Home കർണാടക ബെംഗളൂരുവില്‍ ഫ്‌ളാറ്റുകളില്‍ താമസിക്കുന്നവര്‍ ശ്രദ്ധിക്കണേ… പുതിയ നിയമവുമായി ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി

ബെംഗളൂരുവില്‍ ഫ്‌ളാറ്റുകളില്‍ താമസിക്കുന്നവര്‍ ശ്രദ്ധിക്കണേ… പുതിയ നിയമവുമായി ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി

by ടാർസ്യുസ്

ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ താമസിക്കുന്നവര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് മാലിന്യ സംസ്‌കരണം. മാലിന്യം സംസ്‌കരിക്കുന്നതിന് നിയമങ്ങള്‍ നിലവിലുണ്ടെങ്കിലും റോഡ് അരികിലും നദികളിലുമൊക്കെ മാലിന്യം വലിച്ചെറിയുന്നവരുടെ എണ്ണം പ്രതിദിനം വര്‍ധിച്ചുവരികയാണ്.ഇതിനൊരു ശാശ്വത പരിഹാരം കണ്ടെത്തുക എന്നത് അധികൃതര്‍ക്കും വലിയ വെല്ലുവിളിയാണ്.

ഇപ്പോഴിതാ, ബെംഗളൂരു നഗരത്തിലെ മാലിന്യ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിന്റെ ഭാഗമായി പുതിയ നിയമം കൊണ്ടുവന്നിരിക്കുകയാണ് ഗ്രേറ്റര്‍ ബംഗളൂരു അതോറിറ്റി (ജി.ബി.എ). മൂന്ന് നിലകളില്‍ കൂടുതല്‍ ഉയരമുള്ള എല്ലാ കെട്ടിടങ്ങളിലും നനഞ്ഞതും ഉണങ്ങിയതുമായ മാലിന്യങ്ങള്‍ക്കായി പ്രത്യേക ബിന്നുകള്‍ സ്ഥാപിക്കാന്‍ ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി ഉത്തരവിട്ടു. ജിബിഎ ചീഫ് കമ്മീഷണര്‍ എം. മഹേശ്വര്‍ റാവു ആണ് ഉദ്യോഗസ്ഥര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്.

ജൈവ, അജൈവ മാലിന്യങ്ങള്‍ പ്രത്യേക ബിന്നുകളില്‍ നിക്ഷേപിക്കണം. മാലിന്യങ്ങള്‍ കൃത്യമായി തരംതിരിക്കാത്ത സാഹചര്യം ഒഴിവാക്കാന്‍ ഉടന്‍ തന്നെ സര്‍ക്കുലര്‍ പുറപ്പെടുവിക്കുമെന്നും കെട്ടിട ഉടമകള്‍ക്ക് നോട്ടീസ് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ ഈ നിയമം കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.ബെംഗളൂരു ഈസ്റ്റ് സിറ്റി കോര്‍പ്പറേഷനില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടിയിലാണ് കമ്മീഷണര്‍ ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്. പരിപാടിയില്‍ പൊതുജനങ്ങളില്‍ നിന്ന് നൂറ്റിയന്‍പതിലധികം പരാതികളും അതോറിറ്റി സ്വീകരിച്ചു. രാമമൂര്‍ത്തി നഗര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കുക, താമസമേഖലകളിലെ അനധികൃത പേയിംഗ് ഗസ്റ്റ് (പി.ജി) കേന്ദ്രങ്ങള്‍ക്കെതിരെ നടപടി എടുക്കുക തുടങ്ങിയ ആവശ്യമാണ് നഗരവാസികള്‍ ഉന്നയിച്ചത്.

റോഡ് വികസനത്തിനായി മാറ്റിവെച്ചിട്ടുള്ള ഭൂമി ഏറ്റെടുക്കാനും ബോര്‍വെല്‍ റോഡിന്റെ വീതി കൂട്ടാനുമുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ കമ്മീഷണര്‍ നിര്‍ദേശിച്ചു. ഇതുകൂടാതെ കെ.ആര്‍ പുരം മണ്ഡലത്തിലെ പ്രധാന റോഡുകള്‍ പരിശോധിച്ച്‌ തകര്‍ന്ന നടപ്പാതകള്‍ നന്നാക്കാനും എ.ഇ.സി.എസ് ലേഔട്ടിലെ നടപ്പാതകളിലെ കയ്യേറ്റങ്ങള്‍ ഒഴിവാക്കാനും ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. ഇത്തരം വികസന പ്രവര്‍ത്തനങ്ങള്‍ ഘട്ടം ഘട്ടമായി പൂര്‍ത്തിയാക്കാനാണ് അതോറിറ്റി ലക്ഷ്യമിടുന്നത്. നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം ശുചിത്വം ഉറപ്പാക്കുന്നതിനും മുന്‍ഗണന നല്‍കുമെന്ന് മഹേശ്വര്‍ റാവു വ്യക്തമാക്കി.

You may also like

error: Content is protected !!
Join Our WhatsApp Group