2021ഓഗസ്റ്റിൽ തുറന്ന കെങ്കേരി സ്റ്റേഷനിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയാണിത്. കെങ്കേരി കഴിഞ്ഞുള്ള ഒരേയൊരു സ്റ്റേഷനായ ചെല്ലഘട്ടയുടെയും ഇതിനു സമീപത്തായുള്ള മെട്രോ ഡിപ്പോയുടെയും നിർമാണം പുരോഗമിക്കുകയാണ്. ഈ സ്റ്റേഷൻ കൂടി തുറക്കുന്നതോടെ പർപ്പിൾ ലൈനിന്റെ നീളം 26.5 കിലോമീറ്ററാകും.
ഇഴയാൻ കാരണം നൈസ് റോഡ്
തിരക്കേറിയ നൈസ് റോഡിന് കുറുകെ പാതനിർമാണം വേണ്ടിവന്നതാണ് ചെല്ലഘട്ട സ്റ്റേഷൻ നിർമാണം വൈകാൻ ഇടയാക്കിയത്. ഭൂനിരപ്പിൽ നിന്ന് 18 മീറ്റർ ഉയരത്തിലാണ് റോഡിനു കുറുകെ മെട്രോ പാത. 56 മീറ്റർ നീളത്തിൽ ഉരുക്ക് കൊണ്ടുള്ള ഗർഡർ സ്ഥാപിച്ച് അതിനു മുകളിൽ കോൺക്രീറ്റ് വയഡക്റ്റ് ഉറപ്പിച്ചാണ് പാത നിർമാണം ആരംഭിച്ചത്. നൈസ് റോഡിലെ വാഹനപ്പെരുപ്പം കാരണം ഏറെ സമയമെടുത്താണ് ഇവിടെ പണി പുരോഗമിക്കുന്നത്. മൈസൂരു റോഡിലെ രാജരാജേശ്വരി നഗർ, ജ്ഞാനഭാരതി, പട്ടണഗരൈ, കെങ്കേരി ബസ് ടെർമിനൽ, കെങ്കേരി എന്നീ സ്റ്റേഷനുകളുള്ള പാതയിൽ ചെല്ലഘട്ട കൂടി വരുന്നതോടെ വ്യവസായ മേഖലയായ ബിഡദിയിലുള്ളവർക്കും നഗരയാത്ര കൂടുതൽ എളുപ്പമാകും.