ബെംഗളൂരു:എച്ച്എസ്ആർ ലേഔട്ടിനും ബെല്ലന്ദൂരിനും ഇടയിൽ 800 മീറ്റർ നീളമുള്ള പുതിയ ഫ്ലൈഓവർ നിർദ്ദേശിച്ച് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ). ഇതോടെ ഔട്ടർ റിംഗ് റോഡിലെ (ORR) ഏറ്റവും തിരക്കേറിയ ഇബ്ലൂർ ജംഗ്ഷൻ ഒഴിവാക്കി യാത്ര ചെയ്യാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. പദ്ധതി നടപ്പായാൽ യാത്രക്കാർക്ക് 10 മുതൽ 15 മിനിറ്റ് വരെ സമയം ലാഭിക്കാനാകും.നിലവിൽ കടുബീസനഹള്ളിയിൽ നിന്ന് സിൽക്ക് ബോർഡിലേക്കുള്ള ഫ്ലൈഓവർ ആ ദിശയിലേക്കുള്ള വാഹനങ്ങൾക്ക് സിഗ്നൽ രഹിത യാത്ര അനുവദിക്കുന്നുണ്ട്. ഇതിലൂടെ ഇബ്ലൂർ സിഗ്നൽ പൂർണമായും ഒഴിവാക്കാൻ കഴിയുന്നുണ്ടെങ്കിലും, സിൽക്ക് ബോർഡിൽ നിന്ന് മാറത്തഹള്ളിയിലേക്ക് പോകുന്ന വാഹനങ്ങൾക്കായി ആദ്യം ആസൂത്രണം ചെയ്തിരുന്ന സമാന്തര ഫ്ലൈഓവർ ഒരിക്കലും നിർമിച്ചിരുന്നില്ല. ഇതാണ് ഇബ്ലൂർ ജംഗ്ഷനെ ORR-യിലെ ഏറ്റവും വലിയ ഗതാഗത തടസ്സമായി മാറ്റിയത്.അഗരയിൽ നിന്ന് മാറത്തഹള്ളിയിലേക്ക് ഗ്രേഡ് സെപ്പറേറ്റർ ഇല്ലാത്തതിനാൽ സർജാപൂർ റോഡ്, കോറമംഗല, സിൽക്ക് ബോർഡ്, ORR എന്നിവിടങ്ങളിൽ നിന്നുള്ള വാഹനങ്ങൾ എല്ലാം ഇബ്ലൂർ സിഗ്നലിൽ ഒത്തുചേരുന്നു. ഇതാണ് ദിവസേന കനത്ത ഗതാഗതക്കുരുക്കിന് കാരണമാകുന്നത്. തിരക്ക് പലപ്പോഴും അഗര ഫ്ലൈഓവറിലേക്കും തിരക്കേറിയ സമയങ്ങളിൽ എച്ച്എസ്ആർ ഫ്ലൈഓവർ വരെയും വ്യാപിക്കുന്ന സാഹചര്യമുണ്ട്.ഇബ്ലൂർ ജംഗ്ഷനിലെ ഈ ദീർഘകാല പ്രശ്നത്തിന് പരിഹാരമായി ORR-ൽ സിഗ്നൽ രഹിതവും തടസ്സമില്ലാത്തതുമായ ഗതാഗതം ഉറപ്പാക്കുക എന്നതാണ് പുതിയ ഫ്ലൈഓവർ പദ്ധതിയുടെ പ്രധാന ലക്ഷ്യം. മുൻപ് ഒഴിവായിരുന്ന സമാന്തര ഫ്ലൈഓവർ നിർമാണത്തിലെ വീഴ്ച ഇപ്പോൾ പരിഹരിക്കാൻ ജിബിഎ മുന്നോട്ടുവന്നിരിക്കുകയാണ്.ചൊവ്വാഴ്ച നടന്ന അവലോകന യോഗത്തിൽ ജിബിഎ ചീഫ് കമ്മീഷണർ മഹേശ്വർ റാവു ഇബ്ലൂർ ജംഗ്ഷൻ നേരിട്ട് സന്ദർശിച്ച് പരിശോധന നടത്തി. പദ്ധതിയുമായി മുന്നോട്ടുപോകുന്നതിന് മുൻപ് സാധ്യതാ റിപ്പോർട്ട് തയ്യാറാക്കാൻ എഞ്ചിനീയർമാർക്ക് അദ്ദേഹം നിർദ്ദേശം നൽകി.രണ്ട് നഗര കോർപ്പറേഷനുകളുടെ പരിധിയിൽ വരുന്ന ഫ്ലൈഓവർ ആയിരിക്കും ഇത്. കടുബീസനഹള്ളി ഭാഗം ബെംഗളൂരു ഈസ്റ്റ് സിറ്റി കോർപ്പറേഷന്റെ കീഴിലായിരിക്കുമ്പോൾ, എച്ച്എസ്ആർ ലേഔട്ട് ഭാഗം സൗത്ത് സിറ്റി കോർപ്പറേഷന്റെ പരിധിയിലാണ്. എന്നിരുന്നാലും, നിർമാണ ചുമതല ഒരു കോർപ്പറേഷൻ മാത്രമേ ഏറ്റെടുക്കുകയുള്ളുവെന്ന് അധികൃതർ വ്യക്തമാക്കി. രണ്ട് കോർപ്പറേഷൻ കമ്മീഷണർമാരുടെ തമ്മിലുള്ള ചർച്ചയ്ക്ക് ശേഷമായിരിക്കും ഇതുസംബന്ധിച്ച അന്തിമ തീരുമാനം, ബജറ്റ് ലഭ്യതയും നിർണായകമാകും.400 കോടി രൂപയുടെ ORR മേക്കോവർ പദ്ധതിയുടെ ഭാഗമല്ല ഈ ഫ്ലൈഓവർ. ബന്ധപ്പെട്ട നഗര കോർപ്പറേഷനിലൂടെയോ സർക്കാരിന്റെ പ്രത്യേക ധനസഹായത്തിലൂടെയോ പദ്ധതിക്ക് ഫണ്ട് കണ്ടെത്താനാണ് ആലോചിക്കുന്നത്.