മൈസൂരു : ആയിരങ്ങളെ സാക്ഷിയാക്കിനടന്ന വർണശബളമായ ജംബൂസവാരിക്കും ടോർച്ച്ലൈറ്റ് പരേഡിനുമൊടുവിൽ പത്തുദിനം നീണ്ട മൈസൂരു ദസറയ്ക്ക് സമാപനം. ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെ മുഖ്യമന്ത്രി സിദ്ധരാമയ്യ മൈസൂരു കൊട്ടാരത്തിനുമുന്നിൽ തയ്യാറാക്കിയ മണ്ഡപത്തിൽനിന്ന് ആനപ്പുറത്ത് എഴുന്നള്ളിച്ച ചാമുണ്ഡേശ്വരി വിഗ്രഹത്തിൽ പുഷ്പാർച്ചന നടത്തിയതോടെയാണ് ജംബൂസവാരിക്ക് തുടക്കമായത്. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മന്ത്രി എച്ച്.ഡി. മഹാദേവപ്പ്, മൈസൂരു രാജകുടുംബത്തിലെ നിലവിലെ കിരീടാവകാശി യദുവീർ കൃഷ്ണദത്ത ചാമരാജ വോഡയാർ എന്നിവരും ക്ഷണിക്കപ്പെട്ട മറ്റു അതിഥികളും പങ്കെടുത്തു.
കൊട്ടാരത്തിൽനിന്ന് തുടങ്ങിയ ജംബൂസവാരി അഞ്ചരക്കിലോമീറ്റർ സഞ്ചരിച്ച് ബെന്നിമണ്ഡപത്തിൽ അവസാനിച്ചു. 14 ആനകൾ അണിനിരന്നു. അഭിമന്യു എന്ന ആനയാണ് സുവർണ സിംഹാസനത്തിൽ സ്ഥാപിച്ച ചാമുണ്ഡേശ്വരി വിഗ്രഹമേറ്റിയത്. നാലാംതവണയാണ് അഭിമന്യു 750 കിലോയോളം ഭാരമുള്ള വിഗ്രഹമേറ്റുന്നത്.31 ജില്ലകളുംസർക്കാർവകുപ്പുകളും ചേർന്ന് തയ്യാറാക്കിയ 49 നിശ്ചലദൃശ്യങ്ങളും കലാകാരന്മാരുടെ 95 സംഘങ്ങൾ അവതരിപ്പിച്ച കലാരൂപങ്ങളും ജംബൂസവാരിക്ക് നിറപ്പകിട്ടേകി.
സവാരിക്കുശേഷം ടോർച്ച്ലൈറ്റ് പരേഡും കരിമരുന്നുപ്രയോഗവും നടന്നു.സമാപനച്ചടങ്ങിൽ പങ്കെടുക്കാൻ ആയിരക്കണക്കിനാളുകളാണെത്തിയത്. ജംബൂസവാരി കാണാൻ നഗരത്തിലെ വിവിധഭാഗങ്ങളിൽ പ്രത്യേക സൗകര്യമൊരുക്കിയിരുന്നു. കൊട്ടാരത്തിൽമാത്രം 25,000 ഇരിപ്പിടങ്ങളാണ് തയ്യാറാക്കിയത്.
പനിയില്‍ വിറങ്ങലിച്ച് കേരളം; മുൻവര്‍ഷത്തേക്കാള്‍ രോഗികള്‍ കൂടുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനിയും വൈറല്‍ പനിയും വ്യാപിക്കുന്നു. ഈ മാസം ഇതുവരെ 998 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഡെങ്കിപ്പനിയും എലിപ്പനിയും വൈറല്‍ പനിയും ബാധിച്ച് ഈ മാസം പതിമൂന്ന് മരണവും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ഒരാഴ്ചക്കിടെ അമ്പതിനായിരത്തിനടുത്ത് ആളുകള്‍ പനിബാധിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സതേടി.പത്ത് മാസത്തിനിടെ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയത് 32,453 പേര്‍. 11,804 പേര്‍ക്ക് ഡെങ്കി സ്ഥിരീകരിച്ചു. 41 മരണം ഡെങ്കിമൂലമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചപ്പോള്‍ 105 പേരുടെ മരണം ഡെങ്കി ലക്ഷണങ്ങളോടെയാണ്.
ഇക്കഴിഞ്ഞ ദിവസങ്ങളിലും ആശുപത്രികളില്‍ എത്തുന്ന ഒട്ടുമിക്ക രോഗികള്‍ക്കും ഡെങ്കി ലക്ഷണങ്ങളുണ്ട്.രാജ്യത്ത് ഏറ്റവും അധികം ഡെങ്കി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തിലാണ്. മുന്‍വര്‍ഷങ്ങളിലുണ്ടായതിനേക്കാള്‍ വലിയ തോതില്‍ ഇത്തവണ ഡെങ്കി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഡെങ്കിയുടെ തീവ്രവ്യാപനം ഇല്ലെന്ന് ആരോഗ്യവകുപ്പ് പറയുമ്പോഴും മുന്‍കരുതല്‍ നടപടികള്‍ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. മഴക്കാലം ശക്തിപ്രാപിച്ചതോടെ രോഗികള്‍ ഇനിയും ഉയര്‍ന്നേക്കും. പലരും സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് മുന്നില്‍ മണിക്കൂറുകള്‍ കാത്തുനില്‍ക്കുകയാണ്.
കൊതുക് നശീകരണമടക്കമുള്ള പ്രവൃത്തികള്‍ കാര്യക്ഷമമായി നടക്കാത്തതും രോഗികള്‍ ഉയരാന്‍ കാരണമായിട്ടുണ്ട്. ഡെങ്കിക്കൊപ്പം എലിപ്പനിയും വൈറല്‍ പനിയും പിടിപെടുന്നുണ്ട്. 1661 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. 66 മരണവും എലിപ്പിനി മൂലമുണ്ടായി. ഈ വര്‍ഷം ഇതുവരെ 23,43, 886 പേര്‍ സാധാരണ പനി ബാധിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടി.