നാഗ ചൈതന്യയും ശോഭിത ധൂലിപാലയും വിവാഹിതരാവുന്നു. ഇരുവരുടെയും വിവാഹ നിശ്ചയ ചിത്രങ്ങൾ നാഗാർജുന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ശോഭിതയെ തങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും ജീവിതകാലം മുഴുവൻ സ്നേഹത്തോടെയും സന്തോഷത്തോടെയും ഇരുവരും ജീവിക്കട്ടെയെന്നും നാഗാർജുന ആശംസിച്ചിട്ടുണ്ട്.
ഇന്ന് രാവിലെയായിരുന്നു നടൻ നാഗ ചൈതന്യയും നടി ശോഭിത ധൂലിപാലയും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. നാഗ ചൈതന്യയുടെ പിതാവും നടനുമായ നാഗാർജുന തന്നെയാണ് ചടങ്ങിന്റെ ചിത്രങ്ങള്‍ പങ്കുവച്ച്, ആരാധകരെ വിവരം അറിയിച്ചത്.രണ്ട് വർഷത്തോളം നീണ്ടുനിന്ന ഡേറ്റിംഗിന് ശേഷമാണ് ഇരുവരും ഒന്നിക്കാൻ തീരുമാനിച്ചത്. വിവാഹ നിശ്ചയത്തിന് നാഗ ചൈതന്യ ഈ ദിനം തന്നെ എന്തുകൊണ്ട് തിരഞ്ഞെടുത്തു എന്നതിനെക്കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചർച്ച.
മുൻ ഭാര്യയായ സമാന്ത നാഗ ചൈതന്യയെ പ്രപ്പോസ് ചെയ്തത് വർഷങ്ങള്‍ക്ക് മുമ്ബുള്ള ഒരു ഓഗസ്റ്റ് എട്ടിനാണെന്ന് കണ്ടെത്തിയിരിക്കുകയാണ് ചില ആരാധകർ.ദീർഘനാളത്തെ പ്രണയത്തിനൊടുവില്‍ 2017ലാണ് സമാന്തയും നാഗ ചൈതന്യയും വിവാഹിതരായത്. ഭർത്താവിന്റെ പേര് സമാന്ത ടാറ്റു ചെയ്യുകയും ചെയ്തു. ഉത്തമ ദമ്ബതികള്‍ എന്ന് ആരാധകർ കരുതിയിരുന്ന സമാന്തയും നാഗ ചൈതന്യയും തങ്ങളുടെ നാലാം വിവാഹ വാർഷികത്തിന് തൊട്ടുമുമ്ബാണ് വേർപിരിയല്‍ പ്രഖ്യാപിച്ചത്.
2021ല്‍ വിവാഹ മോചനം നേടിയതിന് പിന്നാലെ സമാന്ത സിനിമയില്‍ സജീവമായി. അധികം വൈകാതെ തന്നെ നാഗ ചൈതന്യയും ശോഭിതയും തമ്മില്‍ ഡേറ്റിംഗ് ആണെന്ന രീതിയില്‍ റിപ്പോർട്ടുകളും പ്രചരിച്ചു. എന്നാല്‍ ഇരുവരും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല.നാഗ ചൈതന്യയുടെയും ശോഭിതയുടെയും വിവാഹ നിശ്ചയ വാർത്ത പ്രചരിച്ചതിന് പിന്നാലെ സമാന്തയുടെ പ്രതികരണം തേടുകയാണ് ആരാധകർ. ഇതുമായി ബന്ധപ്പെട്ട വാർത്തകള്‍ക്കടിയില്‍ ഇരുവർക്കും സമാന്ത ആശംസ അറിയിച്ചോ എന്നൊക്കെ ചോദിച്ച് കമന്റുകള്‍ വരുന്നുണ്ട്. വിഷയത്തില്‍ ഇതുവരെ സമാന്ത പ്രതികരിച്ചിട്ടില്ല