ഒക്ടോബറില്‍ നടക്കുന്ന ദസറ ആഘോഷങ്ങള്‍ക്കായി മുന്നൊരുക്കം തുടങ്ങി. ഒക്ടോബർ മൂന്നിന് മൈസൂരു ദസറയും നാലിന് ശ്രീരംഗപട്ടണ ദസറയും 12ന് മംഗളൂരു ദസറയും നടക്കും.മൈസൂരു ദസറ ഇത്തവണ വൻ ആഘോഷമാക്കാനാണ് കർണാടക സർക്കാർ തീരുമാനം. ദസറ ദീപാലങ്കാരം മൂന്നാഴ്ചത്തേക്ക് തുടരും. അംബാവിലാസ് കൊട്ടാരവും മൈസൂരു നഗര വീഥികളും 21 ദിവസം ദീപപ്രഭയില്‍ തിളങ്ങും. ഒക്ടോബർ മൂന്നിന് രാവിലെ 9.15ന് ചാമുണ്ഡി ഹില്‍സില്‍ ആഘോഷങ്ങള്‍ക്ക് ഔദ്യോഗിക തുടക്കമാവും. ദസറ പ്രദർശന നഗരിയിലെ എക്സിബിഷൻ, യുവദസറ തുടങ്ങിയവയും ഉദ്ഘാടനത്തോടെ ആരംഭിക്കും.
കർണാടക സർക്കാറിന്റെ നേട്ടങ്ങള്‍ ചിത്രീകരിക്കുന്ന പ്രത്യേക പവലിയനുകളുമുണ്ടാകും. 40 കോടി രൂപയാണ് ദസറ ആഘോഷത്തിനായി സർക്കാർ അനുവദിച്ചിരിക്കുന്നത്. ദസറയുടെ വിജയത്തിനായി 19 ഉപ കമ്മിറ്റികള്‍ രൂപവത്കരിച്ചു. ദസറയുടെ പ്രധാന ആകർഷണമായ ജംബോ സവാരി 12ന് നടക്കും. ചാമുണ്ഡി ദേവിയുടെ 650 കിലോ വരുന്ന സ്വർണ സിംഹാസനം ഗജവീരൻ അഭിമന്യൂ പല്ലക്കിലേറ്റും. ജംബോ സവാരിക്കായി 18 ആനകളെയാണ് ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്തത്.
ഇതില്‍ 14 ആനകളാണ് സവാരിയില്‍ അണിനിരക്കുക. കുടകിലെ മത്തിഗൊഡു, ദുബാരെ ക്യാമ്ബുകളില്‍ നിന്നാണ് ആനകളുടെ വരവ്. 18 ആനകളെയും മൈസൂരു കൊട്ടാരത്തിലേക്ക് നയിക്കുന്ന ഗജപായന ചടങ്ങ് ബുധനാഴ്ച ഹുൻസൂരിലെ വീരനഹൊസഹള്ളിയില്‍ നടക്കും. ഒക്ടോബർ നാലിന് ആരംഭിക്കുന്ന ശ്രീരംഗപട്ടണ ദസറ ആഘോഷം നാലുദിവസത്തോളം നീളുമെന്ന് മാണ്ഡ്യ ജില്ല ചുമതലയുള്ള മന്ത്രി എൻ. ചലുവരായ സ്വാമി പറഞ്ഞു. നാടൻ കലാകാരന്മാരുടെ സാംസ്കാരിക പരിപാടികള്‍ ആഘോഷത്തിന് മാറ്റേകും. കായിക മത്സരങ്ങള്‍, യോഗ, കുട്ടികളുടെ ദസറ എന്നിങ്ങനെ വിവിധ പരിപാടികള്‍ ഉണ്ടാകും. ആഘോഷ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ ഉടൻ രൂപവത്കരിക്കുമെന്ന് മന്ത്രി അറിയിച്ചു.