മൈസൂറില്‍ ദസറ ആഘോഷത്തിനിടയില്‍, മൈസൂറു മഹാരാജാവും കുടക്-മൈസൂറു ബിജെപി എംപിയുമായ യദുവീർ കൃഷ്ണദത്ത ചാമരാജ വഡിയാറിന്റെ കുടുംബത്തിന് സന്തോഷവാർത്ത.വെള്ളിയാഴ്ച രാവിലെ 8.45 ന് മൈസൂരു യാദവഗിരിയിലെ ആശുപത്രിയില്‍ അദ്ദേഹത്തിന്റെ ഭാര്യ തൃശിക കുമാരി ദേവി രണ്ടാമത്തെ മകന് ജന്മം നല്കി.ദസറയുടെ തിരക്കേറിയ ദിവസങ്ങളില്‍, കൊട്ടാരത്തിലെ ജംബോ സവാരി റിഹേഴ്സല്‍, പൊലീസ് ബാൻഡ് വാദ്യ സംഘത്തിന്റെ സംഗീത സായാഹ്നം, കൊട്ടാരത്തിലെ സരസ്വതി പൂജകള്‍ തുടങ്ങി ഒട്ടുമിക്ക പരിപാടികളിലും തൃശിക കുമാരി ദേവി യദുവീറിനൊപ്പം ഉണ്ടായിരുന്നില്ല.
മകൻ ആദ്യവീർ നരസിംഹ രാജ വഡിയാർ എല്ലായിടത്തും കൂട്ടായി ഉണ്ടായിരുന്നു.പ്രസവം, മരണം എന്നിവ സംഭവിച്ചാല്‍ അനുഷ്ഠിക്കേണ്ട ആചാരങ്ങള്‍ മഹാരാജാവിനേയും കുടുംബത്തേയുംദസറ ആഘോഷങ്ങളില്‍ നിന്ന് അകറ്റുമോ എന്ന സംശയം പ്രചരിച്ചിരുന്നു. എന്നാല്‍ രാജകുടുംബത്തിന് അത്തരം ആചാരങ്ങള്‍ ബാധകമല്ലെന്ന വിശദീകരണവും വരുന്നു. ശനിയാഴ്ചയാണ് ദസറ ആഘോഷങ്ങളുടെ ഏറ്റവും ആകർഷകമായ ആനകള്‍ അണിനിരക്കുന്ന ജംബോ സവാരി.
മൈസൂറു ദസറയുടെ മാജിക്:മൈസൂറു ദസറ, ഇന്ത്യയിലെ ഏറ്റവും വലിയ ദസറ ആഘോഷങ്ങളിലൊന്നാണ്. ദേവീ ദുർഗയെ ആരാധിക്കുന്ന ഈ ഉത്സവം കേരളത്തിലെ ഓണം പോലെ കർണാടകയിലെ ഒരു പ്രധാന ആഘോഷമാണ്. രാജവംശത്തിന്റെ തിളക്കമാർന്ന പൈതൃകവും സമ്ബന്നമായ സംസ്കാരവും ഒന്നിച്ചു കാണാൻ കഴിയുന്ന ഒരു അനുഭവമാണിത്.ദസറയുടെ ഹൈലൈറ്റ് ആനകളുടെ അണിനിരത്തലാണ്. അലങ്കരിച്ച ആനകള്‍ വലിയൊരു ഘോഷയാത്രയില്‍ പങ്കെടുക്കുന്നു. കൊട്ടാരത്തിലെ വിവിധ കലാപരിപാടികള്‍, ഭക്ഷണമേളകള് തുടങ്ങി ദസറ ആഘോഷങ്ങളില്‍ പലതരം പരിപാടികളുണ്ട്. ദസറയുടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി ശ്രീ ചാമുണ്ഡേശ്വരി ദേവിയുടെ വിഗ്രഹം ചാമുണ്ഡി മലയില്‍ നിന്ന് മൈസൂറു കൊട്ടാരത്തിലേക്ക് ഘോഷയാത്രയായി കൊണ്ടുവന്നു.
ദേവിയെ കെഎസ്ഐസി പ്രത്യേകം നെയ്ത രാജകീയ നീല മൈസൂർ പട്ടുസാരിയില്‍ അലങ്കരിച്ചു. മൈസൂറു ജില്ലാ ചുമതലയുള്ള മന്ത്രി എച്ച്സി മഹാദേവപ്പ, മൈസൂരു ഡിസി ജി ലക്ഷ്മികാന്ത് റെഡ്ഡി എന്നിവരുടെ നേതൃത്വത്തിലുള്ള മൈസൂരു ദസറ എക്സിക്യൂട്ടീവ് കമ്മിറ്റി ദേവിയുടെ വിഗ്രഹം ഏറ്റുവാങ്ങി. അശ്വരോഹി ദുർഗ്ഗാ അലങ്കാരത്തില്‍ പുഷ്പങ്ങളാല്‍ അലങ്കരിച്ച ദേവിയുടെ വിഗ്രഹത്തിന് ചാമുണ്ഡി കുന്നിലെ മുഖ്യ പുരോഹിതൻ ശ്രീ ശശിശേഖര ദീക്ഷിത് പ്രത്യേക പൂജ നടത്തിയ ശേഷം രാവിലെ 8.30 ഓടെ ഘോഷയാത്ര ആരംഭിച്ചു.യദുവീർ എംപിയുടെ കുടുംബത്തിലെ പുതിയ അംഗത്തിന്റെ വരവ് മൈസൂറു രാജവംശത്തിന്റെ പുതിയ തലമുറയുടെ തുടക്കമായി കണക്കാക്കപ്പെടുന്നു. രാജകുടുംബങ്ങള്‍ ഇന്ന് പഴയതുപോലെ അധികാരത്തില്‍ ഇല്ലെങ്കിലും, ഇന്ത്യയിലെ സാംസ്കാരിക പൈതൃകത്തില്‍ അവർ ഇപ്പോഴും ഒരു പ്രധാന പങ്ക് വഹിക്കുന്നു. മൈസൂറു രാജകുടുംബം ഇതിന് ഒരു ഉദാഹരണമാണ്.