ബെംഗളൂരു: കോവിഡ് പശ്ചാത്തലത്തിൽ ലളിതമായ ചടങ്ങുകളോടെ 412- മത് മൈസൂരു ദസറക്ക് തുടക്കമായി. മുൻ കർണാടക മുഖ്യമന്ത്രിയും മുൻ കേന്ദ്ര മന്ത്രിയുമായ എസ്.എം. കൃഷ്ണ ദസറ ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. ചാമുണ്ഡി മലയിലായിരുന്നു ഉദ്ഘാടന ചടങ്ങുകൾ.
സുരക്ഷാ നിയന്ത്രണങ്ങളുടെ ഭാഗമായി ആഘോഷങ്ങൾ വെട്ടിച്ചുരുക്കിയെങ്കിലും ഉദ്ഘാടന ചടങ്ങുകൾ ദസറയുടെ പാരമ്പര്യം വിളിച്ചോതി. മുഖ്യമന്ത്രി ബസവരാജ് ബാബൈ, മൈസൂരു എം.പി. പ്രതാപ് സിംഹ, മന്ത്രിമാർ, എം.എൽ.എ മാർ തുടങ്ങി 40 ഓളം ഉന്നതർ ചടങ്ങിൽ പങ്കെടുത്തു. കലാപരിപാടികൾ ഒഴികെ മറ്റെല്ലാ ചടങ്ങുകളും പതിവുപോലെ നടന്നു. പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടായിരുന്നില്ല.ഒമ്പത് ദിവസം നീണ്ടുനിൽക്കുന്ന ദസറയിൽ പങ്കെടുക്കുന്നതിന് പൊതുജനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. യൂട്യൂബ്, ഫേസ് ബുക്ക് തുടങ്ങിയ സാമൂഹ മാധമങ്ങളിലൂടെ ആഘോഷങ്ങളുടെ തത്സമയ സംപ്രേക്ഷണം ഉണ്ടാവും. ദസറ ആഘോഷങ്ങളുടെ ചടങ്ങുകളിൽ പ്രധാനപ്പെട്ട ജംബോ സവാരി ഒക്ടോബർ 15 നാണ്.