ബെംഗളൂരു: ക്ഷേത്രങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന മേളകളിലും ഉത്സവ പരിപാടികളിലും സാധനങ്ങൾ വിറ്റഴിക്കുന്നതിൽ മുസ്ലിം വ്യാപാരികൾക്കു വിലക്ക് ഏർപ്പെടുത്തിയതിനെതി രെ പ്രതിഷേധമുയരുന്നു. ഹിജാബ് വിവാദം പരാമർശിച്ചാണു ചില ക്ഷേത്രങ്ങളിൽ ബാനറുകൾ ഉയർത്തിയത്. മറ്റു ചിലയിടങ്ങളിൽ വഴിവാണിഭം നടത്താനുള്ള ടെൻഡറുകൾക്ക് ഹിന്ദുക്കൾ മാത്രം അപേക്ഷിച്ചാൽ മതിയെന്നു നോട്ടിസിൽ തന്നെ വ്യക്തമാക്കുന്നു. പുത്തൂരിലെ മഹാലിംഗേ ശ്വര, ദക്ഷിണകന്നഡയിലെ ബപ്പനാഡു ശ്രീ ദുർഗ പരമേശ്വരി തുടങ്ങി തീരദേശ കർണാടകയിലെ വിവിധ ക്ഷേത്രങ്ങളിലാണു വിലക്ക്.
മതസാഹോദര്യവും സഹിഷ്ണുതയും തകർക്കുന്ന തരത്തിൽ വളരെ പ്രകോപനപരമായ വാക്കുകളാണു ബാനറുകളിൽ ഉള്ളതെന്നു വിവിധ സംഘടനകൾ ആരോപിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു. മേളയുടെ ഭാഗമായി വഴിയോരത്തു കച്ചവടം നടത്തുന്നതു തടയുന്നതി നെതിരെ നടപടി വേണമെന്നു കോൺഗ്രസ് എംഎൽഎ യു.ടി. ഖാദർ നിയമസഭയിൽ ആവശ്യ പ്പെട്ടു. 2002ൽ കോൺഗ്രസ് സർക്കാർ പാസാക്കിയ ഹിന്ദു റിലീജിയസ് ഇൻസ്റ്റിറ്റ്യൂഷൻസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ്സ് ആക്ട് പ്രകാരം അഹിന്ദുക്കൾക്ക് ക്ഷേത്ര പരിസരത്തു വ്യാപാരം നടത്താനാകില്ലെന്നാണു ചട്ടമെന്നു മുഖ്യമന്ത്രി പ്രതികരിച്ചു. ക്ഷേത്രപരിസരത്തല്ല വിലക്കെങ്കിൽ നടപടിയെടുക്കുമെന്നും വ്യ ക്തമാക്കി.