ടോക്കിയോ: ഇന്ത്യന്‍ അത്ലറ്റിക്സില് സുവര്‍ണ ശോഭയുളള ചരിത്രമായി നീരജ് ചോപ്ര. ജാവലിന്‍ ത്രോയില്‍ തന്റെ രണ്ടാം ശ്രമത്തില്‍ 87.58 മീറ്ററെറിഞ്ഞ് നീരജ് ചോപ്ര ഇന്ത്യക്കായി സ്വര്‍ണം നേടി. വ്യക്തിഗത ഇനത്തില്‍ ഇത് ഇന്ത്യയുടെ രണ്ടാമത് സ്വര്‍ണമാണ്. ഷൂട്ടിംഗില്‍ 2008 ബീജിംഗ് ഒളിമ്ബിക്സില്‍ അഭിനവ് ബിന്ദ്ര നേടിയതാണ് ഇത്തരത്തില്‍ ആദ്യത്തേത്. നീണ്ട 13 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ ഇത്തരത്തില്‍ സ്വര്‍ണം നേടുന്നത്.
ടോക്കിയോ ഒളിമ്ബിക്സിലെ ഏറ്റവും അവസാന ഇനത്തില്‍ ഇന്ത്യയ്ക്കായി നീരജ് ചോപ്ര നേടിയത് രാജ്യത്തെ 130 കോടി ജനങ്ങളുടെ സ്വപ്നമായിരുന്നു. ഹരിയാന സ്വദേശിയാണ് കരസേനയില്‍ സുബേജാറായ നീരജ് ചോപ്ര (23). ആദ്യ ശ്രമം തന്നെ മികച്ചതായിരുന്നു നീരജിന്റേത് 87.03 മീറ്റര്‍. രണ്ടാമതാണ് സ്വര്‍ണം എറിഞ്ഞിട്ട ഏറ് 87.58 മീറ്റര്‍. മൂന്നാമത് 76.79 മീറ്റര്‍ മാത്രമേ നീരജിന് സാധിച്ചുളളു
മൂന്ന് റൗണ്ടില്‍ മുന്നിട്ട് നിന്ന എട്ട് പേരാണ് ഫൈനലില്‍ പ്രവേശിച്ചത്. നാല്, അഞ്ച് റൗണ്ടുകളില്‍ നീരജ് എറിഞ്ഞത് ഫൗളായി. എന്നാല്‍ അവസാന റൗണ്ടില്‍ 84.24 മീറ്റര്‍ എറിഞ്ഞു. ചെക് റിപബ്ളിക് താരം വെദ്ലെജെച് 86.67 മീറ്റര്‍ എറിഞ്ഞ് വെളളി നേടി. വെങ്കലം നേടിയതും ചെക് താരം തന്നെയാണ്.85.44 മീറ്ററെറിഞ്ഞ് വെസ്ലി വെങ്കലം നേടി