ബെംഗളൂരു: ഡ്രൈവറുടെ പിറന്നാൾ യാത്രക്കാരെ അറിയിക്കുന്ന സംവിധാനവുമായി ടാക്സി, ഓട്ടോ ബുക്കിങ് ആപ്പായ നമ്മ യാത്രി. കഴിഞ്ഞദിവസം നേഹൽ മിശ്രയെന്ന യുവതിക്ക് ആപ്പിൽനിന്ന് സന്ദേശം ലഭിക്കുകയും അവർ സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് സാമൂഹികമാധ്യമത്തിൽ പങ്കുവെക്കുകയും ചെയ്തതോടെ സംവിധാനം വ്യാപകമായി ചർച്ചചെയ്യപ്പെട്ടിരുന്നു.ഡ്രൈവറുടെ പിറന്നാൾദിനത്തിൽ ആ വാഹനത്തിൽ കയറുന്ന മുഴുവൻ ആളുകൾക്കും സന്ദേശം ലഭിക്കുന്നതാണ് സംവിധാനം. വളരെ മികച്ച ഒരു ആശയമാണിതെന്നാണ് സാമൂഹികമാധ്യമങ്ങളിലുയരുന്ന കമന്റുകളിൽ ഭൂരിഭാഗവും.
മറ്റ് ടാക്സി ആപ്പുകളിൽനിന്ന് വ്യത്യസ്തമായി ഡ്രൈവർമാരുടെ സംഘടനയായ ഓട്ടോ ഡ്രൈവേഴ്സ് യൂണിയന്റെ നേതൃത്വത്തിലാണ് ഈ ആപ്പ് പ്രവർത്തിക്കുന്നത്.കമ്മിഷൻ ഈടാക്കാതെ യാത്രക്കാർ നൽകുന്ന തുക പൂർണമായും ഡ്രൈവർമാർക്ക് ലഭിക്കുന്നതാണ് ആപ്പിന്റെ പ്രത്യേകത.
ബി.ജെ.പി ബന്ധം ജെ.ഡി.എസ് എം.എല്‍.എമാര്‍ കൊഴിയുന്നത് തടയാനുള്ള ഗൗഡ നാടകം -മുഖ്യമന്ത്രി സിദ്ധരാമയ്യ
ജെ.ഡി.എസ് എം.എല്‍.എമാർ കൂട്ടത്തോടെ രാജിവെച്ച് പോവുന്നത് തടയാൻ ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ കളിച്ച നാടകമാണ് ബി.ജെ.പി ബന്ധമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഞായറാഴ്ച മാണ്ഡ്യയില്‍ പറഞ്ഞു.മലവള്ളിയില്‍ കോണ്‍ഗ്രസ് കണ്‍വെൻഷനില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.പാർട്ടി വട്ടപ്പൂജ്യമാവുമെന്ന് അദ്ദേഹം ഭയപ്പെടുന്നു.അടുത്ത ജന്മത്തില് മുസല്‍മാനായി പിറക്കണമെന്ന് ഒരു കാലത്ത് പറഞ്ഞയാളാണ് ദേവഗൗഡ. അങ്ങനെയുള്ള ഒരാള്‍ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കി. 2018ല്‍ 37 സീറ്റ് നേടിയ ജെ.ഡി.എസിന് 2023ല്‍ 18 സീറ്റുകള്‍ നഷ്ടമായി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ആ പാർട്ടിക്ക് 19 സീറ്റുകള്‍ മാത്രമാണ് നേടാനായത്.കൂപ്പൂകൈകളോടെ ഒറ്റക്കാര്യം മാത്രമാണ് ഗൗഡയോട് പറയാനുള്ളത്, സെക്യുലർ എന്ന ഭാഗം പാർട്ടിയുടെ പേരില്‍നിന്ന് ഒഴിവാക്കണം. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയ പാർട്ടി മതേതരമെന്ന് പറയുന്നത് അധാർമികമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു