മനുഷ്യരില്‍ എയ്ഡ്‌സ് രോഗത്തിന് കാരണമാവുന്ന എച്ച്‌ഐവി യുടെ പുതിയ വകഭേദത്തെകണ്ടെത്തി. നെതര്‍ലാന്‍ഡില്‍ കണ്ടെത്തിയ വിബി എന്ന ഈ പുതിയ വകഭേദത്തിന് അതിവേഗം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരാന്‍ കഴിയും. വൈറസ് ശരീരത്തില്‍ എത്തിയ വ്യക്തിയില്‍ എയ്ഡ്‌സിന്റെ ലക്ഷണങ്ങള്‍ വേഗം രൂപപ്പെടുമെന്നും ഫെബ്രുവരി രണ്ടിന് സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
എച്ച്‌ഐവി മനുഷ്യശരീരത്തില്‍ പ്രവേശിച്ചാല്‍ സിഡി4 എന്ന പ്രതിരോധ കോശങ്ങളെയാണ് വേട്ടയാടുക. വിബി വകഭേദത്തിന് രണ്ട് മടങ്ങ് വേഗം സിഡി4 കോശങ്ങളെ നശിപ്പിക്കാന്‍ കഴിയുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഓക്സ്ഫോര്‍ഡിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയിരിക്കുന്നത്. ഈ വകഭേദം ബാധിക്കുന്നവരുടെ രക്തത്തില്‍ വൈറസ് സാന്നിധ്യം സാധാരണ വകഭേദങ്ങളേക്കാള്‍ 3.5 മുതല്‍ 5.5 തവണ വരെ ഇരട്ടിയായിരിക്കുമെന്നും പഠനം വിശദമാക്കുന്നു.
ശരീരത്തിന്‍റെ പ്രതിരോധ ശക്തിയെ മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് വളരെ എളുപ്പം വി.ബി വകഭേദം ബാധിക്കും. എന്നാല്‍ ഈ വകഭേദത്തേക്കുറിച്ചുള്ള ചികിത്സ രോഗികള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. ചികിത്സ ആരംഭിച്ച് കഴിഞ്ഞാല്‍ പ്രതിരോധ ശക്തി വീണ്ടെടുക്കാനുള്ള കഴിവ് മറ്റ് വകഭേദത്തിന് സമാനമാണെന്നും പഠനം വിശദമാക്കുന്നു. അതിനാല്‍ തന്നെ അതീവ ഭീതി പടര്‍ത്തുന്ന ഒന്നല്ല പുതുയതായി കണ്ടെത്തിയിട്ടുള്ള ഈ എച്ച്‌ഐവി വകഭേദം. 1980ന് അവസാനവും 1990ന് ആദ്യവുമായി ആണ് നെതര്‍ലാന്‍ഡില്‍ ഈ വകഭേദത്തെ കാണപ്പെടുന്നത്. കൊറോണ വൈറസിന് സമാനമായി നിരന്തരമായി പുതിയ വകഭേദങ്ങള്‍ ഉണ്ടാവുന്ന ഒന്നാണ് എച്ച്‌ഐവിയും. എച്ച്‌ഐവി ബാധിക്കുന്ന ഓരോ ആളിലും കണ്ടെത്തിയിട്ടുള്ളത് വിവിധ വകഭേദമാണെന്നാണ് പഠനം അവകാശപ്പെടുന്നത്.