Home Featured ബെംഗളൂരുവിൽ പുതിയ തട്ടിപ്പ് : സൗജന്യമായി ലഭിച്ച ഫോണിൽ സിം കാർഡ് ഇട്ട ടെക്കിക്ക് 2.8 കോടി നഷ്ടമായി

ബെംഗളൂരുവിൽ പുതിയ തട്ടിപ്പ് : സൗജന്യമായി ലഭിച്ച ഫോണിൽ സിം കാർഡ് ഇട്ട ടെക്കിക്ക് 2.8 കോടി നഷ്ടമായി

ബെംഗളൂരു: ബെംഗളൂരുവില്‍ നിന്ന് അവിശ്വസനീയമായ സൈബര്‍ തട്ടിപ്പിന്‍റെ വിവരങ്ങള്‍ പുറത്ത്. സമ്മാനമായി ലഭിച്ച സ്‌മാര്‍ട്ട്‌ഫോണില്‍ സിം കാര്‍ഡ് ഇട്ട മുതിര്‍ന്ന പൗരന് 2.8 കോടി രൂപ ബാങ്ക് അക്കൗണ്ടില്‍ നിന്ന് നഷ്‌ടമായതായി പൊലീസ് വ്യക്തമാക്കിയതായി ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. റായ് എന്ന് പേരുള്ള അറുപത് വയസുകാരനാണ് ഞെട്ടിക്കുന്ന തട്ടിപ്പിന് ഇരയായത്. 2024 നവംബര്‍ മാസം ലഭിച്ച ഒരു വാട്‌സ്ആപ്പ് കോളിലായിരുന്നു തട്ടിപ്പിന്‍റെ തുടക്കം. സിറ്റിബാങ്കില്‍ നിന്നുള്ള പ്രതിനിധി എന്ന് പറഞ്ഞാണ് തട്ടിപ്പ് സംഘം റായ്‌യെ വിളിച്ചത്.

റായ്‌യുടെ പേരില്‍ ക്രഡിറ്റ് കാര്‍ഡിന് അനുമതിയായിട്ടുണ്ടെന്നും ഇത് ലഭിക്കാന്‍ പുതിയൊരു ഫോണ്‍ നമ്പര്‍ എയര്‍ടെല്ലില്‍ നിന്ന് എടുക്കേണ്ടതുണ്ടെന്നും വിളിച്ചയാള്‍ പറഞ്ഞു. സംശയം തോന്നാതിരുന്ന 60കാരന്‍ ഈ വാക്കുകള്‍ പാലിച്ചു. ഡിസംബര്‍ 1ന് തട്ടിപ്പ് സംഘം റെഡ്‌മിയുടെ 10,000 രൂപ വിലയുള്ള ഒരു ഫോണ്‍ റായ്‌ക്ക് വൈറ്റ്‌ഫീല്‍ഡിലെ വിലാസത്തില്‍ അയച്ചുനല്‍കി. അയച്ചുതന്ന ഫോണിലേക്ക് സിം കാര്‍ഡ് ഇടാന്‍ ആവശ്യപ്പെട്ട് തട്ടിപ്പ് സംഘം വീണ്ടും വിളിച്ചു. ഇതോടെയാണ് റായ് അവിശ്വസനീയമായ തട്ടിപ്പിന് ഇരയായത്. ഫോണ്‍ അവര്‍ അയച്ചുതന്ന അതേദിനം തന്നെ ഫോണിലേക്ക് ഞാന്‍ സിം കാര്‍ഡ് ഇട്ടു. അതിന് ശേഷം ബാങ്കില്‍ നിന്ന് നോട്ടിഫിക്കേഷനുകള്‍ ഒന്നും ലഭിച്ചിരുന്നില്ല.

എന്നാല്‍ അക്കൗണ്ടില്‍ നിന്ന് 2.89 കോടി രൂപ പിന്‍വലിക്കപ്പെട്ടതായി ബാങ്കിനെ സമീപിച്ചപ്പോള്‍ വ്യക്തമായെന്ന് റായ് പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ വൈറ്റ്‌ഫീല്‍ഡ് സിഇഎന്‍ പൊലീസ് സ്റ്റേഷനില്‍ ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. കേസില്‍ അന്വേഷണം ആരംഭിച്ചതായും ഫോണില്‍ കൃത്രിമം നടത്തി ഡാറ്റകള്‍ സ്വന്തമാക്കിയാണ് തട്ടിപ്പ് നടത്തിയത് എന്നാണ് പ്രാഥമിക നിരീക്ഷണമെന്നും വൈറ്റ്ഫീല്‍ഡ് ഡിവൈഎസ്‌പി ശിവകുമാര്‍ ഗുണാരെ വ്യക്തമാക്കി. 

You may also like

error: Content is protected !!
Join Our WhatsApp Group