ന്യൂയോർക്ക്∙ പണമടച്ച് ബ്ലൂടിക് വെരിഫിക്കേഷൻ നേടിയ ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിലെ വിവരങ്ങൾ ഇടയ്ക്കിടെ മാറ്റാൻ സാധിക്കില്ലെന്ന് മെറ്റ പ്ലാറ്റ്ഫോംസ്. ഒരു തവണ വെരിഫൈ ചെയ്ത അക്കൗണ്ടിലെ പ്രൊഫൈൽ പേര്, യൂസർ നെയിം, ചിത്രം, ജനനത്തീയതി എന്നിവയിൽ മാറ്റം വരുത്താൻ അനുവദിക്കില്ല. അങ്ങനെ ചെയ്യണമെങ്കിൽ നിലവിലെ സബ്സ്ക്രിപ്ഷൻ ക്യാൻസൽ ചെയ്തു, വീണ്ടും പണം അടച്ച് അക്കൗണ്ട് ആദ്യം മുതൽ വെരിഫൈ ചെയ്യണം.
അതേസമയം നിലവിലെ സബ്സ്ക്രിപ്ഷൻ ക്യാൻസൽ ചെയ്യാതെ തന്നെ വീണ്ടും വെരിഫിക്കേഷൻ നടത്തുന്നതിനുള്ള ഫീച്ചർ പരീക്ഷണഘട്ടത്തിലാണെന്നും റിപ്പോർട്ടുണ്ട്. 18 വയസ്സ് തികഞ്ഞവർക്കാണ് മെറ്റ വെരിഫൈഡ് സേവനം ലഭിക്കുക. അപേക്ഷയ്ക്കൊപ്പം നൽകുന്ന സർക്കാർ തിരിച്ചറിയൽ രേഖയിലെ ഫോട്ടോ ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം എന്നിവയിലെ പ്രൊഫൈൽ ചിത്രവുമായി ചേർന്നുപോകുന്നതാകണം. കൂടുതൽ വ്യവസ്ഥകൾ ഈ ആഴ്ച പ്രസിദ്ധീകരിക്കുമെന്നും മെറ്റ അറിയിച്ചു. ഓസ്ട്രേലിയയിലും ന്യൂസീലൻഡിലുമാണ് സേവനം ആദ്യഘട്ടത്തിൽ നൽകുക.
ഒന്നാം ക്ലാസ്സ് പ്രവേശനത്തിന് ആറു വയസ്സെന്ന മാനദണ്ഡം: കേന്ദ്ര നിര്‍ദേശം പാടെ തള്ളില്ലെന്ന് വി.ശിവൻകുട്ടി
തിരുവനന്തപുരം: ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറു വയസ് തികയണമെന്ന മാനദണ്ഡം സംസ്ഥാനത്ത് നടപ്പാക്കുക കൂടിയാലോചനകൾക്ക് ശേഷം മാത്രമായിരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. ആറ് വയസ്സ് തികഞ്ഞ കുട്ടികൾക്ക് മാത്രമേ ഒന്നാം ക്ലാസ്സിൽ പ്രവേശനം നൽകാവൂ എന്ന ചട്ടം കര്‍ശനമായി പാലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും കര്‍ശന നിര്‍ദേശം നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസമന്ത്രിയുടെ പ്രതികരണം.
കേന്ദ്ര നിർദ്ദേശം പാടെ തള്ളുന്നില്ലെന്ന് വ്യക്തമാക്കിയ ശിവൻകുട്ടി നിർദേശം നടപ്പിലാക്കണമെങ്കിൽ പാഠപുസ്തകങ്ങളിൽ അടക്കം മാറ്റം വരുത്തേണ്ടതായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാര്‍ ഇങ്ങനെയൊരു നിര്‍ദേശം തന്ന കാര്യം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത് അതല്ലാതെ ഔദ്യോഗികമായി യാതൊരു നിര്‍ദേശവും ലഭിച്ചിട്ടില്ല. ഇക്കാര്യത്തിൽ കേരളത്തിന്റെ സാഹചര്യം കൂടി പരിഗണിച്ചു മാത്രമേ അന്തിമ തീരുമാനം എടുക്കൂ.