ബെംഗളൂരു: കനത്ത ഗതാഗത കുരുക്കിനെ മറികടക്കാൻ വൻ നഗരങ്ങളില്‍ കൂടുതല്‍ ആളുകളും പൊതുഗതാഗത സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കാലമാണിത്.അത്തരത്തില്‍ ഇപ്പോഴിതാ നമ്മ മെട്രോയില്‍ യാത്രക്കാരുടെ തിരക്ക് വർധിച്ചുവരുന്ന സാഹചര്യത്തില്‍, തിരക്കും കാത്തിരിപ്പ് സമയവും കുറയ്ക്കുന്നതിനായി പുതിയ ട്രെയിൻ സെറ്റുകള്‍ രംഗത്തിറക്കാൻ ഒരുങ്ങുകയാണ് ബെംഗളൂരു മെട്രോ റെയില്‍ കോർപ്പറേഷൻ ലിമിറ്റഡ്.നിലവിലുള്ള പർപ്പിള്‍, ഗ്രീൻ ലൈനുകളിലെ സേവനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം, അടുത്ത വർഷം ഘട്ടം ഘട്ടമായി പ്രവർത്തനം ആരംഭിക്കുന്ന പിങ്ക്, ബ്ലൂ ഇടനാഴികളിലേക്കും പുതിയ ട്രെയിനുകള്‍ കൊണ്ട് വരാൻ കോർപ്പറേഷൻ ആസൂത്രണം ചെയ്യുന്നുണ്ട്. നിലവില്‍, നമ്മ മെട്രോയുടെ പർപ്പിള്‍, ഗ്രീൻ ലൈനുകളിലായി ആകെ 57 ട്രെയിൻ സെറ്റുകളാണ് സർവീസ് നടത്തുന്നത്.പക്ഷേ അത് ഒരു തരത്തിലും പര്യാപ്തമല്ലെന്നതാണ് യാഥാർഥ്യം. ചില സമയങ്ങളില്‍ ട്രെയിനുകളില്‍ വൻതോതിലുള്ള തിരക്ക് അനുഭവപ്പെടാറുണ്ട്.ഇത് യാത്രക്കാരെ പ്ലാറ്റ്ഫോമുകളില്‍ ദീർഘനേരം കാത്തുനില്ക്കാൻ നിർബന്ധിതരാക്കുന്ന സാഹചര്യമാണ് നിലവില്‍. പ്രത്യേകിച്ചും മജസ്റ്റിക് ഇന്റർചേഞ്ച് സ്റ്റേഷനില്‍, വൻതിരക്ക് കാരണം യാത്രക്കാർക്ക് ചിലപ്പോള്‍ 30 മിനിറ്റ് വരെ ട്രെയിനിനായി കാത്തിരിക്കേണ്ടി വരുന്ന സാഹചര്യമുണ്ട്.
ഈ തിരക്ക് കുറയ്ക്കുന്നതിനായി ബിഎംആർഎല് ഈ വർഷം മെയ്-ജൂണ്‍ മാസത്തോടെ മൂന്ന് അധിക ട്രെയിനുകള്‍ കൂടി സർവീസിനായി എത്തിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം പർപ്പിള്‍ ലൈനിലേക്ക് ഒരു ട്രെയിൻ കൂടി ചേർത്തിരുന്നു, ഗ്രീൻ ലൈനിനായുള്ള മറ്റൊരു ട്രെയിൻ ഈ മാസം ആദ്യം എത്തിയിട്ടുണ്ട്.സിഗ്നലിംഗ് ഇന്റഗ്രേഷൻ, ട്രാക്ഷൻ പരിശോധനകള്‍, സ്പീഡ് ട്രയലുകള്‍ എന്നിവയുള്‍പ്പെടെ 37-ലധികം സാങ്കേതിക പരിശോധനകള്‍ക്ക് ശേഷമാണ് ഈ ട്രെയിനുകള്‍ യാത്രക്കാർക്കായി തുറന്നുകൊടുക്കുക.മെട്രോ അതോറിറ്റി 2019-ല്‍ ചൈനീസ് റോളിംഗ് സ്റ്റോക്ക് നിർമ്മാതാക്കളായ സിആർആർസിയുമായി 1578 കോടി രൂപയ്ക്ക് 36 ട്രെയിൻ സെറ്റുകള്‍ക്ക് കരാർ ഒപ്പിട്ടു.ഇതില്‍ 15 ട്രെയിനുകള്‍ യെല്ലോ ലൈനിനും 21 എണ്ണം പർപ്പിള്‍, ഗ്രീൻ ലൈനുകള്‍ക്കുമാണ്.ഇപ്പോള്‍ ലഭിച്ച രണ്ട് പ്രോട്ടോടൈപ്പുകളില്‍ ഒന്ന് പർപ്പിള്‍ ലൈനിനായുള്ള ഡിറ്റിജി സിഗ്നലിംഗ് ട്രെയിനും, മറ്റൊന്ന് ഡ്രൈവറില്ലാ ഓപ്പറേഷൻ സാധ്യമാക്കുന്ന യെല്ലോ ലൈനിനായുള്ള സിബിടിസി ട്രെയിനുമാണ് എന്നതാണ് പ്രധാന കാര്യം.യെല്ലോ ലൈനിലേക്ക് ഏഴ് ഡ്രൈവറില്ലാ ട്രെയിനുകളും പർപ്പിള്‍, ഗ്രീൻ ലൈനുകളിലേക്ക് ഓരോ ട്രെയിനും കമ്പനി ഇതിനകം എത്തിച്ചു. എന്നാല്‍ 26 ട്രെയിൻ സെറ്റുകള്‍ ഇനിയും ലഭിക്കാനുണ്ട്. പുതിയ ഇടനാഴികളുടെ ആവശ്യം നിറവേറ്റാൻ ബെംഗളൂരു ആസ്ഥാനമായുള്ള ബിഇഎംഎല്ലിനും മെട്രോ അധികൃതർ ഓർഡർ നല്‍കിയിട്ടുണ്ട്. ഇതൊക്കെയും എത്തുന്നതോടെ ബെംഗളൂരു മെട്രോയുടെ ശേഷി കൂടുമെന്നും യാത്രക്കാരെ കൂടുതലായി വഹിക്കാമെന്നുമാണ് കരുതുന്നത്.അടുത്തകാലത്തായി കൂടുതല്‍ ഉപഭോക്താക്കളും ആശ്രയിക്കുന്നത് ബെംഗളൂരു നമ്മ മെട്രോയെ തന്നെയാണ്. അതിന്റെ കാരണമായി വിലയിരുത്തുന്നത് റോഡ് ഗതാഗതത്തിലെ പോരായ്മകളും അതുപോലെയുള്ള തടസങ്ങളും ഒക്കെയാണ്. അതുകൊണ്ട് കൂടിയാണ് മെട്രോയുടെ വികസനം പ്രഥമ പരിഗണനയായി യാത്രക്കാർ മുന്നോട്ട് വയ്ക്കുന്നത്.