ബെംഗളൂരു: ബെംഗളൂരുവിലെ കടകളുടെ നെയിം ബോർഡിൽ 60 ശതമാനം കന്നഡ ഭാഷ നിർബന്ധമായും ഉപയോഗിക്കണമെന്ന് സർക്കാർ ഉത്തരവ്. ബ്രഹത് ബെംഗളൂരു മഹാനഗര പാലികയാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് പാലിക്കാത്ത കടകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ബി ബി എംപി കമ്മീഷ്ണർ തുഷാർ ഗിരി നാഥ് പറഞ്ഞു. കർണാടക സംരക്ഷണ വേദികെ (കെആർവി) യുമായുള്ള യോഗത്തിൽ സംസാരിക്കുകയായിരുന്നു ഉദ്യോഗസ്ഥൻ.നഗരത്തിൽ 1400 കിലോമീറ്റർ ആർട്ടീരിയൽ, സബ് ആർട്ടീരിയൽ റോഡുകൾ ഉണ്ട്. ഇവിടങ്ങളിലെ എല്ലാ കടകളും സോൺ തിരിച്ച് സർവേ നടത്തും. സർവേയ്ക്ക് ശേഷം 60 ശതമാനം കന്നഡ ഭാഷ ഉപയോഗിക്കാത്ത കടകൾക്ക് നോട്ടീസ് നൽകും. ഫെബ്രുവരി 28 വരെ ഇതിനായി സമയം നൽകും.
തുടർന്ന് നടപ്പാക്കിയില്ലെങ്കിൽ നിയമ നടപടി നേരിടേണ്ടി വരും’, നാഥ് പറഞ്ഞു. കടകളുടെ ലൈസൻസ് റദ്ദ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികളായിരിക്കും സ്വീകരിക്കുകയെന്ന മുന്നറിയിപ്പും നാഥ് നൽകി.അതേസമയം ഉത്തരവിന് പിന്നാലെ പ്രാദേശിക ഭാഷാ വാദം ഉയർത്തി അന്യസംസ്ഥാനക്കാരായ കടയുടമകൾക്കെതിരെ കെആർവി സംഘടനയുടെ അനുയായികൾ രംഗത്തെത്തുന്ന വീഡിയോ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയിട്ടുണ്ട്. ‘ഇത് കർണാടകയാണ്. കന്നഡക്കാർ ഈ സംസ്ഥാനത്തിന്റെ അഭിമാനമാണ്.
നിങ്ങൾ പോയി നിങ്ങളുടെ സംസ്ഥാനത്ത് അഭിമാനം കാണിക്കൂ. മാർവാഡികളേ, അടുത്ത തവണ നിങ്ങൾക്ക് കന്നഡ അറിയില്ല എന്ന് പറഞ്ഞാൽ തീർച്ചയായും നിങ്ങളെ ലക്ഷ്യം വെയ്ക്കും’,എന്നാണ് സംഘടനയുടെ അംഗമായ യുവതിയുടെ ഭീഷണി.അതിനിടെ ബി ബി എം പിയുടെ ഉത്തരവിനെതിരെ കടയുടമകൾ കടുത്ത അമർഷം പ്രകടിപ്പിച്ചു. എന്നിരുന്നാലും സർക്കാർ ഉത്തരവ് പാലിക്കാൻ തങ്ങൾ ബാധ്യസ്ഥരാണെന്നും ഇവർ അഭിപ്രായപ്പെട്ടു.
അടുത്തിടെ മുഖ്യമന്ത്രി സിദ്ധരാമയ്യ നടത്തിയ പരാമർശത്തോടെയാണ് വീണ്ടും പ്രാദേശിക ഭാഷ വികാരം ഉണർത്തുന്ന ചർച്ചകൾക്ക് തുടക്കമായത്. കര്‍ണാടകയില്‍ താമസിക്കുന്ന എല്ലാവരും കന്നഡ സംസാരിക്കാന്‍ പഠിക്കണമെന്നായിരുന്നു സിദ്ധരാമയ്യ പറഞ്ഞത്.സംസ്ഥാനത്ത് കന്നഡ ഒഴിച്ചുകൂടാനാവാത്ത അന്തരീക്ഷം സൃഷ്ടിക്കേണ്ടതുണ്ട്. നമ്മള് മറ്റ് ഭാഷകളെ സ്നേഹിക്കണം. പക്ഷേ സ്വന്തം ഭാഷ മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. കന്നഡക്കാര്‍ നമ്മുടെ ഭാഷ മറ്റുള്ളവരെ പഠിപ്പിക്കുന്നതിനു പകരം അവരുടെ ഭാഷയാണ് നമ്മള് ആദ്യം പഠിക്കുന്നത്. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ താമസിക്കുന്ന പ്രവാസികള്‍ കന്നഡ സംസാരിക്കാറില്ല. ഇത് സംഭവിക്കുന്നത് കന്നഡക്കാരുടെ ഔദാര്യം കൊണ്ടാണെന്നുമയിരുന്നു സിദ്ധരാമയ്യയുടെ വാക്കുകൾ.