ബെംഗളൂരു • ചില വിഭാഗീയ സംഘടനകൾ മുന്നോട്ടു വച്ച ആവശ്യമാണെങ്കിൽ കൂടി, മദ്രസകളിൽ ദിവസവും ദേശീയ ഗാനം ആലപിക്കണമെന്ന നിർദേശം സ്വാഗതം ചെയ്ത് വഖഫ് ബോർഡ് ചെയർമാൻ എൻ.കെ മുഹമ്മദ് ശാഫി സഅദി. ദേശീയഗാനം ആരുടെ മേലും അടിച്ചേൽപ്പിക്കേണ്ട ഒന്നല്ല.ദേശഭക്തി വ്യക്തിക്കുള്ളിൽ നിന്നു വരണം. വിഭാഗീയതയും വി ദ്വേഷവും പ്രചരിപ്പിക്കുന്ന സംഘടനകളെ അകറ്റി നിർത്തുക തന്നെ വേണമെന്നും അദ്ദേഹം പറഞ്ഞു.
മദ്രസകളിൽ ദേശീയ ഗാനം സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും മാത്രം ആലപിച്ചാൽ പോര, നിത്യം ആലപിക്കണമെന്ന പ്രചാരണവുമായി തീവ്രഹിന്ദു സം ഘടനകൾ സജീവമായി രംഗത്തുണ്ട്.ഉത്തർ പ്രദേശ് സർക്കാർ നടപ്പാക്കിയതു പോലെ മദ്രസകളിൽ ക്ലാസ്സുകൾ ആരംഭിക്കുന്നതിനു മുന്നോടിയായി ദേശീയഗാനം നിർബന്ധമാക്കണമെന്നാണ് ഇവരുടെ ആവശ്യം.
ഇതേത്തുടർന്നാണ് വഖഫ് ബോർഡ് നിലപാട് വ്യക്തമാക്കിയത്. ശ്രീരാമസേന അധ്യക്ഷൻ പ്രമോദ് മുത്തലിക്കിനെ പോലുള്ളവർ ദേശീയതയെക്കുറിച്ചു പഠിപ്പിക്കേണ്ടതില്ല. മാതൃരാജ്യത്തെ സ്നേഹിക്കാൻ തന്നെയാണ് മുസ്ലിം മതവും പഠിപ്പിക്കുന്നതെന്നും മുഹമ്മദ് ശാഫി സഅദി പറഞ്ഞു.സംസ്ഥാനത്ത് വഖഫ് ബോർഡിനു കീഴിലുള്ള 1990 മദ്രസകളിലും ദേശീയ ഗാനം ആലപിക്കുന്നുണ്ട്. എന്നാൽ ചിലർ വിദ്വേഷം പ്രചരിപ്പിക്കുന്നതിൽ ഖേദമുണ്ടന്നും അദ്ദേഹം വ്യക്തമാക്കി.