ബെംഗളൂരു: നമ്മ മെട്രോ ശിവാജിനഗർ- എംജി റോഡ് റീച്ചിലെ തുരങ്കപാതയുടെ നിർമാണം പൂർത്തിയായി. തുരങ്ക നിർമാണ യന്ത്രമായ അവനി ഉപയോഗിച്ചാണ് ശിവാജിനഗർ, എംജി റോഡ് മെട്രോ സ്റ്റേഷനുകളെ ബന്ധിപ്പിച്ചുള്ള പാതയുടെ നിർമാണം പൂർത്തിയാക്കിയത്. കഴിഞ്ഞ സെപ്റ്റംബറിലാണ് 1086 മീറ്റർ നീളമുള്ള തുരങ്കത്തിന്റെ നിർമാണം തുടങ്ങിയത്.
എംജി റോഡ് മുതൽ രാഷ്ടീയ മിലിറ്ററി സ്കൂൾ വരെയും കന്റോൺമെന്റ് മുതൽ പോട്ടറി ടൗൺ വരെയുമുള്ള ഭാഗത്തെ തുരങ്ക നിർമാണം പുരോഗമിക്കുകയാണ്. വാമിക, ഊർജ എന്നീ യന്ത്രങ്ങൾ ഉപയോഗിച്ചാണ് പ്രവൃത്തികൾ നടത്തുന്നത്. ശിവാജിനഗർ മുതൽ കന്റോൺമെന്റ് വരെയുള്ള ഭാഗത്തെ തുരങ്കപാത കഴിഞ്ഞ സെപ്റ്റംബറിൽ പൂർത്തിയായിരുന്നു. ഗൊട്ടിഗരെ – നാഗവാര വരെ നീളുന്ന പിങ്ക് ലൈനിൽ ഡയറി സർക്കിൾ മുതൽ നാഗവാര വരെയുള്ള 13 കിലോമീറ്റർ ദൂരമാണ് തുരങ്കപാതയുള്ളത്.