ബെംഗളൂരു∙ ഇലക്ട്രോണിക് സിറ്റിയിലേക്കുളള നമ്മ മെട്രോ പാത ഡിസംബറിൽ തുറക്കുമെന്ന് ബിഎംആർസി. രാഷ്ട്രീയ വിദ്യാലയ റോഡ് (ആർ.വി റോഡ്) –ബൊമ്മസന്ദ്ര 19.5 കിലോമീറ്റർ പാത (യെല്ലോ ലൈൻ) 2 ഘട്ടമായി തുറക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇത് ഒറ്റഘട്ടമായി ഡിസംബറിൽ തുറക്കുമെന്ന് ബിഎംആർസി എംഡി അൻജും പർവേസ് പറഞ്ഞു. ഈ പാതയിലെ പാലങ്ങളുടെ നിർമാണം 90 ശതമാനവും പൂർത്തിയായി. 16 സ്റ്റേഷനുകളുടെ നിർമാണവും പാളം സ്ഥാപിക്കലും പൂർത്തിയാകാനുണ്ട്. ഒക്ടോബർ അവസാനത്തോടെ പരീക്ഷണ ഓട്ടം നടത്താനാകുമെന്നാണ് പ്രതീക്ഷ.
ഹൊസൂർ റോഡ് യാത്ര സുഗമമാകും:ഇലക്ട്രോണിക് സിറ്റിയിൽ നിന്ന് ഇന്റർചേഞ്ച് സ്റ്റേഷനായ ആർവി റോഡിലെത്തുന്ന യാത്രക്കാർക്ക് നാഗസന്ദ്ര–സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഗ്രീൻ ലൈനിലോടുന്ന ട്രെയിനിൽ മജസ്റ്റിക്കിലെത്താനാകും. ഗതാഗതക്കുരുക്കിന് കുപ്രസിദ്ധിയാർജിച്ച ഹൊസൂർ റോഡിലൂടെ മെട്രോ സർവീസ് ആരംഭിക്കുന്നതോടെ ഐടി മേഖലയായ ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള യാത്ര സുഗമമാകും.
ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ഡബിൾ ഡെക്കർ മേൽപാലത്തിന്റെ നിർമാണം സിൽക്ക് ബോർഡിന് സമീപം റാഗിഗുഡ്ഡയിൽ പുരോഗമിക്കുകയാണ്. നേരത്തെ സിൽക്ക് ബോർഡ് മുതൽ ബൊമ്മസന്ദ്ര വരെയുള്ള പാത ആദ്യം തുറക്കാനാണ് ബിഎംആർസി തീരുമാനിച്ചിരുന്നത്. എന്നാൽ ഇത് യാത്രക്കാർക്ക് ഗുണകരമാവില്ലെന്ന് കണ്ടതോടെയാണ് ഒറ്റഘട്ടമായി തുറക്കാൻ തീരുമാനിച്ചത്.
സ്റ്റേഷനുകളിൽ കൂടുതൽ കിയോസ്കുകൾ :നമ്മ മെട്രോയുടെ 24 സ്റ്റേഷനുകളിൽ ലഘുഭക്ഷണങ്ങളും പാനീയങ്ങളും സൗന്ദര്യവർധക വസ്തുക്കളും ലഭ്യമാക്കുന്ന കിയോസ്കുകൾ സ്ഥാപിക്കാൻ ടെൻഡർ ക്ഷണിച്ച് ബിഎംആർസിഎൽ. ടിക്കറ്റിതര വരുമാനം വർധിപ്പിക്കാനാണിത്. 24 മെട്രോ സ്റ്റേഷനുകളിലായി 1, 55,034 ചതുരശ്ര അടിയാണ് ഇതിനായി കൈമാറുന്നത്. ലഘുഭക്ഷണശാലകൾ, സ്റ്റാർട്ട് അപ്പ് സംരംഭങ്ങൾ, ബ്യൂട്ടി സലൂണുകൾ എന്നിവയാണ് നിലവിൽ മെട്രോ സ്റ്റേഷനുകളിൽ പ്രവർത്തിക്കുന്നത്.
സിദ്ധിഖിന്റെ കൊലപാതകം:**ഹണി ട്രാപ്പെന്ന് സ്ഥിരീകരിച്ച് പൊലീസ്
മലപ്പുറം: തിരൂർ സ്വദേശിയായ ഹോട്ടലുടമയായ സിദ്ദിഖിനെ കൊലപ്പെടുത്തിയ സംഭവം ഹണി ട്രാപ്പെന്ന് പൊലീസ്. ഫർഹാനയെ മുൻനിർത്തി ഹണി ട്രാപ്പ് ഒരുക്കിയാണ് സിദ്ധിഖിനെ ഹോട്ടലിലേക്ക് എത്തിച്ചത്. മെയ് 18 ന് ഹോട്ടലിലെത്തിയ സിദ്ധിഖിനെ കൊലപ്പെടുത്തുകയായിരുന്നു. സിദ്ധിഖ് പ്രതിരോധിക്കുകയാണെങ്കിൽ മർദ്ദിക്കാൻ കൈയ്യിൽ കത്തിയും ചുറ്റികയും അടക്കമുള്ള ആയുധങ്ങൾ കരുതിയിരുന്നുവെന്നും പൊലീസ് സ്ഥിരീകരിച്ചു. കൊലപാതകത്തിൽ മൂന്ന് പേർക്കും പങ്കുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
മലപ്പുറം എസ് പി സുജിത് ദാസാണ് വിവരങ്ങൾ പുറത്തുവിട്ടത്. പൊലീസ് തുടക്കം മുതൽ ഹണി ട്രാപ്പ് കൊലപാതകമെന്ന് സംശയിച്ചത് ശരിയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെ രാത്രി മലപ്പുറത്ത് എത്തിച്ചത് മുതൽ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് നിർണായക വിവരങ്ങൾ പൊലീസിന് കിട്ടിയത്. സിദ്ധിഖിനെ ഫർഹാനയ്ക്ക് ഒപ്പം നഗ്നനാക്കി നിർത്തി ഫോട്ടോയെടുത്ത് പണം തട്ടാനായിരുന്നു ഷിബിലിയുടെയും ഫർഹാനയുടെയും ആഷിഖിന്റെയും പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.
മുറിയിൽ വെച്ച് നഗ്നനാക്കി ഫോട്ടോയെടുക്കാൻ ശ്രമിച്ചപ്പോൾ തർക്കമുണ്ടായി. ഇതിനിടയിൽ മൂന്ന് പേരും താഴെ വീണു. ഈ സമയത്ത് ഫർഹാനയുടെ കൈയ്യിലെ ചുറ്റിക ഉപയോഗിച്ച് ഷിബിലി സിദ്ധിഖിന്റെ തലയ്ക്ക് ആഞ്ഞടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ആഷിഖ് ഈ സമയത്ത് സിദ്ധിഖിന്റെ നെഞ്ചിൽ ആഞ്ഞ് ചവിട്ടി. വാരിയെല്ലുകൾ തകർന്നു. ശ്വാസകോശം മുറിവേൽക്കുകയും ചെയ്തു.സിദ്ധിഖ് മരിച്ച ശേഷം പ്രതികൾ കോഴിക്കോട് നിന്ന് ട്രോളി ബാഗ് വാങ്ങി. എന്നാൽ മൃതദേഹം ഒരു ബാഗിൽ ഒതുങ്ങിയില്ല.
തുടർന്ന് തൊട്ടടുത്ത ദിവസം കോഴിക്കോട് നിന്ന് ഇലക്ട്രിക് കട്ടറും മറ്റൊരു ട്രോളി ബാഗും വാങ്ങി. ഹോട്ടൽ മുറിയിലെ ശുചിമുറിക്കകത്ത് വെച്ച് മൃതദേഹം വെട്ടിമുറിച്ച് ബാഗിലാക്കുകയായിരുന്നു. പിന്നീട് മെയ് 19 നാണ് മൃതദേഹം അട്ടപ്പാടിയിലെ കൊക്കയിൽ കൊണ്ടുപോയി തള്ളിയത്.