ബംഗളൂരു: അൾസൂർ വെങ്കടേശ്വര ക്ഷേത്രത്തിനു സമീപം അടിത്തറ തെളിഞ്ഞതിനെ തുടർന്ന് നമ്മ മെട്രോ തൂൺ അപകടാവസ്ഥയിൽ. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ബിബിഎംപി നട ത്തി വരുന്ന മഴവെള്ള ഓട നവീകരണത്തിനിടെയാണു തൂണിന്റെ അടിത്തറ പൂർണമായി തെളിഞ്ഞു വന്നത്.
സുരക്ഷ മുൻനിർത്തി ഈ ഭാഗങ്ങളിൽ മെട്രോ ട്രെയിനിന്റെ വേഗം കുറയ്ക്കാൻ ബിഎംആർസി നിർദേശിച്ചു. മണിക്കൂറിൽ 40-60 കിലോമീറ്റർ വേഗത്തിലാണ് ട്രെയിൻ ഓടുന്നത്. ഇവിടെ എത്തുമ്പോൾ പരമാവധി വേഗം മണിക്കൂറിൽ 5 കിലോമീറ്ററായി കുറയ്ക്കും.
എന്നാൽ തൂണിന്റെ ഉറപ്പിനെ ഇതു ബാധിച്ചിട്ടില്ലെന്ന് സ്ഥലം സന്ദർശിച്ചു പരിശോധന നടത്തിയ ബിഎംആർസി എംഡി അഞ്ജും പർവേസ് പറഞ്ഞു. ഓടയുടെ സമീപത്തായതിനാൽ തുണിന്റെ നിർമാണ ഘട്ടത്തിൽ തന്നെ ആഴത്തിൽ പൈൽ ചെയ്തിട്ടുണ്ടെന്നും പരമാവധി സുരക്ഷ ഉറപ്പാക്കി കൊണ്ടു ഓട നവീകരണം നടത്താൻ ബിബി എംപിയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.