Home Featured യെഡിയൂരപ്പ ബിജെപി വിടും; കെജെപി വീണ്ടും സജീവമാകും…’ കര്‍ണാടകയെ ഇളക്കി പുതിയ പ്രവചനം

യെഡിയൂരപ്പ ബിജെപി വിടും; കെജെപി വീണ്ടും സജീവമാകും…’ കര്‍ണാടകയെ ഇളക്കി പുതിയ പ്രവചനം

by കൊസ്‌തേപ്പ്

ബെംഗളൂരു: കര്‍ണാടകയില്‍ ഏറെ കാലം ബിജെപി എന്നാല്‍ ബിഎസ് യെഡിയൂരപ്പയായിരുന്നു. ലിംഗായത്ത് സമുദായക്കാരനായ ഇദ്ദേഹത്തിന്റെ സാന്നിധ്യം കര്‍ണാടകയില്‍ ബിജെപിക്ക് നേട്ടമായിട്ടുണ്ട് എന്നതില്‍ തര്‍ക്കമില്ല.ഒടുവില്‍ കേന്ദ്ര നേതൃത്വത്തിന് അനഭിമതനായിട്ടാണ് യെഡിയൂരപ്പ പടിയിറങ്ങിയത്. പക്ഷേ, അദ്ദേഹത്തെ പിണക്കാതെ കേന്ദ്ര നേതൃത്വം പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു.പടിയിറങ്ങിയ ശേഷം യെഡിയൂരപ്പ കൂടുതല്‍ ഒറ്റപ്പെടുന്നു എന്നാണ് വാര്‍ത്തകള്‍. ഇതിനിടെയാണ് യെഡിയൂരപ്പ ബിജെപിയില്‍ നിന്ന് രാജിവയ്ക്കുമെന്നും തന്റെ പഴയ പാര്‍ട്ടിയായ കെജെപി വീണ്ടും സജീവമാക്കുമെന്നുമുള്ള പ്രവചനം. വലിയ ചര്‍ച്ചകള്‍ക്കിടയാക്കിയിരിക്കുകയാണ് വിഷയം. വിശദാംശങ്ങള്‍ ഇങ്ങനെ…

1.

കര്‍ണാടക ജനത പക്ഷ (കെജെപി) എന്ന പാര്‍ട്ടി രൂപീകരിച്ചത് യെഡിയൂരപ്പയാണ്. കുറച്ച്‌ കാലം മാത്രമേ ഈ പാര്‍ട്ടി നിലനിന്നുള്ളൂ. 2012 മുതല്‍ 2014 വരെ. ഇക്കാലയളവില്‍ സംഭവബഹുലമായ രാഷ്ട്രീയമായിരുന്നു കര്‍ണാടകയില്‍. പിന്നീട് യെഡിയൂരപ്പയെ ബിജെപി നേതൃത്വം അനുനയിപ്പിച്ചു. കെജെപി ബിജെപിയില്‍ ലയിക്കുകയും ചെയ്തു. ഇപ്പോല്‍ വീണ്ടും കെജിപി ചര്‍ച്ചയാകുകയാണ്. കോണ്‍ഗ്രസാണ് വിഷയം ചര്‍ച്ചയാക്കുന്നത്.

2

ബിജെപി നേതൃത്വവുമായി ഉടക്കി യെഡിയൂരപ്പ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചിരുന്നു 2012ല്‍. എംഎല്‍എ പദവിയും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വവും അന്ന് യെഡിയൂരപ്പ രാജിവച്ചു. 2012 നവംബര്‍ 30നായിരുന്നു ഇത്. അതേ വര്‍ഷം ഡിസംബര്‍ ഒമ്ബതിന് ഹാവേരിയില്‍ യെഡിയൂരപ്പ തന്നെ അനുകൂലിക്കുന്നവരുടെ യോഗം വിളിച്ചുചേര്‍ത്തു. ആയിരങ്ങളാണ് യോഗത്തിന് എത്തിയത്. ബിജെപി കേന്ദ്രങ്ങളില്‍ ഞെട്ടലുണ്ടാക്കി യെഡിയൂരപ്പയുടെ നീക്കങ്ങള്‍.

3

നിരവധി എംഎല്‍എമാരും മുന്‍ എംഎല്‍എമാരും യെഡിയൂരപ്പയ്‌ക്കൊപ്പം നിന്നു. ബിജെപി നേതൃത്വത്തെ വിറപ്പിച്ച നീക്കമായിരുന്നു അന്ന് യെഡിയൂരപ്പ നടത്തിയത്. ബിജെപിയിലെ മന്ത്രിമാരും മുതിര്‍ന്ന നേതാക്കളില്‍ പലരും യെഡിയൂരപ്പയെ നേതാവായി പ്രഖ്യാപിച്ചു. അവരെല്ലാം കെജെപിയില്‍ ചേര്‍ന്നു. തൊട്ടടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പില്‍ കെജെപി മല്‍സരിക്കുകയും ചെയ്തു.

4

തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച യെഡിയൂരപ്പയ്ക്ക് വലിയ നേട്ടം കൊയ്യാനായില്ല. പക്ഷേ, ബിജെപിക്ക് കനത്ത പ്രഹരമായി. ബിജെപി 40 സീറ്റില്‍ ഒതുങ്ങി. കെജെപിക്ക് എട്ട് സീറ്റ് ലഭിച്ചു. പല മണ്ഡലത്തിലും നേരിയ വോട്ടിന് ബിജെപി സ്ഥാനാര്‍ഥികള്‍ തോറ്റു. ഹിന്ദുത്വ ആശയമായിരുന്നില്ല കെജെപിക്ക്. മതനിരപേക്ഷതയായിരുന്നു പാര്‍ട്ടിയുടെ അടിത്തറ.

5

2013ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപി നേതൃത്വം യെഡിയൂരപ്പയെ കൂടെ നിര്‍ത്താന്‍ ശ്രമം തുടങ്ങി. യെഡിയൂരപ്പയില്ലെങ്കില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയാകുമെന്ന് നേതൃത്വം മനസിലാക്കി. ബിജെപി നേതൃത്വത്തിന് വീണ്ടും കൈ കൊടുക്കാന്‍ യെഡിയൂരപ്പ തീരുമാനിച്ചു. 2013 സെപ്തംബറില്‍ ബിജെപിക്കൊപ്പം നില്‍ക്കുമെന്ന് കെജെപി പ്രഖ്യാപിച്ചു

6

2014ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ വിജയം രാജ്യത്തിന് ആവശ്യമാണ് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു യെഡിയൂരപ്പയുടെ മനംമാറ്റം. 2014ല്‍ കെജെപി ബിജെപിയില്‍ ലയിച്ചതായി അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. കെജെപിയെ വീണ്ടും ചര്‍ച്ചയാക്കിയിരിക്കുന്നത് കോണ്‍ഗ്രസാണ്. യെഡിയൂരപ്പ വൈകാതെ ബിജെപി വിടുമെന്നും കെജെപി വീണ്ടും ശക്തിപ്പെടുത്തുമെന്നും കോണ്‍ഗ്രസ് വക്താവ് കിമ്മണി രത്‌നാകറാണ് പ്രവചിച്ചിരിക്കുന്നത്.

7
2023ലാണ് കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. ഇതിനു വേണ്ടിയുള്ള ഒരുക്കം ബിജെപി ഇപ്പോള്‍ തന്നെ നടത്തുന്നുണ്ട്. ബിജെപി ജയിക്കണമെന്ന് നേരത്തെ യെഡിയൂരപ്പ പറഞ്ഞിരുന്നു. എന്നാല്‍ ബിജെപി നേതൃത്വവുമായി അദ്ദേഹം ഉടക്കിലാണെന്ന വാര്‍ത്തകളും വരുന്നുണ്ട്. യെഡിയൂരപ്പ മുഖ്യമന്ത്രി പദം രാജിവച്ചതോടെ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നവരെ പാര്‍ട്ടി ഒതുക്കി എന്ന വിമര്‍ശനം ഉയര്‍ന്നിരിക്കെയാണ് കോണ്‍ഗ്രസ് വക്താവിന്റെ പ്രവചനം.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group