ഇന്ത്യയില്‍ ആഴ്ചയില്‍ നാല് പ്രവൃത്തിദിനങ്ങള്‍ (four-day work) എന്നത് ഉടന്‍ യാഥാര്‍ത്ഥ്യമായേക്കാം. വേതനം (wages), സാമൂഹ്യ സുരക്ഷ (social security), വ്യാവസായിക ബന്ധങ്ങള്‍ (industrial relations), തൊഴില്‍ സുരക്ഷ (occupation safety) എന്നിവയുമായി ബന്ധപ്പെട്ട നാല് പുതിയ തൊഴില്‍ ചട്ടങ്ങള്‍ (labour codes) കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ നടപ്പിലാക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
2022ല്‍ ആരംഭിക്കുന്ന അടുത്ത സാമ്ബത്തിക വര്‍ഷത്തില്‍ ഇത് പ്രാബല്യത്തില്‍ വരുമെന്ന് ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കുറഞ്ഞത് 13 സംസ്ഥാനങ്ങളെങ്കിലും ഈ നിയമങ്ങളുടെ കരട് നിയമങ്ങള്‍ മുന്‍കൂട്ടി പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഈ കോഡുകള്‍ക്ക് കീഴിലുള്ള നിയമങ്ങള്‍ക്ക് കേന്ദ്രം ഇതിനകം തന്നെ അന്തിമരൂപം നല്‍കിയിട്ടുണ്ട്.
തൊഴില്‍ ഒരു സമകാലിക വിഷയമായതിനാല്‍ സംസ്ഥാനങ്ങള്‍ അവരുടെ ഭാഗത്തുനിന്ന് വ്യവസ്ഥകള്‍ രൂപീകരിക്കേണ്ടതുണ്ട്. പുതിയ നിയമങ്ങള്‍ പ്രകാരം ഇന്ത്യയിലുടനീളമുള്ള ജീവനക്കാര്‍ക്ക് ഓരോ ആഴ്ചയിലും മൂന്ന് അവധി ദിവസങ്ങള്‍ ലഭിക്കും മറ്റ് നാല് ദിവസങ്ങള്‍ പ്രവൃത്തിദിനങ്ങള്‍ ആയിരിക്കും. ഈ ചട്ടങ്ങള്‍ക്ക് കീഴിലുള്ള നിയമങ്ങള്‍ക്ക് കേന്ദ്രം ഇതിനകം തന്നെ അന്തിമ രൂപം നല്‍കിയിട്ടുണ്ട്. തൊഴില്‍ എന്നത് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ യോജിച്ച് പ്രവര്‍ത്തിക്കേണ്ട വിഷയമായതിനാല്‍ ഇനി സംസ്ഥാനങ്ങളുടെ ഭാഗത്തു നിന്നുള്ള വ്യവസ്ഥകള്‍ വിഭാവനം ചെയ്യേണ്ടതുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
പുതിയ നിയമങ്ങള്‍ നടപ്പിലാക്കുകയാണെങ്കില്‍ രാജ്യത്തെ പൊതുവായുള്ള തൊഴില്‍ സംസ്‌കാരത്തില്‍ വലിയ മാറ്റം വരും. കൂടാതെ പ്രവൃത്തി ദിനങ്ങളുടെ എണ്ണം, ജീവനക്കാരന് കൈയില്‍ കിട്ടുന്ന ശമ്ബളം, ജീവനക്കാരുടെ ജോലി സമയം എന്നിവയിലും മാറ്റം വരും. നിലവില്‍ ആഴ്ചയില്‍ അഞ്ച് ദിവസത്തെ പ്രവൃത്തി ദിനങ്ങള്‍ എന്നിതില്‍ മാറ്റം വരും. ഇതില്‍ നിന്നും വ്യത്യസ്തമായി, ജീവനക്കാര്‍ക്ക് നാല് ദിവസം ജോലി ചെയ്താല്‍ മതിയാകും. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ അടുത്ത വര്‍ഷം മുതല്‍ ജീവനക്കാര്‍ക്ക് ആഴ്ചയില്‍ മൂന്ന് അവധി ദിനങ്ങള്‍ ആസ്വദിക്കാം.
‘നാല് തൊഴില്‍ ചട്ടങ്ങള്‍ 2022-23 സാമ്ബത്തിക വര്‍ഷത്തില്‍ നടപ്പിലാക്കാന്‍ സാധ്യതയുണ്ട്. കാരണം സംസ്ഥാനങ്ങള്‍ ഇവയുടെ കരട് ചട്ടങ്ങള്‍ക്ക് അന്തിമ രൂപം നല്‍കി കഴിഞ്ഞു. 2021 ഫെബ്രുവരിയോടെ കേന്ദ്രസര്‍ക്കാര്‍ ഈ ചട്ടങ്ങളുടെ കരട് നിയമങ്ങള്‍ക്ക് അന്തിമ രൂപം നല്‍കിയിരുന്നു. തൊഴില്‍ എന്നത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ട സമകാലീന വിഷയമായതിനാല്‍ ഈ നിയമങ്ങള്‍ ഒരുമിച്ച് നടപ്പിലാക്കണം എന്നാണ് കേന്ദ്രം സംസ്ഥനങ്ങളോട് ആവശ്യപ്പെടുന്നത് ‘ ഈ വിഷയവുമായി ബന്ധമുള്ള മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ ഒരാള്‍ പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ചട്ടത്തിന്റെ കരട് നിയമങ്ങള്‍ മാത്രമാണ് പ്രസിദ്ധീകരിച്ചിട്ടുള്ളതെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി ഭൂപേന്ദര്‍ യാദവ് കഴിഞ്ഞ ആഴ്ച രാജ്യസഭയില്‍ നല്‍കിയ മറുപടിയില്‍ പറഞ്ഞിരുന്നു.
24 സംസ്ഥാനങ്ങള്‍ വേതനം സംബന്ധിച്ച ചട്ടത്തിന്റെ കരട് നിയമങ്ങള്‍ മുന്‍കൂട്ടി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മധ്യപ്രദേശ്, ബിഹാര്‍, ഉത്തരാഖണ്ഡ്, കര്‍ണാടക, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ഒഡീഷ, പഞ്ചാബ്, ഛത്തീസ്ഗഢ്, ത്രിപുര, രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, അരുണാചല്‍ പ്രദേശ്, ഹിമാചല്‍ പ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, ഗോവ, മിസോറാം, തെലങ്കാന, അസം, മണിപ്പൂര്‍ , ജമ്മു കാശ്മീര്‍, പുതുച്ചേരി, ഡല്‍ഹി എന്നിവയാണത്.
13 സംസ്ഥാനങ്ങള്‍ തൊഴില്‍ സുരക്ഷ, ആരോഗ്യം, തൊഴില്‍ സാഹചര്യങ്ങള്‍ സംബന്ധിച്ച ചട്ടത്തിന്റെ കരട് നിയമങ്ങള്‍ മുന്‍കൂട്ടി പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഒഡീഷ,അരുണാചല്‍ പ്രദേശ്, ഹരിയാന, ജാര്‍ഖണ്ഡ്, പഞ്ചാബ്, മണിപ്പൂര്‍, ബീഹാര്‍, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍ എന്നിവയാണത്. പുതിയ തൊഴില്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ ജീവനക്കാരുടെ കൈയില്‍ കിട്ടുന്ന ശമ്ബളത്തില്‍ ( take home salary) കുറവ് വരുമെന്ന് ഈ രംഗത്തെ വിദഗ്ധരെ ഉദ്ധരിച്ചു കൊണ്ട് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ നിയമങ്ങള്‍ പ്രോവിഡന്റ് ഫണ്ട് കണക്കാക്കുന്ന രീതിയില്‍ മാറ്റം കൊണ്ടുവരാന്‍ പോകുന്നതിനാലാണിത്. മൊത്തം ശമ്ബളത്തിന്റെ 50 ശതമാനത്തില്‍ കൂടുതല്‍ അലവന്‍സുകള്‍ (allowances) പാടില്ല എന്നാണ് ഇതിലെ നിര്‍ദ്ദേശം എന്നാണ് ലഭ്യമാകുന്ന മറ്റൊരു സൂചന. അതായത് മൊത്തം ശമ്ബളത്തിന്റെ 50 ശതമാനമോ അതില്‍ കൂടുതലോ ആയിരിക്കണം അടിസ്ഥാന ശമ്ബളം. സാധാരണയായി, തൊഴിലുടമകള്‍ ശമ്ബളത്തിന്റെ അലവന്‍സ് ഇതര ഭാഗം (non-allowance) 50 ശതമാനത്തിന് താഴെയായി നിലനിര്‍ത്തും, അതിനാല്‍ ജീവനക്കാരുടെ കൈയിലേക്ക് കൂടുതല്‍ തുക എത്തും.
എന്നാല്‍, മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വന്നു കഴിഞ്ഞാല്‍, തൊഴിലുടമകള്‍ ജീവനക്കാരുടെ അടിസ്ഥാന ശമ്ബളം വര്‍ധിപ്പിക്കേണ്ടതായി വരും. ഇതോടെ ഗ്രാറ്റുവിറ്റി പേയ്മെന്റുകളും പ്രൊവിഡന്റ് ഫണ്ടിലേക്കുള്ള ജീവനക്കാരുടെ സംഭാവനയും ഉയരും. ജീവനക്കാരുടെ കൈകളിലേക്ക് ലഭിക്കുന്ന ശമ്ബളം (take home salary) കുറയുന്നതിന് ഇത് കാരണമാകും.
ഇതിനോടകം നാല് തൊഴില്‍ ചട്ടങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിട്ടുണ്ട്. 2019 ആഗസ്റ്റ് 8 നാണ് വേജ് കോഡ് 2019 സംബന്ധിച്ചുള്ള വിജ്ഞാപനം പുറത്തിറക്കിയത്. ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍ കോഡ് 2020, സോഷ്യല്‍ സെക്യൂരിറ്റി കോഡ് 2020, ലേബര്‍ സെക്യൂരിറ്റി, ഹെല്‍ത്ത്, വര്‍ക്കിങ് കണ്ടീഷന്‍സ് കോഡ്, 2020 എന്നിവയുമായി ബന്ധപ്പെട്ട വിജ്ഞാപനങ്ങള്‍ വന്നത് 2020 സെപ്റ്റംബറില്‍ ആണ്. എന്നിരുന്നാലും, ഈ നിയമങ്ങള്‍ അതത് അധികാര പരിധിയില്‍ നടപ്പിലാക്കുന്നതിന് നാല് ചട്ടങ്ങള്‍ക്കും കീഴില്‍ വരുന്ന നിയമങ്ങള്‍ സംബന്ധിച്ച് കേന്ദ്രവും സംസ്ഥാനങ്ങളും ഒരുപോലെ അറിയിപ്പ് (notify) നല്‍കണം. ചട്ടങ്ങള്‍ക്ക് കീഴില്‍, നിയമങ്ങള്‍ നിര്‍മ്മിക്കാനുള്ള അധികാരം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്. കൂടാതെ, പൊതുജനാഭിപ്രായം തേടുന്നതിനായി 30 അല്ലെങ്കില്‍ 45 ദിവസ കാലയളവില്‍ ഔദ്യോഗിക ഗസറ്റില്‍ നിയമങ്ങള്‍ പ്രസിദ്ധീകരിക്കുകയും വേണം.