മൈസൂര്‍: ഒന്നാം ക്ലാസിലേക്ക് പുതിയ വിദ്യാര്‍ത്ഥികളെ എത്തിക്കുന്നതിനായി കര്‍ണാടകത്തിലെ ഒരു സ്കൂളില്‍ പുതിയ പദ്ധതി നടപ്പിലാക്കുന്നു. മാണ്ഡ്യ ജില്ലയിലെ കന്നഡ മീഡിയം സ്കൂളായ മേലുകോട്ട പ്രൈമറി സ്കൂളാണ് വ്യത്യസ്തമായ ആശയത്തിന് പിന്നില്‍. പുതുതായി ചേരുന്ന കുട്ടികള്‍ക്ക് ഓരോ വെള്ളിനാണയം വീതമാണ് നല്‍കുന്നത്.
150 വര്‍ഷം പഴക്കമുള്ള സ്കൂളാണിത്. ആണ്‍കുട്ടികള്‍ക്ക് മാത്രമാണ് ഇവിടെ പ്രവേശനം. സര്‍ക്കാര്‍ സ്കൂളാണെങ്കിലും ഇംഗ്ലീഷ് മീഡിയം സ്കൂളുകളെ വെല്ലുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടത്തുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടെ പാഠപുസ്തകം, യൂണിഫോം, പഠനയാത്ര തുടങ്ങിയവ സൗജന്യമാണ്.
ഇംഗ്ലീഷില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി സ്പോക്കണ്‍ ഇംഗ്ലീഷിന്റെ ക്ലാസും ഇവിടെ നടത്തുന്നുണ്ട്. പൂര്‍വവിദ്യാര്‍ത്ഥി അസോസിയേഷനുമായി ചേര്‍ന്ന് സ്കൂള്‍ വികസന സമിതിയാണ് ഇതിന് നേതൃത്വം വഹിക്കുന്നത്. ക്ലാസിന് ശേഷം വിദ്യാര്‍ത്ഥികളെ വീട്ടിലെത്തിക്കാനായി സൗജന്യ ബസ് സര്‍വീസും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
2013 ല്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍ കുറവ് വന്നതോടെ അടച്ചു പൂട്ടലിന്റെ ഭീഷണി ഈ സ്കൂളിനും നേരിടേണ്ടി വന്നു. എന്നാല്‍, നാട്ടുകാരുടെയും പൂര്‍വവിദ്യാര്‍ത്ഥികളുടെയും നേതൃത്വത്തില്‍ സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചതോടെ വിദ്യാര്‍ത്ഥികളുടെ എണ്ണവും കൂടി. കഴിഞ്ഞ വര്‍ഷത്തെ കണക്കുപ്രകാരം 112 കുട്ടികളാണ് സ്കൂളിലുള്ളത്.