ബെംഗളൂരു : മണിക്കൂറുകള്‍ നീളുന്ന ട്രാഫിക് കുരുക്ക്, അതിന് ഇടയിലുണ്ടാകുന്ന വാഹനാപകടങ്ങള്‍. ഇതിനു പുറമേ മറ്റൊരു ഭീഷണി കൂടി ബെംഗളൂരുവിലെ യാത്രക്കാര്‍ നേരിടേണ്ട അവസ്ഥയാണ്. പട്ടം പറത്താന്‍ ഉപയോഗിക്കുന്ന നൂല്‍ ബൈക്ക് യാത്രക്കാര്‍ക്ക് വലിയ ഭീഷണിയായി മാറുകയാണ്. ബെംഗളൂരുവിലെ ആര്‍ടി നഗറില്‍ പട്ടം പറത്താന്‍ ഉപയോഗിക്കുന്ന നൂലില്‍ കുരുങ്ങി കഴിഞ്ഞ ദിവസം ഓട്ടോ ഡ്രൈവറായ നാഗാര്‍ജുനയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.ജനുവരി 31-ന് രാവിലെ ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് ഈ ദാരുണമായ അപകടം സംഭവിച്ചത്. വഴിയില്‍ മറ്റൊരു ബൈക്ക് യാത്രക്കാരന്റെ ദേഹത്ത് പട്ടത്തിന്റെ നൂല്‍ കുരുങ്ങിക്കിടക്കുന്നത് കണ്ട് അത് മാറ്റാന്‍ സഹായിക്കുന്നതിനായി നാഗാര്‍ജുന വണ്ടി നിര്‍ത്തി ഇറങ്ങുകയായിരുന്നു. ബൈക്ക് യാത്രക്കാരന്റെ ശരീരത്തില്‍ നിന്നു നൂല്‍ നീക്കം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ തൊട്ടടുത്തു കൂടി വേഗത്തില്‍ പോയ ഒരു കാറില്‍ ഈ നൂല്‍ കുരുങ്ങുകയും നാഗാര്‍ജുനയുടെ കാലില്‍ മുറുകുകയും ചെയ്തു. കാര്‍ വേഗതയില്‍ മുന്നോട്ട് നീങ്ങിയതോടെ നൂലിന്റെ മൂര്‍ച്ചയുള്ള അരിക് നാഗാര്‍ജുനയുടെ കാലിലേക്ക് ആഴ്ന്നിറങ്ങുകയായിരുന്നു.അപകടത്തില്‍ കാലിലെ മൂന്ന് പ്രധാന ഞരമ്പുകള്‍ അറ്റുപോയ നാഗാര്‍ജുനയെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന് പൂര്‍ണമായി സുഖം പ്രാപിക്കാന്‍ നാല് മാസമെങ്കിലും വേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്.പട്ടം പറത്തുന്നവരുടെ അശ്രദ്ധ എങ്ങനെയാണ് നിരപരാധികളായ ഡ്രൈവര്‍മാരുടെ ജീവിതത്തെ ബാധിക്കുന്നത് എന്നതിന് തെളിവാണ് ഈ സംഭവം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പലപ്പോഴും നഗരത്തിലെ ബൈക്ക് യാത്രക്കാരുടെ പേടി സ്വപ്‌നമാണ് ഇത്തരം പട്ടങ്ങള്‍.റോഡുകളില്‍ വീണുകിടക്കുന്ന പട്ടം നൂലുകള്‍ പലപ്പോഴും പെട്ടെന്ന് ബൈക്ക് യാത്രക്കാരുടെ കണ്ണില്‍പ്പെടാറില്ല. ഇത് കഴുത്തിലോ കൈകാലുകളിലോ കുരുങ്ങിയാല്‍ സെക്കന്റുകള്‍ക്കുള്ളില്‍ മാരകമായ മുറിവുകള്‍ സംഭവിക്കാം. അതിനാല്‍, വാഹനമോടിക്കുമ്പോള്‍ പ്രത്യേകിച്ച് ഫ്‌ളൈ ഓവറുകള്‍ക്ക് സമീപവും തിരക്കേറിയ റോഡുകളിലും ഡ്രൈവര്‍മാര്‍ അതീവ ജാഗ്രത പാലിക്കണം. റോഡില്‍ നൂലുകള്‍ കിടക്കുന്നത് കണ്ടാല്‍ വണ്ടി നിര്‍ത്തി ശ്രദ്ധയോടെ മാത്രം അവ നീക്കം ചെയ്യുക. ചെറിയൊരു അശ്രദ്ധ വലിയൊരു ദുരന്തത്തിന് കാരണമായേക്കാം.