ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. ഇന്നലെ 8,822 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 15 പേര് മരിച്ചു. കഴിഞ്ഞ ദിവസത്തേതിനെക്കാള്‍ 2,228 പേര്‍ക്കാണ് കൂടുതലായി രോഗബാധ. 5718 പേര് രോഗമുക്തരായി
ചൊവ്വാഴ്ച ഡല്‍ഹിയില്‍ മാത്രം 1,118 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പ്രതിദിനരോഗികളുടെ എണ്ണത്തില്‍ 80 ശതമാനമാണ് വര്‍ധനവ് ഉണ്ടായത്. മെയ് പത്തിന് ശേഷമുള്ള തലസ്ഥാനഗരിയിലെ ഏറ്റവും ഉയര്‍ന്ന വര്‍ധനവാണിത്. പരിശോധനകളുടെ എണ്ണം 8,700ല്‍ നിന്ന് 17,000മായി ഉയര്‍ന്നതാണ് രോഗികളുടെ എണ്ണം കൂടാന്‍ കാരണമെന്ന് ഡല്‍ഹി ആരോഗ്യമന്ത്രാലയം അറിയിച്ചു.
മഹാരാഷ്ട്രയിലും ഇന്നലെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായത്. മുംബൈയില്‍ മാത്രം 1,724 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേതിനെക്കാള്‍ രോഗികളുടെ എണ്ണത്തില്‍ 600ലധികമാണ് വര്‍ധന. അതിനിടെ മുംബൈയില്‍ ഒമൈക്രോണിന്റെ പുതിയ വകഭേദങ്ങള്‍ കണ്ടെത്തി. ബിഎ4, ബിഎ5 എന്നിവയാണ് കണ്ടെത്തിയത്.
കേരളത്തില്‍ ഇന്നലെ മൂവായിരത്തിലധികം പേരാണ് രോഗികള്‍. ഫെബ്രുവരി 26ന് ശേഷം രോഗികളുടെ എണ്ണം മൂവായിരം കടന്നത് ഇന്നലെയാണ്. കോവിഡ് രോഗികളുടെ വര്‍ധനവ് ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.