ന്യൂഡല്‍ഹി: വൃദ്ധമാതാപിതാക്കളെ അവഗണിക്കുന്ന മക്കളെയും മരുമക്കളെയും പ്രതിക്കൂട്ടിലാക്കാനുള്ള വയോജന സംരക്ഷണ ഭേദഗതി ബില്‍ തിങ്കളാഴ്ച ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കും. 2019 ഡിസംബര്‍ 11ന് ലോക്സഭയില്‍ അവതരിപ്പിച്ച ബില്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിട്ടിരുന്നു.
കരട് ബില്ലിലെ വ്യവസ്ഥകളും നിര്‍വചനങ്ങളും വൃദ്ധമാതാപിതാക്കളുടെ സംരക്ഷണവും ക്ഷേമവും സംബന്ധിച്ചു നിയമപരമായി ഒരു തരത്തിലുള്ള അവ്യക്തതയ്ക്കും ഇടനല്കുന്നില്ല എന്ന വിലയിരുത്തലോടെയാണ് കഴിഞ്ഞ ജനുവരി 29ന് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ലോക്സഭയില്‍ വച്ചത്.മാതാപിതാക്കള്‍ക്കുള്ള ജീവനാംശം എന്നാല്‍ പണത്തിനു പുറമേ അവരുടെ സംരക്ഷണവും പരിചരണവുംകൂടി ഉറപ്പുവരുത്തുന്ന വ്യവസ്ഥകളാണ് ബില്ലില്‍ ഉള്ളതെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.
മാതാപിതാക്കളെയും മുതിര്‍ന്നവരെയും കരുതിക്കൂട്ടി പീഡിപ്പിക്കുകയും അവഗണിച്ച് ഉപേക്ഷിക്കുകയും ചെയ്യുന്ന മക്കള്‍ക്കും ബന്ധുക്കള്‍ക്കും ആറു മാസം തടവും പതിനായിരം രൂപയും ശിക്ഷ ഉറപ്പാക്കുന്നതാണ് ബില്ലിലെ വ്യവസ്ഥകള്‍. ഒന്നുകില്‍ തടവോ അല്ലെങ്കില്‍ പിഴയോ രണ്ടും ഒരുമിച്ചോ ലഭിക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ്. മെയിന്റനന്റ്സ് ആന്‍ഡ് വെല്‍ഫയര്‍ ഓഫ് പേരന്റ്സ് ആന്‍ഡ് സീനിയര്‍ സിറ്റിസണ്‍സ് ബില്‍ 2019. പുതിയ വ്യവസ്ഥയനുസരിച്ച് രക്ഷിതാക്കള്‍ക്ക് അവകാശപ്പെടാവുന്ന ജീവനാംശം പതിനായിരം രൂപ എന്ന പരിധി നീക്കിയിട്ടുണ്ട്. ജീവനാംശം നല്കുന്നതില് വീഴ്ച വരുത്തിയാല്‍ ഒരു മാസം തടവോ അല്ലെങ്കില്‍ ജീവനാംശം നല്‍കുന്നതുവരെ തടവുശിക്ഷയോ ലഭിക്കും. ജീവനാംശം എന്നത് മാതാപിതാക്കളുടെ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, ആരോഗ്യം, സുരക്ഷ എന്നിവകൂടി ഉള്‍പ്പെടുന്നതാണ്. ബില്ലിലെ നിര്‍വചനം അനുസരിച്ച് മാതാപിതാക്കള്‍ എന്നതില്‍ സ്വന്തം അച്ഛന്, അമ്മ, ദത്തെടുത്ത അച്ഛന്, അമ്മ, ഭാര്യയുടെ പിതാവും മാതാവും ഭര്‍ത്താവിന്റെ പിതാവും മാതാവും, മുത്തച്ഛനും മുത്തശ്ശിയും ഉള്‍പ്പെടുന്നു.
കരുതിക്കൂട്ടിയുള്ള ശാരീരികമോ വാക്കാലോ വികാരപരമായോ സാന്പത്തികമായോ ഉള്ള അധിക്ഷേപവും അവഗണനയും ബോധപൂര്‍വമുള്ള കൈയൊഴിയലും ശിക്ഷാര്‍ഹമായ കുറ്റമാകും. മാതാപിതാക്കളെ വൃദ്ധരെയും മര്‍ദിക്കുന്നതും മാനസിക വ്യഥയിലാക്കുന്നതും കുറ്റകരമാണ്. ഇത്തരത്തില്‍ ശിക്ഷാര്ഹരാകുന്നവരില് മക്കള്‍ക്ക് പുറമേ ദത്തെടുത്ത മകളുടെ ഭര്‍ത്താവ്, മകന്റെ ഭാര്യ, പേരക്കുട്ടികള്‍ എന്നിവരും കുറ്റക്കാരാകും.
60 ദിവസത്തിനുള്ളില്‍ തീര്‍പ്പുണ്ടാകും
80 വയസിനു മുകളിലുള്ളവര്‍ ജീവനാംശത്തിനും തുണയ്ക്കും വേണ്ടി നിര്‍ദിഷ്ട ട്രൈബ്യൂണലില്‍ അപേക്ഷ നല്കിയാല് 60 ദിവസത്തിനുള്ളില്‍ തീര്‍പ്പുണ്ടാക്കണമെന്നു ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. ബില്ലിലെ വ്യവസ്ഥ അനുസരിച്ച് ഒാരോ പോലീസ് സ്റ്റേഷനിലും സബ് ഇന്‍സ്പെക്ടര്‍ റാങ്കില്‍ കുറയാത്ത ഒരു നോഡല്‍ ഓഫീസറെ മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും ഇത്തരത്തിലുള്ള പരാതികള്‍ കൈകാര്യം ചെയ്യാന്‍ ചുമതലപ്പെടുത്തണം.
വയോജന ക്ഷേമത്തിനായി ഓരോ ജില്ലയിലും ഒരു പ്രത്യേക പോലീസ് യൂണിറ്റ് ഉണ്ടായിരിക്കണം. ഡിഎസ്പിയില്‍ കുറയാത്ത പോലീസ് ഉദ്യോഗസ്ഥന് ഈ യൂണിറ്റിന്റെ ചുമതല വഹിക്കണം. വൃദ്ധസദനങ്ങളുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും രജിസ്ട്രേഷന് നിര്‍ബന്ധമാക്കുന്നതും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു