ബംഗളൂരു: ഒലെ, ഉബര്‍ എന്നിവക്ക് പകരമായി ബംഗളൂരുവില്‍ ഓട്ടോ ഡ്രൈവര്‍മാരുടെ യൂനിയനുകളുടെ നേതൃത്വത്തില്‍ സ്വന്തമായി മൊബൈല്‍ യാത്രാ ആപ് പുറത്തിറക്കുന്നു.ഓട്ടോറിക്ഷ യൂനിയനായ എ.ആര്.ഡി.യു, ബെക്കന്‍ ഫൗണ്ടേഷന്റെ സഹായത്തോടെയാണ് ‘നമ്മ യാത്രി’ എന്ന പേരിലുള്ള ആപ് തയാറാക്കുന്നത്. ഇത് നവംബര്‍ ഒന്നിന് പുറത്തിറക്കും.
ഒലെ, ഉബര്‍ എന്നിവ യാത്രക്കാരില്‍നിന്ന് നൂറുരൂപ ഈടാക്കുമ്ബോള്‍ ഡ്രൈവര്‍ക്ക് 60 രൂപയാണ് നല്‍കുന്നത്. 40 രൂപ കമീഷനായി കമ്ബനികള്‍ ഈടാക്കുന്നു. നിരക്ക് കൂട്ടിയതോടെ 50 മുതല്‍ 60 ശതമാനം ആളുകളും ഓട്ടോകള്‍ വിളിക്കാതായി. ഇപ്പോള്‍ വാഹനം ഇല്ലാത്തവരും അടിയന്തര ആവശ്യങ്ങള്‍ക്ക് പോകുന്നവരും മാത്രമാണ് ഓട്ടോകള്‍ വിളിക്കുന്നത്. ഗതാഗതവകുപ്പിനോട് നിരവധി തവണ പരാതി ഉന്നയിച്ചെങ്കിലും പരിഹാരമുണ്ടാകാത്തതിനാലാണ് പുതിയ ആപ് പുറത്തിറക്കുന്നതെന്നും എ.ആര്.ഡി.യു പ്രസിഡന്റ് ഡി. രുദ്രമൂര്‍ത്തി പറഞ്ഞു.
‘നമ്മ യാത്രി’ ആപ്പിലൂടെ ഓട്ടോ വിളിക്കുമ്ബോള്‍ സര്‍ക്കാര്‍ നിശ്ചയിച്ച തുകയാണ് ഈടാക്കുക. എന്നാല്‍ 10 രൂപ പിക്അപ് ചാര്‍ജായി നല്‍കണം. രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ മെട്രോ സ്റ്റേഷനുകള്‍, വീടുകള്‍, ഓഫിസുകള്‍ എന്നിവക്കിടയിലുള്ള യാത്രക്ക് 40 രൂപയായി നിശ്ചയിക്കുമെന്നും അദ്ദേഹം പറഞ്ഞു.നേരത്തേ ബംഗളൂരുവില്‍ ഇത്തരം ആപ്പുകള്‍ പുറത്തിറക്കാന്‍ ശ്രമമുണ്ടായെങ്കിലും നടന്നിരുന്നില്ല.
2017ല്‍ ജെ.ഡി.എസിെന്റ നേതൃത്വത്തില്‍ ‘നമ്മ ടി.വൈ.ജി.ആര്’ എന്ന പേരില്‍ ആപ് പുറത്തിറക്കാനുള്ള ശ്രമങ്ങള്‍ നടന്നെങ്കിലും വിജയിച്ചില്ല. കഴിഞ്ഞ നവംബറില്‍ സംസ്ഥാനത്തെ ഓട്ടോറിക്ഷ നിരക്ക് സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. 2021ല്‍ കേരളത്തില്‍ കൊച്ചിയില്‍ ഇത്തരത്തില്‍ കേരള മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയും ബെക്കന്‍ ഫൗണ്ടേഷനും ചേര്‍ന്ന് യാത്രാ ആപ് പുറത്തിറക്കിയിരുന്നു. നിലവില്‍ കര്‍ണാടകയില്‍ ഓട്ടോകള്‍ക്ക് രണ്ടു കിലോമീറ്ററിനുള്ള നിരക്ക് 30 രൂപയാണ് . പിന്നീടുള്ള ഓരോ കിലോമീറ്ററിനും 15 രൂപ നല്‍കണം.
രാത്രി പത്തിനും പുലര്‍ച്ച അഞ്ചിനുമിടയിലുള്ള യാത്രക്ക് 50 ശതമാനം അധിക നിരക്കും ഉണ്ട്. ഓരോ യാത്രക്കാരനും 20 കിലോയുള്ള ബാഗേജ് സൗജന്യമായി ഓട്ടോയില്‍ കൊണ്ടുപോകാം. എന്നാല്‍, അധികമായി വരുന്ന ഓരോ 20 കിലോക്കും അഞ്ചുരൂപ വീതം നല്‍കണം. കാത്തുനില്‍ക്കുന്നതിന് ഓരോ 15 മിനിറ്റിനും അഞ്ചു രൂപ വീതവുമാണ് ഈടാക്കുക.
യാത്രക്കിടയിൽ പൊലീസ് സേവനം തേടാൻ വാഹനങ്ങളിൽ ‘സുരക്ഷ ബട്ടൺ’
സുരക്ഷിത യാത്ര ലക്ഷ്യമിട്ട് നടപ്പാക്കുന്ന ‘സുരക്ഷാമിത്ര’ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ രണ്ടര ലക്ഷത്തിലധികം വാഹനങ്ങളിൽ ജി.പി.എസ് ഘടിപ്പിച്ചു. യാത്രക്കിടെയുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങളിൽ സഹായം ഉറപ്പാക്കുകയാണ് പ്രധാന ലക്ഷ്യം. ‘നിർഭയ’ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് മോട്ടോർ വാഹന വകുപ്പ് സുരക്ഷാമിത്രയെന്ന നിരീക്ഷണ പദ്ധതിക്ക് തുടക്കമിട്ടത്. വാഹനങ്ങളിൽ ജി.പി.എസ് ഘടിപ്പിക്കുന്നതിനൊപ്പം സുരക്ഷ ബട്ടൺ (പാനിക് ബട്ടൺ) കൂടി ഘടിപ്പിക്കുന്നതിനാൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനാകും.
യാത്രക്കിടയിൽ അസ്വാഭാവിക സാഹചര്യങ്ങളുണ്ടായാൽ പൊലീസ് സേവനം തേടാൻ സുരക്ഷ ബട്ടൺ അമർത്തിയാൽ മതി. വാഹനത്തിന്റെ വലിപ്പം, ഉൾക്കൊള്ളുന്ന യാത്രക്കാരുടെ എണ്ണം തുടങ്ങിയവ കണക്കാക്കി രണ്ട് മുതൽ അഞ്ച് വരെ പാനിക് ബട്ടണുകളാണ് വാഹനങ്ങളിൽ ഘടിപ്പിക്കുന്നത്. അപായ സൂചന നൽകാൻ ഡ്രൈവറുടെ സീറ്റിന് സമീപവും പാനിക് ബട്ടൺ ഘടിപ്പിക്കുന്നുണ്ട്. സ്കൂൾ ബസുകൾ, കെ.എസ്.ആർ.ടി.സി, ആംബുലൻസ്, ട്രക്കുകൾ, ടാക്സി വാഹനങ്ങൾ തുടങ്ങിയവയിലാണ് ജി.പി.എസ് ഘടിപ്പിക്കുന്നത്.
വാഹനങ്ങളിൽ ഘടിപ്പിക്കുന്ന വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് ഡിവൈസ് വഴി കൺട്രോൾ റൂമിൽ സന്ദേശം ലഭിക്കുന്നതിനാൽ യാത്ര സദാസമയം നിരീക്ഷിക്കാനും വാഹനങ്ങൾ തുടർച്ചയായി അമിത വേഗത്തിലോടിയാൽ ഇക്കാര്യം വാഹന ഉടമയുടെ മൊബൈൽ നമ്പറിൽ അറിയിക്കാനും കഴിയും. പ്രതിമാസം 150ഓളം വാഹനങ്ങൾക്ക് അമിതവേഗം സംബന്ധിച്ച മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇത്തരത്തിൽ സന്ദേശം ലഭിക്കുന്ന വാഹനങ്ങൾ പിന്നീട് അമിതവേഗം നിയന്ത്രിക്കുന്നുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.