ലഖ്നോ: യു.പിയില്‍ ലഖിംപുര്‍ ഖേരിയിലെ തനുനിയയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ്കുമാര്‍ മിശ്രക്കെതിരെ പ്രതിഷേധിച്ച കര്‍ഷകര്‍ക്കിടയിലേക്ക് മൂന്നു വാഹനങ്ങള്‍ പാഞ്ഞുകയറിയ സംഭവത്തില്‍ നാലു കര്‍ഷകര്‍ അടക്കം എട്ടു പേര് കൊല്ലപ്പെട്ടു.
കോപാകുലരായ സമരക്കാര്‍ നിരവധി വാഹനങ്ങള്‍ കത്തിച്ചു. സമരക്കാര്‍ക്കുനേരെ വെടിവെപ്പുണ്ടായി. മാധ്യമപ്രവര്‍ത്തകരടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
മന്ത്രിയുടെ അകമ്ബടിക്കുപോയ സര്‍ക്കാര്‍, സ്വകാര്യ വാഹനങ്ങളാണ് റോഡിലൂടെ പോവുകയായിരുന്ന കര്‍ഷകര്‍ക്കുമേല്‍ കയറിയത്. ഇതിലൊരു കാറില്‍ മന്ത്രിയുടെ മകന് ആശിഷ് മിശ്ര ഉണ്ടായിരുന്നുവെന്നും അയാള്‍ സ്വന്തം കാറോടിച്ചു വരുകയായിരുന്നുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. വാഹനം കയറി നാലു കര്‍ഷകര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കാറില്‍ ഉണ്ടായിരുന്നവരെ സമരക്കാര്‍ വലിച്ചിറക്കി. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് മറ്റു നാലു പേര് മരിച്ചത്.
യു.പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ്കുമാര്‍ മിശ്ര എന്നിവര്‍ പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടി ഞായറാഴ്ച ലഖിംപുരിലെ ബന്‍വീറില്‍ നിശ്ചയിച്ചിരുന്നു. ഇതിനായി ലഖിംപുരിലെ ഹെലിപാഡില്‍ മന്ത്രിമാര്‍ ഇറങ്ങുന്നുവെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് ഹെലിപാഡ് ഉപരോധിക്കാന്‍ ഒട്ടേറെ കര്‍ഷകര്‍ കരിങ്കൊടിയേന്തിയെത്തി. ആഭ്യന്തര സഹമന്ത്രി അജയ്കുമാര്‍ മിശ്ര ലഖിംപുര്‍ ഖേരിക്കാരനാണ്.
കര്‍ഷക സമരത്തിനു പിന്നില്‍ 10, 15 പേര് മാത്രമാണെന്നും അവരെ വഴിക്കു കൊണ്ടുവരാന്‍ രണ്ടു മിനിറ്റു മാത്രം മതിയെന്നുമുള്ള മന്ത്രിയുടെ പ്രസ്താവന കര്‍ഷകരെ ചൊടിപ്പിച്ചിരുന്നു. കര്‍ഷകര്‍ ഹെലിപാഡ് ഉപരോധിക്കുന്നതറിഞ്ഞ് മന്ത്രിമാര്‍ യാത്ര റോഡിലൂടെയാക്കി. ഇതോടെ കര്‍ഷകര്‍ പിരിഞ്ഞുപോകുന്നതിനിടെയാണ് അവര്‍ക്കിടയിലേക്ക് വാഹനങ്ങള്‍ ഓടിച്ചുകയറ്റിയത്.
കര്‍ഷകര്‍ക്കുമേല്‍ കാര്‍ കയറ്റുകയായിരുന്നുവെന്നും ആസൂത്രിതമായ സംഭവമാണ് നടന്നതെന്നും സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ ആരോപിച്ചു. സംഭവത്തെ തുടര്‍ന്ന് ലഖിംപുരിലേക്ക് ഉന്നത ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയോഗിച്ചു. പ്രദേശത്ത് വന്‍പൊലീസ് സന്നാഹത്തെ വിന്യസിച്ചു. രാകേഷ് ടികായത് അടക്കം കര്‍ഷക നേതാക്കള്‍ അവിടെയെത്തി. തിങ്കളാഴ്ച രാജ്യവ്യാപകമായി കലക്ടറേറ്റുകള്‍ ഉപരോധിക്കാന്‍ കര്‍ഷക നേതാക്കള്‍ ആഹ്വാനം ചെയ്തു. സംഭവത്തെക്കുറിച്ച് സുപ്രീംകോടതി സിറ്റിങ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും മന്ത്രിയെ പുറത്താക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.