നേപ്പാള്‍ വിമാനാപകടത്തില്‍ യാത്രക്കാരായ 72 പേരും മരിച്ചു. ഇതില്‍ 10 വിദേശപൗരന്മാര് ഉള്‍പ്പെടെ, 68 യാത്രക്കാരുണ്ട്.മരിച്ചവരില്‍ നാല് ഇന്ത്യക്കാരുമുണ്ട്. മറ്റു നാല് പേര് വിമാനത്തിലെ ജീവനക്കാരാണ്. ഇന്ന് രാവിലെ ലാന്‍ഡിംഗ് വേളയിലാണ് വിമാനം അപകടത്തില്‍പെട്ടത്. തുടക്കം മുതലേ സംഭവസ്ഥലത്തു നിന്നും ഉയര്‍ന്ന പുക ആശങ്കാ ജനകമായിരുന്നു. നാട്ടുകാര്‍ ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനത്തിന് പാഞ്ഞെത്തി. പ്രതികൂല കാലാവസ്ഥയാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം.
യെതി എയര്‍ലൈന്‍സിന്റെ വിമാനമാണ് തകര്‍ന്നു വീണത്. കഠ്മണ്ഡുവില്‍ നിന്നും പൊഖാറയിലേക്ക് പോയ വിമാനമാണ് അപകടത്തിപ്പെട്ടത്.നേപ്പാളിലെ പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേയില്‍ ആണ് അപകടം. വിമാനത്താവളം തല്ക്കാലം അടച്ചിരിക്കുകയാണ് എന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.പഴയ വിമാനത്താവളത്തിനും പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിനും ഇടയിലാണ് വിമാനം തകര്‍ന്നതെന്ന് യെതി എയര്‍ലൈന്‍സ് വക്താവ് പറഞ്ഞു.
2018 മാര്‍ച്ചില്‍ ബംഗ്ലാദേശിന്റെ യു.എസ്-ബംഗ്ലാ വിമാനം കാഠ്മണ്ഡു വിമാനത്താവളത്തിനു സമീപം തകര്‍ന്നുവീണ് 51 പേര് മരിച്ചു.തലസ്ഥാനമായ കാഠ്മണ്ഡുവില്‍നിന്ന് 200 കിലോമീറ്റര്‍ ദൂരെയാണ് റിസോര്‍ട്ട് നഗരമായ പൊഖാറ. അപകടത്തിനു പിന്നാലെ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹാല്‍ പ്രചണ്ഡ അടിയന്തര മന്ത്രിസഭ യോഗം വിളിച്ചു. സര്‍ക്കാര്‍ അന്വേഷണവും പ്രഖ്യാപിച്ചു. റിപ്പോര്‍ട്ടുകള്‍ പ്രകാരം സേതി നദീതടത്തിലാണ് വിമാനം തകര്‍ന്നുവീണത്. ലാന്‍ഡിങ്ങിനു തയാറെടുക്കുന്നതിനിടെയാണ് വിമാനം തകര്‍ന്ന് വീണത്
രാഷ്ട്രപതിയുടെ കാല് തൊട്ട് വന്ദിക്കാന്‍ ശ്രമിച്ച എന്‍ജിനീയര്‍ക്ക് സസ്പെന്ഷന്
ജയ്പുര്‍: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ കാല് തൊട്ട് വന്ദിക്കാന്‍ ശ്രമിച്ച എന്‍ജിനീയര്‍ക്ക് സസ്പെന്ഷന്.രാജസ്ഥാനിലാണ് സംഭവം. പ്രോട്ടോക്കോള്‍ ലംഘനം ചൂണ്ടിക്കാട്ടി പൊതുജനാരോഗ്യ വിഭാഗത്തിലെ ജൂനിയര്‍ എന്‍ജിനീയര്‍ അംബ സിയോളിനെതിരേയാണ് നടപടിയെടുത്തത്.
ജംബോറിയുടെ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കാന്‍ രാഷ്ട്രപതി എത്തിയപ്പോഴാണ് സംഭവം. രാഷ്ട്രപതി ഹെലിപാഡില്‍നിന്ന് ഇറങ്ങി നടന്നു നീങ്ങുന്നതിനിടെ അംബ അവരുടെ കാല് തൊട്ട് വന്ദിക്കാന്‍ ശ്രമിക്കുകയായിരുന്നു.ഇതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധിപ്പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. പിന്നാലെ വകുപ്പിലെ അഡ്മിനിസ്ട്രേഷന് ചീഫ് എന്‍ജിനീയറാണ് സസ്പെന്ഷന് ഉത്തരവ് പുറത്തിറക്കിയത്.