ബെംഗളൂരു : പരിസ്ഥിതി നിയമങ്ങൾ പാലിക്കാത്തതിന് സംസ്ഥാന വ്യാവസായിക വികസന ബോർഡിന് (കെഐഎ ഡിബി) ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി) 1.5 കോടി പിഴ വിധിച്ചു. തിപ്പഗൊഡനഹള്ളി അണക്കെട്ടിന് (ടിജിആർ) സമീപത്തെ ദൊപെട്ട ബല്ലാപുര വ്യവസായ മേഖലയിൽ ചട്ടം ലംഘിച്ച് വ്യവസായ ശാലകൾക്ക് അനുമതി നൽകിയതിനാണ് പിഴ.
ദൊഡബല്ലാപുര, ദേവനഹള്ളി താലൂക്കുകളിലായി 696 ഏക്കറിലാണ് വ്യവസായ മേഖല പ്രവർത്തിക്കുന്നത്.സംസ്ഥാന പരിസ്ഥിതി ആഘാതസമിതിയുടെ റിപ്പോർട്ട് പ്രകാരം ഇവിടെ ഗ്രീൻ, ഓറഞ്ച് കാറ്റഗറിയിൽപെടുന്ന വ്യവസായശാലകൾക്ക് മാത്രമാണ് അനുമതിയുള്ളത്.
എന്നാൽ ജലാശയത്തോട് ചേർന്നുള്ള സ്ഥലത്ത് റെഡ് കാറ്റഗറിയിൽ വ്യവസായശാലകൾക്ക് കെഐഎഡിബി 2019ൽ അനുമതി നൽകിയതായി പരിസ്ഥിതി സംഘടനകൾ പരാതി നൽകിയിരുന്നു. തുടർന്ന് എൻജിടി വിദഗ്ധ സമിതിയെ നിയമിച്ചു. ഇവർ നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് കെഐഡിബിയിൽ നിന്ന് പിഴ ഈടാക്കാൻ നടപടി സ്വീകരിച്ചത്.