കിയിരുന്നു.സമാന സാഹചര്യങ്ങൾ നില നിൽക്കുന്നതിനാൽ ഇത്തവണയും നിയന്ത്രണങ്ങൾ ഉണ്ടായേക്കുമെന്നാണ് സൂചന