ഇലക്‌ട്രിക് സ്‌കൂട്ടറുകള്‍ക്ക് തീപിടിക്കുന്ന സംഭവങ്ങള്‍ രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് വിഷയത്തില്‍ ഇവി സ്‌കൂട്ടര്‍ നിര്‍മാണ കമ്ബനികള്‍ക്ക് കടുത്ത മുന്നറിയിപ്പുമായി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി.
മിക്ക ഇവി വാഹനങ്ങളും തീപിടിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന് നിര്‍മാണ സമയത്ത് വരുന്ന പിഴവുകളാണ് എന്ന രീതിയിലുള്ള പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.ഇവി വാഹനങ്ങള്‍ തീപിടിച്ച് ജീവഹാനിയുണ്ടായ സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു.
വാഹനങ്ങള്‍ കൂടാതെ ഇവി വാഹനങ്ങളില്‍ തീ പടര്‍ന്ന് ഷോറൂമുകള്‍ തന്നെ കത്തിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് വിഷയം പഠിക്കാന്‍ ഒരു വിദഗ്ധ സംഘത്തെ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ ചുമതലപ്പെടുത്തിയിരുന്നു. ഇത്തരം സംഭവങ്ങള്‍ പരമാവധി ഒഴിവാക്കാനുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇവി വാഹന നിര്‍മാണ കമ്ബനികള്‍ക്ക് നിര്‍മാണ ക്വാളിറ്റി വര്‍ധിപ്പിക്കാനായി മാര്‍ഗരേഖ പുറത്തിറക്കുമെന്ന് അദ്ദേഹം അറിയിച്ചു.ഏതെങ്കിലും കമ്ബനി നിര്‍മാണത്തില്‍ പിഴവ് കാണിച്ചാല്‍ കനത്ത പിഴ ചുമത്തുമെന്നും പിഴവ് സംഭവിച്ച എല്ലാ വാഹനങ്ങളും തിരികെ വിളിക്കേണ്ടി വരുമെന്നും നിതിന്‍ ഗഡ്കരി വ്യക്തമാക്കി.
നിലവില്‍ പുറത്തിറങ്ങിയ ഏതെങ്കിലും കമ്ബനിയുടെ ഏതെങ്കിലും മോഡലിന് എന്തെങ്കിലും നിര്‍മാണ പിഴവുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് ആ ബാച്ചിലെ മുഴുവന്‍ വാഹനങ്ങളും എത്രയും പെട്ടെന്ന് തിരികെ വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.അടുത്തിടെ ഒക്കിനവ എന്ന ഇവി ബ്രാന്‍ഡ് അവരുടെ ഇവി വാഹനങ്ങള്‍ തിരികെ വിളിച്ച് തകരാര്‍ പരിഹരിച്ചിരുന്നു. ഇന്ത്യയിലെ ആദ്യത്തെ ഇവി വാഹന തിരികെ വിളിക്കല്‍ പ്രക്രിയയായിരുന്നു അത്.
ഇവി വാഹനങ്ങള്‍ വാങ്ങാന്‍ ആള്‍ക്കാര്‍ക്ക് ആത്മവിശ്വാസം നല്‍കാനുള്ള നടപടികള്‍ സര്‍ക്കാര്‍ എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.