Home Featured ബെംഗളൂരു: നമ്മ മെട്രോ പർപ്പിൾ ലൈനിൽ നിയന്ത്രണം നീട്ടി.

ബെംഗളൂരു: നമ്മ മെട്രോ പർപ്പിൾ ലൈനിൽ നിയന്ത്രണം നീട്ടി.

ബെംഗളൂരു: ബൈയപ്പനഹള്ളി- കെ.ആർ. പുരം, കെങ്കേരി-ചല്ലഘട്ട മെട്രോ പാതകൾ പ്രവർത്തനസജ്ജമാക്കുന്നതിനുള്ള അവസാനഘട്ടപ്രവൃത്തികൾ നടക്കുന്നതിനാൽ പർപ്പിൾ ലൈനിൽ മൂന്നുദിവസംകൂടി രണ്ടുമണിക്കൂർ സർവീസ് തടസ്സപ്പെടും.ബൈയപ്പനഹള്ളി-സ്വാമി വിവേകാനന്ദ സ്റ്റേഷനുകൾക്കിടയിലും കെ.ആർ. പുരം-വൈറ്റ്ഫീൽഡ് സ്റ്റേഷനുകൾക്കിടയിലും വ്യാഴം, വെള്ളി ദിവസങ്ങളിലാണ് പുലർച്ചെ അഞ്ചുമുതൽ ഏഴുവരെ സർവീസ് തടസ്സപ്പെടുന്നത്. സ്വാമി വിവേകാനന്ദ മെട്രോ സ്റ്റേഷൻമുതൽ കെങ്കേരി സ്റ്റേഷൻവരെ പതിവുപോലെ സർവീസുണ്ടാകുമെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ.) അറിയിച്ചു.

14-ന് പുലർച്ചെ അഞ്ചിനും ഏഴിനും ഇടയിൽ വിജയനഗർ മെട്രോ സ്റ്റേഷനും കെങ്കേരി സ്റ്റേഷനും ഇടയിൽ സർവീസ് ഉണ്ടാകില്ല. ബൈയപ്പനഹള്ളി മെട്രോ സ്റ്റേഷൻമുതൽ വിജയനഗർ സ്റ്റേഷൻവരെ പതിവുപോലെ സർവീസുണ്ടാകുമെന്നും അധികൃതർ അറിയിച്ചു. രാവിലെ ഏഴിനുശേഷം ബൈയപ്പനഹള്ളിയിൽനിന്ന് കെങ്കേരിവരെ സർവീസ് നടത്തും. ഗ്രീൻലൈനിൽ മെട്രോ തടസ്സപ്പെടില്ല. പുതുതായി തുറക്കുന്ന ബൈയപ്പനഹള്ളി-കെ.ആർ. പുരം പാതയുടെയും കെങ്കേരി-ചല്ലഘട്ട പാതയുടെയും സിഗ്നലിങ് ഉൾപ്പെടെയുള്ള ജോലികൾ നടക്കുന്നതിനാലാണ് സർവീസ് തടസ്സപ്പെടുന്നതെന്ന് ബി.എം.ആർ.സി.എൽ. അറിയിച്ചു. നേരത്തേ ജൂലായ് 10 മുതൽ ബുധനാഴ്ചവരെയായിരുന്നു ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. നിർമാണപ്രവൃത്തികൾ തീരാത്തതിനാലാണ് നിയന്ത്രണം നീട്ടിയത്.

പാട്ടുകേൾക്കാൻ ഹെഡ്‌ഫോൺ നിർബന്ധം:നമ്മ മെട്രോയിൽ യാത്രചെയ്യുന്നവർ പാട്ടുകേൾക്കാനും വീഡിയോ കാണാനും ഹെഡ്‌ഫോൺ ഉപയോഗിക്കണമെന്ന് ബി.എം.ആർ.സി.എൽ. അറിയിച്ചു. ഹെഡ്‌ഫോണില്ലാതെ പാട്ടുകേൾക്കുന്നത് മറ്റു യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നതായി പരാതി ഉയർന്ന സാഹചര്യത്തിലാണ് നിർദേശം.ഇതുസംബന്ധിച്ച് യാത്രക്കാരെ ബോധവത്കരിക്കാൻ ചൊവ്വാഴ്ച ബി.എം.ആർ.സി.എൽ. ഉദ്യോഗസ്ഥർ മെട്രോ കോച്ചുകളിൽ സഞ്ചരിച്ചു. ചില യാത്രക്കാർ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുവെക്കുന്നത് സഹയാത്രികർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണ്. ഹെഡ്‌ഫോണില്ലാതെ പാട്ടു കേൾക്കുന്നത് കർണാടക ആർ.ടി.സി. ബസുകളിൽ നേരത്തേ വിലക്കുണ്ട്.

സ്പെഷൽ ട്രെയിനിൽ ടിക്കറ്റുകൾ ബാക്കി:ബയ്യപ്പനഹള്ളി എസ്എംവിടി–കൊച്ചുവേളി ഓണം സ്പെഷൽ ട്രെയിനിൽ ടിക്കറ്റുകൾ ബാക്കിയാണ്. ബയ്യപ്പനഹള്ളി–കൊച്ചുവേളി സ്പെഷലിൽ (06084) 23നു സ്‌ലീപ്പറിൽ മാത്രമാണ് ടിക്കറ്റ് വെയ്റ്റിങ് ലിസ്റ്റിലേക്ക് നീണ്ടത്. എസി ത്രിടയറിൽ ഇന്നലെ രാത്രി 8 വരെ 881 സീറ്റുകൾ ബാക്കിയാണ്. 30, സെപ്റ്റംബർ 6 ദിവസങ്ങളിൽ എസിയിലും സ്‌ലീപ്പറിലും ടിക്കറ്റുകൾ ഇനിയും ബാക്കിയുണ്ട്. കൊച്ചുവേളി–ബയ്യപ്പനഹള്ളി സ്പെഷലിൽ (06083) 22, 29, സെപ്റ്റംബർ 5 ദിവസങ്ങളിൽ സ്‌ലീപ്പറിലെ ടിക്കറ്റുകൾ വെയ്റ്റിങ് ലിസ്റ്റിലാണ്. ഇതേ സമയം 3 ദിവസവും എസിയിൽ 890 ടിക്കറ്റുകൾ ബാക്കിയാണ്. സ്പെഷൽ ട്രെയിനിൽ 16 തേഡ് എസി കോച്ചുകളുള്ളപ്പോൾ 2 സ്‌ലീപ്പർ കോച്ചുകൾ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. സ്പെഷൽ ഫെയർ ട്രെയിനായതിനാൽ തിരക്കേറുന്നതിനനുസരിച്ച് ടിക്കറ്റ് നിരക്ക് 30 ശതമാനം വരെ ഉയരും.

You may also like

error: Content is protected !!
Join Our WhatsApp Group