പലതരത്തിലുള്ള തട്ടിപ്പുകളുടെ വാര്‍ത്തയാണ് ദിവസംതോറും പുറത്തുവരുന്നത്. ബെംഗളൂരുവില്‍ നിന്ന് പുറത്തുവരുന്നത് ഇത്തരമൊരു തട്ടിപ്പിന്റെ വാര്‍ത്തയാണ്. വിമാനത്താവളത്തില്‍ നിന്ന് ടാക്‌സി വിളിച്ച മഹേഷ് എന്ന യുവാവാണ് സോഷ്യല്‍ മീഡിയയിലൂടെ തന്റെ അനുഭവം പങ്കുവെച്ചത്. ഇതെന്തൊരു കണ്ടുപിടിത്തമാണെന്ന് ചോദിച്ചുകൊണ്ടുള്ളതാണ് മഹേഷിന്റെ പോസ്റ്റ്.പ്രമുഖ ഓണ്‍ലൈന്‍ ടാക്‌സി ആപ്പായ ഊബറിന്റെ പേരിലാണ് തട്ടിപ്പ് നടന്നത്. ബെംഗളൂരു എയര്‍പോര്‍ട്ടില്‍ നിന്ന് ടാക്‌സി വിളിച്ച തന്റെ പക്കല്‍ നിന്ന് കൂടുതല്‍ പണം ഈടാക്കാനാണ് ശ്രമിച്ചതെന്നും എയര്‍പോര്‍ട്ട് ടാക്‌സി ഡ്രൈവറുടെ തട്ടിപ്പില്‍ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും മഹേഷ് പറയുന്നു.
കണ്ടാല്‍ ഊബര്‍ ആപ്പെന്ന് തോന്നിക്കുന്ന ബ്ലൂമീറ്റര്‍ എന്ന ആപ്പാണ് ഡ്രൈവര്‍ തട്ടിപ്പിനായി ഉപയോഗിച്ചത്. ട്രിപ്പ് അവസാനിച്ചപ്പോള്‍ 1000 രൂപയാണ് മഹേഷില്‍ നിന്ന് അധികമായി ഈടാക്കാന്‍ ഡ്രൈവര്‍ ശ്രമിച്ചത്. ജിഎസ്ടി എന്നായിരുന്നു വാദം. ബില്‍ ചോദിച്ചപ്പോള്‍ ബില്‍ സിസ്റ്റം തകരാറിലാണെന്നും തനിക്കിത് അടുത്ത മാസം മാത്രമേ ലഭിക്കൂ എന്നുമായിരുന്നു ഡ്രൈവര്‍ പറഞ്ഞതെന്നും മഹേഷ് പോസ്റ്റില്‍ പറയുന്നു.