ഉഡുപ്പി: മുസ്‌ലിം വിദ്യാര്‍ഥിനികള്‍ ഹിജാബ് ധരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ ഉഡുപ്പി പ്രി-യൂനിവേഴ്‌സിറ്റി ഗവണ്‍മെന്റ് കോളജ് നടപടിയില്‍ വിശദീകരണമാവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ (എന്‍എച്ച്‌ആര്‍സി) കര്‍ണാടക സര്‍ക്കാരിന് നോട്ടീസ് അയച്ചു. ഹിജാബ് ധരിച്ച് ക്ലാസ്സില്‍ കയറാന്‍ അനുവദിക്കാത്തതെ എട്ടു വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ള അവസരം നിഷേധിച്ച വിഷയത്തില്‍ ഇടപെട്ടു കൊണ്ടാണ് മനുഷ്യാവകാശ കമ്മീഷന്‍ നടപടി.
ഗുല്‍ബര്‍ഗ സ്വദേശി റിയാസുദ്ധീന്റെ പരാതിയിന്മേലാണ് കമ്മീഷന്‍ നടപടി സ്വീകരിച്ചത്. വിദ്യാര്‍ഥിനികളുടെ ‘വിദ്യാഭ്യാസത്തിനുള്ള അവകാശം’ ഹനിക്കപ്പെട്ടുവെന്നാണ് ഉന്നയിക്കപ്പെട്ട പരാതിയില്‍ നിന്ന് മനസ്സിലായതെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. അസ്വസ്ഥത ഉണ്ടാക്കുന്ന സംഭവമാണ് ഇതെന്നും ഇരയാക്കപ്പെട്ട വിദ്യാര്‍ഥികളുടെ മാനുഷിക അവകാശങ്ങള്‍ ലംഘിക്കപ്പെട്ടുവെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഉഡുപ്പി ജില്ലാ മജിസ്‌ട്രേറ്റിനും കര്‍ണാടക ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കുമാണ് കമ്മീഷന്‍ നോട്ടീസ് അയച്ചത്. ഇരു കൂട്ടരോടും നാല് ആഴ്ചയ്ക്കകം വിശദീകരണം നല്‍കാനും കമ്മീഷന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ഡിസംബര്‍ 31 മുതലാണ് ഉഡുപ്പിയിലെ പ്രി-യൂനിവേഴ്‌സിറ്റി ഗേള്‍സ് കോളജില്‍ മുസ്‌ലിം വിദ്യാര്‍ഥിനികള്‍ വിവേചനം നേരിടുന്നത്. കോളജില്‍ മതാനുഷ്ഠാനങ്ങള്‍ പാടില്ല എന്ന് ഉത്തരവിട്ടാണ് ഹിജാബ് ധരിച്ച് ക്ലാസ്സില്‍ പ്രവേശിക്കുന്നത് കോളജ് അധികൃതര്‍ വിലക്കിയത്. ഈ ഉത്തരവു പുറപ്പെടുവിച്ചതു മുതല്‍ 16നും 19നും ഇടയില്‍ പ്രായമുള്ള എട്ട് വിദ്യാര്‍ഥികള്‍ ക്ലാസില്‍ കയറാനാവാതെ പുറത്തിരുന്നാണ് പഠിക്കുന്നത്. ഡിസംബര്‍ 31 മുതല്‍ ഇവരുടെ ഹാജരും രേഖപ്പെടുത്തിയിട്ടില്ല. അറ്റന്‍ഡന്‍സിനു പുറമെ പ്രധാന പാഠഭാഗങ്ങളും തങ്ങള്‍ക്ക് നഷ്ടമായി എന്നും വിദ്യാര്‍ഥിനികള്‍ പറയുന്നു.