ബെംഗളൂരു : നമ്മ മെട്രോ ഗ്രീൻ ലൈനിൽ പുതുതായി നിർമാണം പൂർത്തിയാക്കിയ നാഗസന്ദ്ര-മാധവാര പാതയിൽ ട്രെയിനുകളുടെ പരീക്ഷണ ഓട്ടം തുടങ്ങി. ഗ്രീൻലൈനിലെ അവസാന സ്റ്റേഷനായ നാഗസന്ദ്രയെയും പുതുതായി നിർമിച്ച മാധവാര സ്റ്റേഷനെയും ബന്ധിപ്പിച്ചാണ് പാത. 3.7 കിലോമീറ്റർ പാതയാണ് മെട്രോ സർവീസിന് തയ്യാറായിരിക്കുന്നത്. നിലവിൽ ഗ്രീൻ ലൈൻ നാഗസന്ദ്രയിലാണ് അവസാനിക്കുന്നത്.
ഇതാണ് മാധവാര വരെ നീട്ടുന്നത്.ശനിയാഴ്ചയാണ് പരീക്ഷണ ഓട്ടം തുടങ്ങിയത്. 25 കിലോമീറ്റർ വേഗത്തിലായിരുന്നു പരീക്ഷണ ഓട്ടം. മഞ്ജുനാഥനഗർ, ചിക്കബിദരകല്ലു, എന്നീ സ്റ്റേഷനുകളാണ് നാഗസന്ദ്രയ്ക്കും മാദവാരയ്ക്കും ഇടയിലുള്ളത്. ഈ സ്റ്റേഷനുകളിലൂടെ പരീക്ഷണ മെട്രോ ട്രെയിനുകൾ കടന്നുപോയി. പരീക്ഷണ ഓട്ടം വരുംദിവസങ്ങളിലും നീണ്ടുനിൽക്കും. സെപ്റ്റംബർ അവസാനത്തോടെ പാതയിലെ വാണിജ്യ സർവീസുകൾ ആരംഭിക്കുമെന്നാണ് പ്രതീക്ഷ.
നഗരത്തെ തുമകൂരു റോഡിലുള്ള ഇന്റർനാഷണൽ എക്‌സിബിഷൻ സെന്റുമായി(ബി.ഐ.ഇ.സി.)ബന്ധിപ്പിക്കുന്നതാണ പുതിയ പാത. ബി.ഐ.ഇ.സി.യിൽ നടക്കാറുള്ള സെമിനാറുകൾക്കും പ്രദർശനങ്ങൾക്കും എത്തിച്ചേരാൻ പാതയിൽ വാണിജ്യ സർവീസ് തുറക്കുന്നതോടെ എളുപ്പമാകും. 298 കോടി രൂപ ചെലവിലാണ് പാതയുടെ നിർമാണം പൂർത്തിയാക്കിയത്. ഇതോടെ നമ്മ മെട്രോയുടെ ആകെ ദൈർഘ്യം 76 കിലോമീറ്ററാകും. പുതിയ പാതയിലൂടെ ദിവസം 30,000 യാത്രക്കാർ സഞ്ചരിക്കുമെന്നാണ് ബി.എം.ആർ.സി.എൽ. കരുതുന്നത്. കഴിഞ്ഞദിവസം നമ്മ മെട്രോയിലെ പ്രതിദിന യാത്രക്കാർ ഒമ്പതേകാൽ ലക്ഷം പിന്നിട്ടിരുന്നു.